

കാമറൂൺ ഗ്രീൻ
അഡ്‌ലെയ്ഡ്: ഐപിഎൽ മിനി ലേലത്തിൽ ബാറ്ററായി രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീക്കി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഐപിഎൽ ബൗളിങ്ങിനു താൻ പൂർണ സജ്ജനാണെന്നും, ലേലപ്പട്ടികയിലെ പിഴവ് തന്‍റെ മാനെജറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണെന്നും ഗ്രീൻ വ്യക്തമാക്കി.
മുതുകിലെ ശസ്ത്രക്രിയയെ തുടർന്ന് 2025 ഐപിഎൽ സീസൺ നഷ്ടപ്പെട്ട 26കാരനായ ഗ്രീൻ, ജൂൺ മാസത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത് സ്പെഷ്യലിസ്റ്റ് ബാറ്ററായി ആയിരുന്നു. എന്നാൽ, പിന്നീട് പന്തെറിയാനുള്ള മെഡിക്കൽ അനുമതി ലഭിച്ചു. ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ഓൾറൗണ്ടറായി തന്നെയാണ്.
''ഐപിഎല്ലിൽ ബൗളിങ് ചെയ്യാൻ എനിക്ക് യാതൊരു തടസവുമില്ല. എന്‍റെ മാനേജർ തെറ്റായ ബോക്സ് സെലക്ട് ചെയ്തതാണ് പ്രശ്നമായത്. ബാറ്റർ എന്ന വിഭാഗം അബദ്ധത്തിൽ ടിക്ക് ചെയ്തു പോയതാണ്,'' ഗ്രീൻ വിശദീകരിക്കുന്നു.
2023ൽ മുംബൈ ഇന്ത്യൻസിനും 2024ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീൻ, ഈ വർഷത്തെ മിനി ലേലത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയോടെയാണ് അദ്ദേഹം ലേലത്തിലേക്ക് എത്തുന്നത്. എന്നാൽ, ഓൾറൗണ്ടർ വിഭാഗത്തിനു പകരം ബാറ്റേഴ്സ് വിഭാഗത്തിലാണ് നിലവിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐപിഎൽ മിനി ലേലം ഡിസംബർ 16ന് അബുദാബിയിലാണ് നടത്തുന്നത്. ''ലേലം കാണാൻ തീർച്ചയായും സമയം കണ്ടെത്തും. ഏതു ടീമിലേക്കാണു പോകുന്നതെന്നതും, ആരൊക്കെയാണ് ടീമിലുള്ളതെന്നതും എല്ലാം ഒരു ഭാഗ്യപരീക്ഷണം പോലെയാണ്. അതാണ് ലേലത്തിന്‍റെ രസം,'' ഗ്രീൻ പറഞ്ഞു.