

ഹൈദരാബാദ്: ഏകദിന ലോകകപ്പ് ആദ്യ പോരാട്ടത്തിന് പാക്കിസ്ഥാൻ ഇറങ്ങുന്നു. തങ്ങളുടെ അഞ്ചാമത്തെ ലോകകപ്പ് മത്സരം മാത്രം കളിക്കുന്ന നെതർലൻഡ്സാണ് എതിരാളികൾ.
ലോകകപ്പ് ക്രിക്കറ്റിൽ നാല് വർഷം മുമ്പുണ്ടായ വിനാശകരമായ തുടക്കം ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാൻ കരുതലോടെയാകും ഇന്ന് ഇറങ്ങുന്നത്. 2019ൽ നോട്ടിങ്ഹാമിൽ വെസ്റ്റ് ഇൻഡീസിനോട് ആദ്യ മത്സരം തോറ്റ പാക്കിസ്ഥാന് നെറ്റ് റൺ റേറ്റിൽ നഷ്ടമായത് സെമി ഫൈനൽ സ്ഥാനമാണ്. അതുകൊണ്ട് ബാബറും സംഘവും ഇന്ന് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് പോരാട്ടം.
വിജയമുറപ്പിക്കാൻ പാക്കിസ്ഥാൻ
തുടർതോൽവികളുമായാണ് പാക്കിസ്ഥാൻ ലോകകപ്പിന് എത്തുന്നത്. കഴിഞ്ഞ മാസം ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ കനത്ത തോൽവിയോടെ തുടങ്ങിയ പാക്കിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയോട് തോറ്റ് പുറത്തായി. അടുത്തിടെ നടന്ന ലോകകപ്പ് സന്നാഹങ്ങളിലും ന്യൂസിലൻഡിനെനോടും ഓസ്ട്രേലിയയോടും അവർ തോറ്റിരുന്നു. ഷഹീൻ ഷാ അഫ്രീഡിക്കൊപ്പം ന്യൂബോൾ പങ്കിട്ടിരുന്ന നസീം ഷായ്ക്ക് പരുക്കേറ്റത് പാക്കിസ്ഥാന് ഏറെ പ്രതിസന്ധി സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഹാരീസ് റൗഫ് മിന്നും ഫോമിൽ തുടരുന്നതും സ്പിൻ ത്രയങ്ങളായ ഷദാബ് ഖാൻ, ഉസാമ മിർ, മുഹമ്മദ് നവാസ്, പാർട്ട് ടൈംമാരായ ഇഫ്തിഖർ അഹമ്മദ്, ആഘ സൽമാൻ എന്നിവരുടെ പിന്തുണയോടെ ടൂർണമെന്റിൽ സ്ലോ ബൗളിങ്ങിനെതിരേ എതിരാളികളുടെ ദൗർബല്യങ്ങൾ തുറന്നുകാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
2016 ടി-20 ലോകകപ്പ് മത്സരങ്ങൾക്ക് പിന്നാലെ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ ടീം ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ ഇന്ത്യൻ പിച്ചിൽ മികച്ച പ്രകടനം നടത്താൻ ടീം സജ്ജമാണെന്ന് പാക് നായകൻ ബാബർ അസം തറപ്പിച്ചു പറയുന്നു.
"" ഞങ്ങളുടെ വരവിനുശേഷം കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾക്ക് നല്ല പരിശീലനവും വാം-അപ്പ് മത്സരങ്ങളും ലഭിച്ചു''- അസം പറഞ്ഞു.
ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് പാക്ക് നായകൻ ബാബർ അസം കഴിഞ്ഞ രണ്ട് സന്നാഹങ്ങളിൽ 80, 90 റൺസ് അടിച്ച് താൻ ഫോം വീണ്ടെടുത്തും പാക് ക്യാംപിന് ആശ്വാസമാണ്.
ആറിൽ ആറും
1992 ലെ ചാംപ്യന്മാരായ പാക്കിസ്ഥാൻ മുൻപ് ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിലും തോൽപ്പിച്ച ഡച്ചിനെ വിലകുറച്ച് കാണില്ലെന്ന് ബാബർ തറപ്പിച്ചു പറഞ്ഞു. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്തുള്ള നെതർലൻഡ്സിന് ഈ വർഷം ആദ്യം സിംബാബ്വെയിൽ നടന്ന യോഗ്യതാ മത്സരം കളിച്ചാണ് ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്.
"" ഈ ലോകകപ്പിൽ കളിച്ചതിന് നെതർലൻഡിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യോഗ്യതാ മത്സരങ്ങളിൽ അവർ കുറച്ച് നല്ല പ്രകടനങ്ങൾ നടത്തി. അതുകൊണ്ടാണ് അവർ ഇവിടെയുള്ളത്,” ബാബർ കൂട്ടിച്ചേർത്തു.
പ്രതീക്ഷയോടെ ഡച്ച് പട
1996ൽ കന്നി ലോകകപ്പിൽ കളിച്ചതിന് ശേഷം രണ്ട് മത്സരങ്ങളിൽ മാത്രമാണ് നെതർലൻഡ്സിന് ജയിക്കാനായത്. യോഗ്യതാ മത്സരങ്ങളിൽ കളിക്കാതിരുന്ന സ്പിന്നർമാരായ കോളിൻ അക്കർമാൻ, റോലോഫ് വാൻ ഡെർ മെർവെ, പേസർ പോൾ വാൻ മീകെരെൻ എന്നിവർ ലോകകപ്പ് ടീമിൽ തിരിച്ചെത്തിയത് അവർക്ക് ഏറെ ആത്മവിശ്വാസം സമ്മാനിക്കുന്നു.
ഉപഭൂഗണ്ഡത്തിൽ 2011 ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങിയ ഏക അംഗമായ വെസ്ലി ബറേസിയാണ് ടീമിലെ പരിചയസമ്പന്നനായ താരം. മാക്സ് ഒ ഡൗഡ്, വിക്രംജിത് സിംഗ്, തേജ നിദാമാനുരു, ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് എന്നിവരുടെ ബാറ്റിങ്ങ് പ്രകടനവും ഡച്ച് പടയ്ക്ക് ഏറെ ആശ്വാസമാണ്.
എന്നാൽ അവരുടെ പ്രതീക്ഷകൾ ഏറെക്കുറെ ക്വാളിഫയറിൽ നെതർലൻഡ്സിനായി മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർമാരായ ബാസ് ഡി ലീഡിലും ലോഗൻ വാൻ ബീക്കിലും ആയിരിക്കും.
സിംബാബ്വെയിൽ ഡി ലീഡ് 285 റൺസും 15 വിക്കറ്റും നേടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ ഓവറിൽ വാൻ ബീക്ക് 30 റൺസും രണ്ട് വിക്കറ്റും നേടി.എങ്കിലും തീതുപ്പുന്ന പാക് പേസ് പടയെ എങ്ങനെ വരുതിയിലാക്കുമെന്നതിൽ ആശ്രയിച്ചാകും ഡച്ച് പടയും വിജയ പ്രതീക്ഷകൾ.
ഏകദിന ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ ആകെ മൂന്ന് മത്സരങ്ങളാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇവിടെ ഏഴ് 50 ഓവർ മത്സരങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ 288 റൺസാണ് ശരാശരി ആദ്യ ഇന്നിങ്സ് സ്കോർ.