
കോല്‍ക്കത്ത: ലോകകപ്പില്‍ ബംഗ്ലാദേശിനെയും വീഴ്ത്തി നെതര്‍ലന്‍ഡ്സിന്‍റെ പടയോട്ടം. നെതര്‍ലന്‍ഡ്സിനെതിരെ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സിന്‍റെ വമ്പന്‍ ജയത്തോടെ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കിയ നെതര്‍ലന്‍ഡ്സ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ട് അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ ബംഗ്ലാദേശ് ഒമ്പതാമതാണ്. സ്കോര്‍ നെതര്‍ലന്‍ഡ്സ് 50 ഓവറില്‍ 229ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 42.2 ഓവറില്‍ 142ന് ഓള്‍ ഔട്ട്.
ദക്ഷിണാഫ്രിക്കയയെയും ബംഗ്ലാദേശ് തോൽപ്പിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് തുടക്കത്തില്‍ തകര്‍ന്നെങ്കിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ സ്കോട് എഡ്വേര്‍ഡ്സിന്‍റെ(68) അര്‍ധസെഞ്ചുറിയുടെയും വെസ്‌ലി ബറേസി(41), സൈബ്രാന്‍ഡ്(35), ലോഗാന്‍ വാന്‍ ബീക്ക്(23) എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് പക്ഷെ തുടക്കത്തിലെ അടിതെറ്റി. മുന്‍നിരയില്‍ മെഹ്ദി ഹസന്‍ മിറാസ്(35) ഒഴികെ ആരും പൊരുതാതെ മടങ്ങിയപ്പോള്‍ 70-6ലേക്ക് അവര്‍ കൂപ്പുകുത്തി. പിന്നീട് കരകയറാനായില്ല. നെതർലൻഡ്സിനായി പോള്‍ വാന്‍ മീകീരന്‍ 23 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.