
സ്പോര്‍ട്സ് ലേഖകന്‍
ആളില്ലായ്മയുടെ ആരോപണശരങ്ങളുമൊക്കെ അതിജീവിച്ച് ക്രിക്കറ്റ് ലോകകപ്പ് ഏറ്റവും മികച്ച ലോകകപ്പ് എന്ന അഭിപ്രായത്തിലേക്ക് ചുവടുമാറ്റുമ്പോള്‍ അതിനകമ്പടിയായി മികച്ച റെക്കോഡുകള്‍ കൂടി തിളക്കമാവുകയാണ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ബാറ്റര്‍മാരുടെ പട്ടികയില്‍ ക്വിന്റണ്‍ ഡി കോക്കും ബൗളര്‍മാരുടെ പട്ടികയില്‍ ആദം സാംപയുമാണ് മുന്നില്‍. ഈ ലോകകപ്പിലെ 37-ാം മത്സരമായിരുന്നു ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം. ഇനി അവശേഷിക്കുന്നത് രമ്ട് സെമിയും ഒരു ഫൈനലും ഉള്‍പ്പെടെ വെറും 10 മത്സരമാണ്. ഈ ഘട്ടത്തിലും സെമി ഉറപ്പിച്ചത് രണ്ട് ടീമുകള്‍ മാത്രമാണ്, ദക്ഷിണാഫ്രിക്കയും ഇന്ത്യയും.
ഡികോക്കും കോലിയും
ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഡി കോക്കാണ്, എട്ട് ഇന്നിങ്സുകളില്‍നിന്ന് 550 റണ്‍സാണ് ഡി കോക്ക് ഇതുവരെ നേടിയിട്ടുള്ളത്. നാല് സെഞ്ചുറി ഉള്‍പ്പെടെയാണ് ഡി കോക്ക് ഇത്രയും റണ്‍സ് നേടിയത്.
ഇന്ത്യയുടെ വിരാട് കോലി എട്ട് ഇന്നിങ്സുകളില്‍ നിന്ന് 543റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ സെഞ്ചുറിയോടെയാണ് കോലി ഡി കോക്കിനു തൊട്ടടുത്തെത്തിയത്. എട്ട് ഇന്നിങ്സുകളില്‍നിന്ന് 523 റണ്‍സുള്ള രചിന് രവീന്ദ്ര പുറകെയുണ്ട്. മൂന്നു സെഞ്ചുറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ നായകന് രോഹിത് ശര്‍മ (442 റണ്‍സ്) നാലാമതുണ്ട്്.
മധുശങ്ക മുന്നില്‍
ബൗളിങ്ങില്‍ 20 വിക്കറ്റുമായി ശ്രീലങ്കയുടെ ദില്ഷന് മധുശങ്കയാണ് മുന്നില്‍. എട്ടു മത്സരങ്ങളില്‍നിന്നാണ് മധുശങ്കയുടെ നേട്ടം. ഓസ്ട്രേലിയയുടെ ആദം സാംപയാണ് രണ്ടാമത്. 19 വിക്കറ്റുകള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നു വിക്കറ്റ് നേട്ടം സാംപയെ കഴിഞ്ഞ ദിവസം മുന്നിലെത്തിച്ചിരുന്നു. എന്നാല്‍, ഇന്നലെ ബംഗ്ലാദേശിനെതിരേ മധുശങ്ക മുന്നിലെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്സന് (17) മൂന്നാമതുണ്ട്. എന്നാല്‍, അദ്ഭുതകരമായ പ്രകടനവുമായി കുതിക്കുന്ന ഇന്ത്യയുടെ മുഹമ്മദ് ഷമി 16 വിക്കറ്റുകളുമായി നാലാമതുണ്ട്. വെറും നാല് മത്സരങ്ങളില്‍നിന്നാണ് ഷമി ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ഈ ലോകകപ്പ് കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന റെക്കോഡ് തേടിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയും ഷമിക്കു തന്നെ. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഷമിയുടേതായിരുന്നു. ശ്രീലങ്കയ്ക്കെതിരേ 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു.
മറ്റ് ചില റെക്കോഡുകള്‍
=ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ടീമെന്ന റെക്കോഡ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തം. ഏഴ് മത്സരങ്ങളില്‍നിന്ന് 82 സിക്സറുകള്‍ പ്രോട്ടിയാസ് ഇതിനോടകം നേടിക്കഴിഞ്ഞു. 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് നേടിയ 76 സിക്സുകളാണ് ഇനിയും മത്സരങ്ങളേറെയുള്ളപ്പോള് പ്രോട്ടിയാസ് മറികടന്നത്. ഇതില്‍ കിവികള്‍ക്കെതിരായ പോരാട്ടത്തില്‍ മാത്രം 15 സിക്സുകള്‍ പിറന്നു. അതും റെക്കോഡാണ്.
=ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ടീമെന്ന ഖ്യാതിയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. എട്ട് സെഞ്ചുറികളാണ് പ്രോട്ടിയാസ് ടീമംഗങ്ങള്‍ നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 350 റണ്‍സില്‍ കൂടുതല്‍ നേടിയ ടീമും ദക്ഷിണാഫ്രിക്കയാണ്, നാല്. ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരേയായിരുന്നു ഇത്. എല്ലാ ലോകകപ്പുകളും പരിഗണിച്ചാല്‍ ഒമ്പതു തവണ ഈ നേട്ടം കൈവരിച്ച ടീമെന്ന ഓസീസിന്റെ റെക്കോഡിനൊപ്പമാണ് അവരിപ്പോള്‍.
=ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി പിറന്ന ലോകകപ്പ് കൂടിയാണിത്. നെതര്‍ലന്‍ഡ്സിനെതിരേ 40 പന്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ് വെല്ലിന്റെ പേരിലാണിത്.
=ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയത് ഈ ലോകകപ്പില്‍. ഏഴ് സെഞ്ചുറികള്‍ രോഹിതിന്റെ പേരിലുണ്ട്.
=ലോകകപ്പില്‍ ഏറ്റവും വലിയ സ്കോര്‍ കണ്ടെത്തിയ ടീമും ദക്ഷിണാഫ്രിക്കയാണ്. ശ്രീലങ്കയ്ക്കെതിരേ നേടിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 ആണ് ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.
=അന്താരാഷ്്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ (553) റെക്കോഡ് മറികടന്ന് രോഹിത് ശര്‍മ. രോഹിതിന് ഇപ്പോള്‍ 671 സിക്സറുകളുണ്ട്.