
സൂറിച്ച്: മെക്സിക്കോയിലും അമെരിക്കയിലും കാനഡയിലുമായി 2026ല്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ കളിക്കുമെന്ന് ഫിഫ തീരുമാനം. ഫുട്ബോള്‍ ലോകകപ്പില്‍ പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. 2026 ജൂലൈ 19 നാണ് ഫൈനല്‍. ആകെ 104 മത്സരങ്ങള്‍ ലോകകപ്പിലുണ്ടാകുമെന്നും ഫിഫ അറിയിച്ചു. 1998 ലോകകപ്പ് മുതല്‍ ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് വരെ 64 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.
ഏഷ്യയില്‍നിന്ന് യോഗ്യത ലഭിക്കുന്ന ടീമുകളുടെ എണ്ണം സ്വാഭാവികമായും വര്‍ധിക്കും. യൂറോപ്പില്‍നിന്ന് 16 ടീമുകള്‍ക്ക് യോഗ്യത നേടാനും അവസരമുണ്ടാകും. ്അടുത്ത ലോകകപ്പില്‍ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. മൂന്ന് പേരടങ്ങുന്ന 16 ഗ്രൂപ്പുകളായി ടീമുകളെ വിഭജിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യം ചര്‍ച്ചകള്‍ നടന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ ടീമുകള്‍ നേരത്തെ പുറത്തായ സാഹചര്യത്തില്‍ ഇത്തരമൊരു ഫോര്‍മാറ്റിന് അംഗീകാരം നല്‍കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. പകരം നാല് ടീമുകളുള്ള ഗ്രൂപ്പ് ഘടന തുടരും.ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ആകെ വരുന്ന 32 ടീമുകള്‍ നോക്കൗട്ട് മത്സരം കളിക്കും.ഈ മാറ്റം വരുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന്റെ ഭാഗമാകാം.
ഒരു ടീമിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ കളിക്കാനാകും. ഫൈനല്‍ വരെയെത്തുന്ന ടീമിന് എട്ട് മത്സരങ്ങള്‍ കളിക്കണം. ഇതുവരെ അത് ഏഴായിരുന്നു. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് ഈ ലോകകപ്പിലെ പ്രത്യേകതയാണ്. ഫുട്ബോളിന്റെ ആറ് കോണ്‍ഫെഡറേഷനുകളുടെ തലവന്മാര് ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഫിഫയുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ഫോര്‍മാറ്റില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
എന്നാല്‍, ഫിഫയുടെ മറ്റ് തീരുമാനങ്ങളില്‍ യുവേഫ അടക്കം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ടീമുകളെത്തുന്നത് ലോകകപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. 40 ദിവസത്തില്‍ നിന്ന് 54 ദിവസമായി ഉയരും. കൂടുതല്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചന. കോടിക്കണക്കിന് ഡോളര്‍ അധിക വരുമാനം അത് ഉണ്ടാക്കും. അതേസമയം, ഒരുവിഭാഗം ആരാധകരും കമന്റേറ്റര്‍മാരും ഈ നടപടിയെ ടൂര്‍ണമെന്റിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി വിശേഷിപ്പിച്ചു.2026 ലോകകപ്പ് റെക്കോര്‍ഡ് നേട്ടമുണ്ടാക്കുമെന്നാണ് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ പ്രവചിക്കുന്നത്. 2026 വരെയുള്ള നാല് വര്‍ഷത്തെ സൈക്കിളില്‍ 11 ബില്യണ്‍ ഡോളര്‍ വരുമാനത്തിനായി ഫിഫ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിലൂടെ ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 4 ബില്യണ്‍ ഡോളര്‍ കൂടുതലാണിത്.അതേസമയം ആറ് ഫിഫ കോണ്ഫെഡറേഷനുകളിലെയും ചാംപ്യന്‍ ടീമുകളെയും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജീതാക്കളെയും ഉള്‍പ്പെടുത്തി 2024 മുതല്‍ ഒരു പുതിയ വാര്ഷികമത്സരം സംഘടിപ്പിക്കുവാന്‍ ഫിഫയുടെ തീരുമാനിച്ചിട്ടുണ്ട്.
ഇതില്‍ യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാവ് മറ്റു കോണ്‍ഫെഡറേഷനുകളിലെ വിജയികളുമായി ഏറ്റുമുട്ടും. 2025ല്‍ നടക്കുന്ന ക്ലബ് ലോകകപ്പിന്റെ നടത്തിപ്പിനെക്കുറിച്ചും ധാരണയായി. 12 ടീമുകളായിരിക്കും കളിക്കുക. യുവേഫ ചാംപ്യന്‍സ് ലീഗില്‍ 2021, 2022, 2023, 2024 വര്‍ഷങ്ങളിലെ വിജയികള്‍ നേരിട്ടു യോഗ്യത നേടും. പിന്നീടുള്ള എട്ടു ടീമുകള്‍ റാങ്കിങ് പ്രകാരം യോഗ്യത സ്വന്തമാക്കും. അതിനിടെ, 2030 ലോകകപ്പ് വേദിക്കായി സ്പെയിന്, പോര്‍ച്ചുഗല്‍, എന്നീ രാജ്യങ്ങള്‍ക്കൊപ്പം മൊറോക്കോയും ലേലത്തില്‍ പങ്കെടുക്കും.