മൂന്നാം ടെസ്റ്റ്: ഇന്ത്യക്കു വേണ്ടത് 135 റൺസ്, ഇംഗ്ലണ്ടിനു വേണ്ടത് ആറ് വിക്കറ്റ്

193 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്
India vs England 3rd Cricket Test Day 4

വാഷിങ്ടൺ സുന്ദറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

Updated on

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 193 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. ജയിക്കാൻ 135 റൺസ് കൂടിയാണ് ഇന്ത്യക്കു വേണ്ടത്; ഇംഗ്ലണ്ടിന് ആറ് വിക്കറ്റും! 33 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ഓപ്പണർ കെ.എൽ. രാഹുൽ, ഇനി ബാറ്റ് ചെയ്യാനുള്ള വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ, ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 192ൽ അവസാനിക്കുകയായിരുന്നു. നാലാം ദിനം ഇംഗ്ലിഷ് നിരയിലെ ഏഴു ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ ബൗൾഡാക്കി‌യതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ നാലും ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദറിന്‍റെ അക്കൗണ്ടിൽ. പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ‌ആകാശ് ദീപും നിതീഷ് കുമാർ റെഡ്ഡിയും ഓരോ ഇരകളെ വീതം കണ്ടെത്തി.

വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റൺസ് എന്ന സ്കോറിൽ ക്രീസിൽ ഇറങ്ങിയ ഇംഗ്ലിഷ് ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാർ കാര്യമായ സ്വാതന്ത്ര്യം നൽകിയില്ല. ബെന്‍ ഡക്കറ്റിന്‍റെ (12) വിക്കറ്റാണ് ഇന്നലെ ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സിറാജിന്‍റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബുംറയുടെ കൈയിൽ ഒതുങ്ങി ഡക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ഒലി പോപ്പും (4) സിറാജിന് ഇരയായി. വിക്കറ്റിന് മുന്നില്‍ കുടുങ്ങി പോപ്പിന്‍റെ മടക്കം. അധികം വൈകാതെ സാക് ക്രാവ്ളിയും വീണു. 22 റണ്‍സെടുത്ത ക്രാവ്ളിയെ നിതീഷ് കുമാര്‍ തേര്‍ഡ് സ്ലിപ്പിൽ യശ്വസി ജയ്‌സ്വാളിന്‍റെ കൈകളിൽ എത്തിച്ചു. ഹാരി ബ്രൂക്കിന്‍റെ ഇന്നിങ്സ് 19 പന്തും 23 റണ്‍സും മാത്രമേ നീണ്ടുള്ളു. ബ്രൂക്കിന്‍റെ കുറ്റി ആകാശ് ദീപ് പിഴുതു. ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 98 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

വിക്കറ്റുകൾ വീഴുമ്പോഴും ജോ റൂട്ട് ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ അധികം ബൗണ്ടറികൾ കണ്ടെത്താൻ ഇന്ത്യ റൂട്ടിന് അവസരം നൽകിയില്ല. 40 റൺസെടുത്ത റൂട്ടിനെ വാഷിങ്ടൺ സുന്ദർ ബൗൾഡാക്കിയപ്പോൾ ഇംഗ്ലണ്ട് ശരിക്കും ഞെട്ടി. ജാമി സ്മിത്തിന്‍റെ ഇന്നിങ്സിനും അധികം ആയുസുണ്ടായില്ല. സ്മിത്തിനെയും (8) സുന്ദർ ബൗൾഡാക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (33) ബ്രെയ്ഡൻ കാർസ് (1) എന്നിവർ ചായയ്ക്കു പിന്നാലെ കൂടാരം പൂകിയതോടെ ഇംഗ്ലണ്ട് കൂപ്പുകുത്തി. സ്റ്റോക്സിനെ സുന്ദറും കാർസിന്‍റെ ബുംറയും ബൗൾഡാക്കിയാണ് തിരിച്ചയച്ചത്. പിന്നെ അധികം പൊരുതാനുള്ള ശേഷി ഇംഗ്ലിഷ് വാലറ്റത്തിനുണ്ടായിരുന്നില്ല.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ സ്കോറായ 387ന് ഒപ്പമെത്താനേ ഇന്ത്യക്ക് സാധിച്ചിരുന്നുള്ളു. വാലറ്റം പരാജയപ്പെട്ടതാണ് കൈയെത്തിപ്പിടിക്കാമായിരുന്ന ലീഡ് ഇന്ത്യക്ക് നഷ്ടപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി റൂട്ടും (104) ഇന്ത്യക്കുവേണ്ടി കെ.എല്‍. രാഹുലും (100) സെഞ്ചുറി നേടിയിരുന്നു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. റൺസൊന്നുമെടുക്കാതെ ഓപ്പണർ യശസ്വി ജയ്സ്വാൾ മടങ്ങി. തുടർന്ന് കെ.എൽ. രാഹുലും കരുൺ നായരും ചേർന്ന് സ്കോർ 41 വരെയെത്തിച്ചു. 14 റൺസെടുത്ത് പുറത്തായ കരുൺ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. തുടർന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റും വീണു. ഇരുവരെയും ബ്രൈഡൻ കാർസ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

നാലാം ദിവസത്തെ കളി അവസാനിക്കാൻ രണ്ടോവർ മാത്രം ശേഷിക്കെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്. എന്നാൽ, 11 പന്തിൽ ഒരു റണ്ണെടുത്ത ആകാശിനെ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ക്ലീൻ ബൗൾ ചെയ്തതോടെ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com