റാങ്കിങ്ങില്‍ ജയ്‌സ്വാളിന്‍റെ യശസ്

ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്
റാങ്കിങ്ങില്‍ ജയ്‌സ്വാളിന്‍റെ യശസ്
Updated on

മുംബൈ: ഇംഗ്ലണ്ടിനെതിരേ തുടരുന്ന ടെസ്റ്റ് പരമ്പരയില്‍ മിന്നും ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. പുതിയ റാങ്കിങ് പ്രകാരം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജയ്‌സ്വാള്‍ 12-ാം സ്ഥാനത്തെത്തി. രോഹിത് ശര്‍മയെ പിന്തള്ളിയാണ് ജയ്‌സ്വാള്‍ മുന്നേറിയത്.

ഒരു സ്ഥാനം താഴേക്ക് ഇറങ്ങിയ രോഹിത് ശര്‍മ 13ാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്. കോലി ഒമ്പതാമതാണുള്ളത്. റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച യുവതാരം ശുഭ്മന്‍ ഗില്ലിനുമുണ്ട് റാങ്കിങ്ങില്‍ പുരോഗതി.

നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ 31ാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. ജോ റൂട്ടും സ്റ്റീവ് സ്മിത്തുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളാണ് മുന്നില്‍. ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്തും സ്പിന്നര്‍ ആര്‍. അശ്വിന്‍ രണ്ടാമതും തുടരുന്നു. റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. രവീന്ദ്ര ജഡേജയാണ് ബൗളര്‍മാരില്‍ ആറാം സ്ഥാനത്ത്.

ടെസ്റ്റ് ടീമുകളുടെ കാര്യത്തില്‍ 117 പോയിന്‍റുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ 117 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും.ധര്‍മശാലയില്‍ മാര്‍ച്ച് ഏഴ് മുതലാണ് അഞ്ചാം ടെസ്റ്റ്.

Trending

No stories found.

Latest News

No stories found.