
ടിം ഡേവിഡ്
ക്രിക്കറ്റിൽ ഫിനിഷർമാർക്ക് പഞ്ഞമില്ലാത്ത ടീമാണ് ഓസ്ട്രേലിയ. മൈക്കൽ ബെവൻ മുതൽ ഗ്ലെൻ മാക്സ്‌വെൽ വരെ നീളുന്നതാണ് ആ നിര. മൈക്കൽ ബെവനുമായോ മൈക്കൽ ഹസിയുമായോ ഒന്നും താരതമ‍്യപ്പെടുത്താൻ കഴിയില്ലെങ്കിലും സമീപകാലത്ത് ഓസ്ട്രേലിയ കണ്ട മികച്ച ഫിനിഷറാണ് ടിം ഡേവിഡ് എന്ന സിംഗപ്പുരുകാരൻ.
ഇത് ശരിവയ്ക്കുന്ന പ്രകടനമായിരുന്നു അടുത്തിടെ നടന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മൂന്നാം ടി20യിൽ താരം പുറത്തെടുത്തത്. ആദ‍്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ പുറത്തെടുത്ത 214 റൺസ് 16.1 ഓവറിലായിരുന്നു ഓസ്ട്രേലിയ മറികടന്നത്. 37 പന്തിൽ 11 സിക്സറുകളും 7 ബൗണ്ടറികളുമടക്കം 107 റൺസ് അടിച്ചു കൂട്ടിയ ടിം ഡേവിഡിന്‍റെ പ്രകടനമായിരുന്നു ഓസിസിന് തുണയായത്.
സിംഗപ്പുരിൽ ജനിച്ച് ഓസ്ട്രേലിയയിൽ വളർന്ന ടിം ഡേവിഡ്, വെസ്റ്റേൺ ഓസ്ട്രേലിയക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ കിട്ടിയ അവസരം വേണ്ടെന്നുവച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരച്ചയാളാണ്. സിംഗപ്പുരിനായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുമുണ്ട്. പിന്നീട് ബിഗ് ബാഷ് ലീഗിലൂടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്കും അതുവഴി ദേശീയ ടീമിലേക്കുമുള്ള പ്രവേശനം സംഭവിക്കുന്നത്.
വെടിക്കെട്ട് ബാറ്റിങ്ങ് കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച ഡേവിഡ് വാർണർ കളമൊഴിയുകയും മാർക്കസ് സ്റ്റോയിനിസിനു ടീമിൽ ഇടം ഉറപ്പില്ലാതാകുകയും ചെയ്തതോടെ അത്തരത്തിൽ ആക്രമണോത്സുകമായി കളിക്കുന്ന താരങ്ങളുടെ കുറവ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ പ്രതിഫലിക്കുന്നുണ്ട്. അവിടേക്കാണ് ടിം ഡേവിഡിന്‍റെ വളർച്ച. ഒരു പക്ഷേ, ടിം ഡേവിഡിന് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയാൽ ഇതിന് ഒരു പരിധി വരെ പരിഹാരമായേക്കും. വെസ്റ്റ് ഇൻഡീസ് പര‍്യടനത്തിലെ പ്രകടനത്തോടെ ടിം ഡേവിഡിന്‍റെ സ്ഥാനക്കയറ്റം സംബന്ധിച്ച് ചർച്ച നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഓസ്ട്രേലിയ ഈ സുവർണാവസരം പ്രയോജനപ്പെടുത്തിയാൽ ടീമിന്‍റെ മധ‍്യനിര ശക്തിയാർജിച്ചേക്കും. 11 ഇന്നിങ്സുകൾ മാത്രമാണ് ടിം ഡേവിഡ് ടി20യിൽ മൂന്നാം സ്ഥാനത്ത് കളിച്ചിട്ടുള്ളത്. 52.89 എന്ന ഉയർന്ന ശരാശരിയും 164.14 എന്ന ഗംഭീര സ്ട്രൈക്ക് റേറ്റും മൂന്നാം സ്ഥാനത്ത് ഇറങ്ങുമ്പോൾ അദ്ദേഹത്തിനുണ്ട്.
അഞ്ചാം സ്ഥാനത്ത് ഇറങ്ങിയപ്പോൾ 54.75 ശരാശരിയും 188.79 സ്ട്രൈക്ക് റേറ്റുമുണ്ട്. എന്നാൽ, ആറാം സ്ഥാനത്ത് ഫിനിഷർ റോളിൽ ഇറങ്ങുമ്പോൾ 27 മത്സരങ്ങളിൽ നിന്ന് 28.63 ശരാശരിയും 172.70 സ്ട്രൈക്ക് റേറ്റും മാത്രമാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരേ അഞ്ചാം നമ്പറിൽ ഇറങ്ങിയായിരുന്നു താരം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.