ധോണിയുമായി അടുത്ത ബന്ധമില്ല: യുവരാജ്
മുംബൈ: കളിക്കളത്തിന് പുറത്ത് ധോനിയുമായി അടുത്ത ബന്ധമില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളല്ലായിരുന്നുവെന്നും യുവരാജ് ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. താനും ധോനിയും സുഹൃത്തുക്കളായിരുന്നു, അതിനപ്പുറം, വ്യക്തിപരമായ ജീവിതരീതികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പരസ്പരം അടുത്ത ബന്ധങ്ങളുണ്ടായിരുന്നില്ല- യുവരാജ് പറഞ്ഞു.
"" ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ഞങ്ങള്‍ ക്രിക്കറ്റ് കാരണം സുഹൃത്തുക്കളായിരുന്നു, ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. മഹിയുടെ ജീവിതശൈലി എന്നില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു, അതിനാല്‍ ഞങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല, ഞാനും മഹിയും മൈതാനത്ത് 100% ത്തിലധികം നമ്മുടെ രാജ്യത്തിന് നല്‍കി. അദ്ദേഹം ക്യാപ്റ്റനും ഞാന്‍ വൈസ് ക്യാപ്റ്റനും ആയിരുന്നു.'' -യുവരാജ് പറഞ്ഞു.
ചിലപ്പോള്‍ ധോനി എനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍ എടുക്കും. ചിലപ്പോള്‍ ധോണിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. അത് എല്ലാ ടീമിലും സംഭവിക്കുന്നു. കരിയറിന്‍റെ അവസാന ഘട്ടത്തില്‍ ശരിയായ ചിത്രം ലഭിക്കാതെ വന്നപ്പോള്‍, ഞാന്‍ ധോനിയോട് ഉപദേശം തേടി. സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ നിങ്ങളെ നോക്കുന്നില്ലെന്ന് എന്നോട് പറഞ്ഞത് ധോണിയാണ്. 2019 ലോകകപ്പിന് തൊട്ടുമുമ്പാണിത്. ഒരു ടീമിലെ ടീമംഗങ്ങള്‍ പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കണമെന്നില്ല, മൈതാനത്ത് ഇറങ്ങുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നതാണ് പ്രധാനമെന്ന് യുവരാജ് പറഞ്ഞു.