

സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചഹൽ
ന‍്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ തന്നെ മികച്ച ബൗളറാക്കാൻ സഹായിച്ചുവെന്ന് ഇന്ത‍്യൻ താരം യുസ്‌വേന്ദ്ര ചഹൽ. ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചഹലിന്‍റെ വെളിപ്പെടുത്തൽ.
ഐപിഎൽ ചരിത്രത്തിൽ തന്നെ സ്പിന്നർമാരെ ഡെത്ത് ഓവറുകളിൽ പന്തെറിയിപ്പിക്കുന്ന ചുരുക്കം ചില ക‍്യാപ്റ്റൻമാരിൽ ഒരാളാണ് സഞ്ജുവെന്നും സഞ്ജുവിന്‍റെ കീഴിൽ കളിച്ചപ്പോൾ താൻ മികച്ച ബൗളറായെന്നും ചഹൽ കൂട്ടിച്ചേർത്തു.
അതുവരെ ഡെത്ത് ഓവറുകളിൽ ഒരു ക‍്യാപ്റ്റനും സ്പിന്നർമാരെ ഉപയോഗിച്ചിരുന്നില്ലെന്നും എന്നാൽ സഞ്ജു തന്നെ ഡെത്ത് ഓവർ ബൗളറാക്കിയെന്നും അതിലൂടെ കൂടുതൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചെന്നും ചഹൽ പറഞ്ഞു. സഞ്ജു ഇഷ്ടമുള്ളതുപോലെ പന്തെറിയാൻ അനുവദിക്കുമെന്നും ശല‍്യപ്പെടുത്തുകയില്ലെന്നും ചഹൽ വ‍്യക്തമാക്കി.
2022 മുതൽ 2024 വരെയുള്ള ഐപിഎൽ സീസണുകളിൽ 66 വിക്കറ്റുകളാണ് ചഹൽ വീഴ്ത്തിയത്. നിലവിൽ ഐപിഎല്ലിൽ 221 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചഹൽ. ഇത്തവണ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും ചഹൽ പഞ്ചാബ് കിങ്സിനു വേണ്ടിയുമാണ് കളിക്കുന്നത്.