
ദുബായ്: യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒക്ടോബർ 3 ന് തുടക്കമാകും. ദുബായ് ഷാർജ എന്നിവിടങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപ്പിൽ രണ്ട് ഗ്രൂപ്പുകളിലായി 10 ദേശിയ വനിതാ ടീമുകൾ പങ്കെടുക്കും. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് എ: ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്താൻ, ശ്രീലങ്ക
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 ന് ഷാർജയിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ബംഗ്ളാദേശ് സ്കോട് ലണ്ടിനെ നേരിടും.
വെള്ളിയാഴ്ച വൈകീട്ട് 6 ന് ന്യൂസീലൻഡുമായാണ് ഇന്ത്യൻ വനിതകളുടെ ആദ്യ മത്സരം. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്‌ടോബർ ആറിന് ഉച്ച കഴിഞ്ഞ് 2 ന് ദുബായിൽ നടക്കും. ആദ്യ സെമിഫൈനൽ മത്സരം പതിനേഴാം തിയതി ദുബായിലും, രണ്ടാം സെമി 18 ന് ഷാർജയിലും നടക്കും. 20 ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.
ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ക്യാപ്റ്റൻ. ആശ ശോഭന, സജന സജീവൻ എന്നീ മലയാളി താരങ്ങളും 15 അംഗ ഇന്ത്യൻ ടീമിൽ ഉണ്ട്.
രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യൻ വനിതകൾ വെള്ളിയാഴ്ച ന്യൂസിലൻഡിനെ നേരിടുന്നത്. ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 20 റൺസിനും രണ്ടാമത്തേതിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.