
മുംബൈ: ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായി.15 അംഗ സ്ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. ബാക്ക് അപ്പ് താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കും.
കെ.എല്‍. രാഹുല്‍ പരുക്കിനു ശേഷം മടങ്ങിയെത്തും. അജിത്ത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ അഗാര്‍ക്കര്‍ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തി.
കാന്‍ഡിയില്‍ ഇന്ത്യ - പാക്കിസ്ഥാന് മത്സരത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. കെ.എല്‍ രാഹുലും ഇഷാന് കിഷനുമായിരിക്കും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടാകുക. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം പുറത്തെടുത്തതാണ് ഇഷാന് കിഷന് ഗുണമായത്. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകില്ല.സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനും ടീമില്‍ ഇടമുണ്ടായേക്കില്ല. കുല്‍ദീപ് യാദവ് തന്നെയാകും ലോകകപ്പിലും ടീമിലെ പ്രധാന സ്പിന്നര്‍. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ടാകും. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഇടംപിടിക്കും. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ ഐസിസി നിര്‍ദേശിച്ച അന്തിമ തീയതി സെപ്റ്റംബര്‍ അഞ്ചാണ്.
സാധ്യതാ ടീം
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്.