Sanju Samson
Sanju Samson

ഇന്ത്യൻ ടീം പ്രഖ്യാപനം ഉടൻ; സഞ്ജു ലോകകപ്പ് കളിക്കുമോ?

സഞ്ജു സാംസൺ പതിവിലേറെ സ്ഥിരത പുലർത്തിയ സീസണിൽ സാധ്യത വർധിച്ചിട്ടുണ്ടെങ്കിലും, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരും മികച്ച പ്രകടനങ്ങളുമായി അവകാശമുന്നയിക്കുന്നുണ്ട്

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം മേയ് ഒന്നിനകം പ്രഖ്യാപിക്കും. രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർക്ക് ടീമിൽ ഇടം ഉറപ്പിക്കാം. സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിൽ വിമർശനം നേരിടുന്നുണ്ടെങ്കിലും റൺ വാരിക്കൂട്ടുന്ന വിരാട് കോലിക്കും ഇടം പ്രതീക്ഷിക്കാം.

ബുംറയുടെ സഹ പേസർമാരുടെ കാര്യത്തിലും ബാക്കപ്പ് സ്പിന്നർമാരുടെയും കാര്യത്തിൽ ആശങ്കയുണ്ട്. എന്നാൽ, വിക്കറ്റ് കീപ്പറായി ആരു വരും എന്ന കാര്യത്തിൽ ധാരാളിത്തത്തിന്‍റെ പ്രശ്നമാണ് സെലക്റ്റർമാർക്കു മുന്നിലുള്ളത്. സഞ്ജു സാംസൺ പതിവിലേറെ സ്ഥിരത പുലർത്തിയ സീസണിൽ സാധ്യത വർധിച്ചിട്ടുണ്ടെങ്കിലും, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരും മികച്ച പ്രകടനങ്ങളുമായി അവകാശമുന്നയിക്കുന്നുണ്ട്.

കോലിയോ സഞ്ജുവോ?

Sanju Samson with Virat Kohli
Sanju Samson with Virat Kohli

വിരാട് കോലിയുടെ സെലക്ഷനും സഞ്ജുവിന്‍റെ സ്ഥാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാം. കോലി ഇല്ലെങ്കിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക സഞ്ജുവും സൂര്യയുമാകും. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായാണ് കോലിയെ ടീമിലെടുക്കുന്നതെങ്കിലും ഈ സാധ്യത നിലനിൽക്കുന്നു.

അതേസമയം, ഫോം വീണ്ടെടുത്ത യശസ്വി ജയ്സ്വാൾ ഓപ്പണറായി തിരിച്ചെത്തുകയും കോലി ടീമിലുണ്ടാകുകയും ചെയ്താൽ, മൂന്നാം നമ്പറിലായിരിക്കും കോലി കളിക്കുക. അങ്ങനെയൊരു സാഹചര്യത്തിൽ സൂര്യ നാലാം നമ്പർ ഉറപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിൽ സഞ്ജുവിന്‍റെ സാധ്യത മങ്ങും.

കോലിയുമായുള്ള താരതമ്യം അനീതിയാണെങ്കിലും, നേടിയ റണ്ണിൽ കോലിയെക്കാൾ പിന്നിലാണെങ്കിലും, സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് കോലിയെക്കാൾ മുകളിലാണ്, മത്സരഫലത്തിലുണ്ടാക്കിയ ഇംപാക്റ്റിലും മുന്നിൽ സഞ്ജു തന്നെ.

ഋഷഭ് പന്തോ സഞ്ജുവോ?

Sanju Samson with Rishabh Pant
Sanju Samson with Rishabh Pant

സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ എന്നതിലുപരി ആശ്രയിക്കാവുന്ന ബാറ്ററായി സഞ്ജുവിനെ കാണുന്നതിനാലാണ് ഇത്തരം കോംബിനേഷനുകൾ ചർച്ച ചെയ്യേണ്ടി വരുന്നത്. ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് വന്നാൽ സഞ്ജുവിന്‍റെ ബാറ്റിങ് പൊസിഷൻ അനുസരിച്ചുള്ള റോളുകൾ മാത്രമായിരിക്കും പരിഗണിക്കപ്പെടുക. രാഹുലും കിഷനും ഐപിഎല്ലിൽ ഓപ്പണർമാരാണ്. രോഹിതും കോലിയും ജയ്സ്വാളുമെല്ലാം ഫോമിലായതിനാൽ അങ്ങനെയൊരു റോളിലേക്ക് നാലാമതൊരാളെ പരിഗണിക്കേണ്ട ആവശ്യവുമില്ല. ഈ സാഹചര്യത്തിലാണ് മധ്യനിരയിലെ മത്സരം സഞ്ജുവും ഋഷഭ് പന്തും തമ്മിലാകാൻ സാധ്യത തെളിയുന്നത്.

സഞ്ജു മൂന്നാം നമ്പറിലിറങ്ങി ആങ്കർ റോളാണ് കൈകാര്യം ചെയ്യുന്നത്. ഫലത്തിൽ ടോപ് ഓർഡർ ബാറ്റർ എന്ന റോൾ തന്നെയാണുള്ളത്. എന്നാൽ, ഋഷഭ് പന്ത് വ്യക്തമായും മധ്യനിര ബാറ്ററായി കളിക്കുകയും ഫിനിഷ് റോൾ കൂടി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. കോലി മൂന്നാം നമ്പറിൽ കളിക്കുന്ന ഒരു ബാറ്റിങ് ഓർഡറിൽ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്താനുള്ള സാധ്യത വർധിക്കുന്നതിനു കാരണം ഇതാണ്.

കെ.എൽ. രാഹുലോ സഞ്ജുവോ?

Sanju Samson with KL Rahul
Sanju Samson with KL Rahul

ലോവർ മിഡിൽ ഓർഡറിൽ ഫിനിഷറായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് പരിഗണനയിൽ വരാനിടയുള്ളത്. ഇതിൽ ദുബെ മാത്രമാണ് ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഋഷഭ് പന്ത് ഉണ്ടെങ്കിലും രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ കെ.എൽ. രാഹുലോ ടീമിലെത്താൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഇവരിലൊരാൾ അഞ്ചാം നമ്പറിലും ഋഷഭ് ആറാം നമ്പറിലും ഇറങ്ങും.

സീസണിലെ റൺവേട്ടയിൽ സഞ്ജുവും രാഹുലും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ, സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിൽ സഞ്ജു ഏറെ മുന്നിലാണ്. വിക്കറ്റിനു പിന്നിൽ നിന്നുള്ള ഡിആർഎസ് തീരുമാനങ്ങളും ശ്രദ്ധേയമായിരുന്നു.

ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് ഫോമിലല്ലാത്ത സാഹചര്യത്തിൽ ഏഴാം നമ്പർ രവീന്ദ്ര ജഡേജയ്ക്ക് ഏറെക്കുറെ ഉറപ്പിക്കാം. തുടർന്നുള്ള നാലു സ്ഥാനങ്ങളിലേക്ക് ബുംറയും കുൽദീപും കൂടാതെ രണ്ടു ബൗളർമാർ കൂടി എത്തും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com