കൗമാര വസന്തം: ഇന്ത്യ അണ്ടർ 19 വനിതാ ലോകകപ്പ് ഫൈനലിൽ

ശക്തരായ ഇംഗ്ലണ്ടിനെതിരേ രണ്ടാം സെമി ഫൈനലിൽ അനായാസ വിജയമാണ് ഇന്ത്യൻ പെൺകുട്ടികൾ കുറിച്ചത്. ഓസ്ട്രേലിയയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെ എതിരാളികൾ.
G Kamalini
ജി. കമാലിനി
Updated on

ക്വലാലംപുർ: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ കൗമാര വസന്തം വിളംബരം ചെയ്തുകൊണ്ട് ഇന്ത്യ അണ്ടർ 19 പെൺകുട്ടികൾ ടി20 ലോകകപ്പിന്‍റെ ഫൈനലിൽ സ്ഥാനമുറപ്പിച്ചു. മലേഷ്യയിൽ നടക്കുന്ന ഐസിസി അണ്ടർ-19 വനിതാ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ, ശക്തരായ ഇംഗ്ലണ്ടിനെതിരേ ഒമ്പത് വിക്കറ്റിന്‍റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയ ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഇന്ത്യയുടെ ഇതിരാളികൾ.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അബി നോർഗോവെ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. അവർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തപ്പോൾ, ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം നേടി.

ഓപ്പണർ ഡാവിന പെറിൻ (45), ക്യാപ്റ്റൻ നോർഗോവെ (30), അമു സുരേൻകുമാർ (14*) എന്നിവരൊഴികെ ഒരു ഇംഗ്ലണ്ട് ബാറ്റർക്കും രണ്ടക്ക സ്കോർ പോലും നേടാനായില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലെഫ്റ്റ് ആം സ്പിന്നർമാർ പരുണിക സിസോദിയയും വൈഷ്ണവി ശർമയുമാണ് ഇന്ത്യയുടെ ബൗളിങ് ആക്രമണം നയിച്ചത്.

ടീമിലെ മൂന്നാമത്തെ ലെഫ്റ്റ് ആം സ്പിന്നർ ആയുഷി ശുക്ല രണ്ട് വിക്കറ്റും നേടി. മലയാളി പേസ് ബൗളർ വി. ജോഷിത ഒരോവർ മാത്രമാണ് എറിഞ്ഞത്. എട്ട് റൺസ് വഴങ്ങി, വിക്കറ്റില്ല

113 റൺസ് വനിതാ അണ്ടർ 19 ക്രിക്കറ്റിൽ അത്ര മോശം സ്കോർ അല്ലെങ്കിൽ പോലും, ഡബ്ല്യുപിഎൽ താരങ്ങൾ അടക്കം അണിനിരന്ന ഇന്ത്യൻ സംഘത്തിനു മുന്നിൽ വിജയലക്ഷ്യം നിസാരമായിരുന്നു. പതിനഞ്ചാം ഓവറിലെ അവസാന പന്തിൽ കമാലിനി നേടിയ ബൗണ്ടറിയിലൂടെ വിജയം കുറിക്കുമ്പോൾ ഇന്ത്യ അതു തെളിയിക്കുകയും ചെയ്തു.

Parunika Sisodia
പരുണിക സിസോദിയ

ഇൻഫോം ഓപ്പണർ ജി. തൃഷയും (29 പന്തിൽ 35) മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ജി. കമാലിനിയും (50 പന്തിൽ 56 നോട്ടൗട്ട്) ഒരുമിച്ച ഓപ്പണിങ് കൂട്ടുകെട്ട് ഒമ്പതോവറിൽ 60 റൺസ് ചേർത്തതോടെ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. തുടർന്നെത്തിയ സനിക ഛൽക്കെയെ (12 പന്തിൽ 11 നോട്ടൗട്ട്) കൂട്ടുപിടിച്ച് കമാലിനി കൂടുതൽ നഷ്ടമില്ലാതെ ടീമിനെ വിജയതീരത്തെത്തിക്കുകയും ചെയ്തു. 30 പന്ത് ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം നേടിയത്.

നിലവിൽ ടൂർണമെന്‍റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ തൃഷയും (265 റൺസ്) വിക്കറ്റ് വേട്ടക്കാരിൽ വൈഷ്ണവിയുമാണ് (15 വിക്കറ്റ്) മുന്നിൽ. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയിൽ നടത്തിയ അണ്ടർ 19 വനിതാ ടി20 ലോകകപ്പിലും ഇന്ത്യയായിരുന്നു ചാംപ്യൻമാർ. ദേശീയ താരങ്ങളായ ഷഫാലി വർമയും റിച്ച ഘോഷും ഉൾപ്പെട്ട ആ ടീമിന്‍റെ ഭാഗമായിരുന്നു തൃഷയും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com