
അര്‍ദിയ: കുവൈറ്റിനെ അവരുടെ മൈതാനത്ത് വീഴ്ത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഉജ്വലതുടക്കം. അര്‍ദിയയിലെ ജാബര്‍ അല്‍ അഹമ്മദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങാണ് ഗോള്‍ നേടിയത്.
ജയത്തോടെ ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ടിലെ എ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനെ 8-1നു തോൽപ്പിച്ച ഖത്തറാണ് ഗോള്‍ വ്യത്യാസത്തില്‍ ഒന്നാമത്. 21ന് ഖത്തറിനെതിരേ ഭുവനേശ്വറിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക.
ആതിഥേയര്‍ക്കെതിരെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. 19ാം മിനിറ്റില്‍ നിഖില്‍ പൂജാരി നല്കിയ ക്രോസില്‍ നിന്നുള്ള സുനില്‍ ഛേത്രിയുടെ ഷോട്ട് ഗോള്‍വലയുടെ മുകളിലാണ് ചെന്നുവീണത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമാനമായ രീതിയില്‍ ഒരു ഗോളവസരം കുവൈത്തിനും നഷ്ടമായി. നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 75ാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന ഗോള്‍. കുവൈത്ത് ഡിഫന്‍ഡറെ വെട്ടിച്ചു മുന്നേറിയ ലാലിയന്‍സുവാല ഛാങ്തെ നല്കിയ ക്രോസ് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ മന്‍വീര്‍ ഗോളിലേക്കു വിട്ടു. ഫോമിലുള്ള ലാല്ലിയന്‍സുല ചാംഗ്തെയ്ക്ക് പകരം മന്വിറിനെ ഇറക്കിയ സ്റ്റിമാചിന്റെ തന്ത്രം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക ഗോള്‍ നേടി താരം തന്റെ മൂല്യം എന്തെന്നു തെളിയിച്ചു.
മറുപടി ഗോളിനായി കുവൈറ്റ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. 94ാം മിനിറ്റില്‍ കുവൈറ്റ് താരം അല്‍ ഹര്‍ബി, ചാങ്തെയെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനില്‍ ഛേത്രി, സഹല്‍ അബ്ദുള്‍ സമദ്, സന്ദേശ് ജിങ്കന്, രാഹുല്‍ കെ പി തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു.