

ടീം ദക്ഷിണാഫ്രിക്ക
ഗുവഹാത്തി: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. ബുധനാഴ്ച നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ 125 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മരിസാനെ കാപ്പ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 320 റൺസ് വിജയലക്ഷ‍്യം ഇംഗ്ലണ്ടിനു മറികടക്കാൻ സാധിച്ചില്ല. 42.3 ഓവറിൽ ഇംഗ്ലണ്ട് കൂടാരം കയറി. 76 പന്തിൽ 6 ബൗണ്ടറിയും 1 സിക്സും ഉൾപ്പടെ 64 റൺസ് നേടിയ നതാലി സ്കിവർ ബ്രന്‍റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. നതാലിക്ക് പുറമെ ആലിസ് ക‍്യാപ്സിക്ക് മാത്രമാണ് അർധസെഞ്ചുറി നേടാനായത്. ഡാന്നിയേല വ‍്യാട്ട് 34 റൺസും ലിൻസി സ്മിത്ത് 27 റൺസും നേടി. മറ്റു ഇംഗ്ലണ്ട് താരങ്ങളെല്ലാരും നിരാശപ്പെടുത്തി.
ലോറ വോൾവാർഡ്
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലോറ വോൾവാർഡിന്‍റെ മികച്ച സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ടിനു മുന്നിൽ കൂറ്റൻ വിജയലക്ഷ‍്യം പടുത്തുയർത്തിയത്. 143 പന്തിൽ 20 ബൗണ്ടറിയും 4 സിക്സറും അടക്കം 169 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണിങ്ങിറങ്ങിയ ലോറ മത്സരത്തിന്‍റെ 48-ാം ഓവറിലാണ് പുറത്തായത്.
ലോറയുടെ സെഞ്ചുറിയുടെ മികവിൽ വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ബുധനാഴ്ച ഗുവഹാത്തിയിൽ പിറന്നത്. വ‍്യാഴാഴ്ച ഇന്ത‍്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികൾ ദക്ഷിണാഫ്രിക്കയെ നേരിടും.