അര നൂറ്റാണ്ടിനിടെ നെതർലൻഡ്സിന് ആദ്യ വിദേശ പരിശീലകൻ

നെതർലൻഡ്സ് ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസിനെ നിയമിച്ചു
അര നൂറ്റാണ്ടിനിടെ നെതർലൻഡ്സിന് ആദ്യ വിദേശ പരിശീലകൻ

നെതർലൻഡ്സ് ജെഴ്സിയുമായി സാവി അലോൺസോ.

Updated on

ആംസ്റ്റർഡാം: നെതർലൻഡ്സ് ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസിനെ നിയമിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിൽ നെതർലൻഡ്സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശ പരിശീലകനാണ് 46 വയസുകാരനായ സാവി.

2024 മേയ് മാസത്തിൽ ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ സാവി, ഫുട്ബോൾ ലോകകപ്പിനു ശേഷം പടിയിറങ്ങിയ റൊണാൾഡ് കോമാന്‍റെ പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. 2030-ലെ ഫിഫ ലോകകപ്പ് വരെയാണ് കരാർ.

യോഹാൻ ക്രൈഫ്, റുനസ് മിഷേൽസ് തുടങ്ങിയവരുടെ സ്വാധീനമുള്ള ബാഴ്സലോണ അക്കാഡമിയിലൂടെ വളർന്നുവന്ന തനിക്ക് ഡച്ച് ഫുട്ബോളുമായി ആത്മബന്ധമുണ്ടെന്ന് സാവി വ്യക്തമാക്കി. ലൂയിസ് വാൻ ഗാൽ, ഫ്രാങ്ക് റൈക്കാർഡ് എന്നിവരും തന്‍റെ കളിശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

1977-78 കാലഘട്ടത്തിൽ ടീമിനെ പരിശീലിപ്പിച്ച ഓസ്ട്രിയൻകാരനായ ഏണസ്റ്റ് ഹാപ്പലിനു ശേഷം ഡച്ച് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശ പരിശീലകനാണ് സാവി. ബോൾ പൊസഷനിലും ആക്രമണത്തിലും അധിഷ്ഠിതമായ മനോഹരമായ ഫുട്ബോൾ ശൈലി ടീമിൽ തിരികെ കൊണ്ടുവരുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഡച്ച് ഫുട്ബോൾ ഫെഡറേഷൻ എലൈറ്റ് ഫുട്ബോൾ ഡയറക്റ്ററും 2010 ലോകകപ്പ് ഫൈനലിൽ സാവിക്കെതിരെ കളിച്ചയാളുമായ നൈജൽ ഡി ജോംഗ് ഈ നിയമനത്തെ സ്വാഗതം ചെയ്തു. സാവിയുടെ കാഴ്ചപ്പാടുകളും കളിക്കാരെ ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും ഡച്ച് ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2010-ലെ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ തോൽപ്പിച്ച സ്പാനിഷ് ടീമിൽ സാവി അംഗമായിരുന്നു. ഇത്തവണത്തെ ലോകകപ്പിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഡച്ച് ടീം പുറത്തായതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ.

logo
Metro Vaartha
www.metrovaartha.com