
ന്യൂഡൽഹി: ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെടാൻ കാരണം വിക്രം ലാൻഡറിന് അതിന്‍റെ വേഗം നിയന്ത്രിക്കാൻ കഴിയാതെ മറിഞ്ഞുപോയതാണെന്ന് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എയ്റോസ്പേസ് സയന്‍റിസ്റ്റായ പ്രൊഫ. രാധാകാന്ത് പതി. ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ കാര്യത്തിൽ ഐഎസ്ആർഒയ്ക്ക് അമിത ആത്മവിശ്വാസമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചന്ദ്രയാൻ-3, എല്ലാ കണക്കുകൂട്ടലും തെറ്റിയാലും ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യാൻ പാകത്തിലാണ് തയാറാക്കിയിരിക്കുന്നത്. അതു വിജയിക്കുമെന്ന് 99.9% ഉറപ്പാണെന്നും പ്രൊഫ. പതി വ്യക്തമാക്കി.
ഇപ്പോഴത്തെ വിക്രം ലാൻഡറിൽ ഇൻബിൽറ്റായി തന്നെ ഒരു രക്ഷാ സംവിധാനമുണ്ട്. അതാണ് മറ്റെല്ലാം തെറ്റിയാലും സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് ഉറപ്പു പറയാൻ കാരണം. ചന്ദ്രയാൻ-2വിന്‍റെ കാര്യത്തിൽ അൾഗോരിതം തകരാറാണുണ്ടായത്. അതിപ്പോൾ പരിഹരിച്ചിട്ടുണ്ട്. വിക്രം ലാൻഡറിന്‍റെ കാലുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ചന്ദ്രയാൻ 2, 3 ദൗത്യങ്ങളിൽ പങ്കാളിയാണ് രാധാകാന്ത് പതി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ എയ്റോസ്പേസ് വകുപ്പും ചന്ദ്രയാൻ ദൗത്യത്തിൽ സഹകരിക്കുന്നുണ്ട്.
ചന്ദ്രനിലെ സാഹചര്യങ്ങൾ അതേപടി ഭൂമിയിൽ പുനരാവിഷ്കരിച്ച് പരീക്ഷണം നടത്തി പിഴവില്ലാതെ ലാൻഡർ നിർമിക്കാൻ സാധിക്കില്ല. വിക്രം ലാൻഡറിനു സ്വന്തമായി അപകടങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റവും ഉചിതമായ സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശേഷിയുണ്ടെന്ന് പ്രൊഫ. പതി പറഞ്ഞു.
പരാജയപ്പെട്ട ദൗത്യത്തിലെ വിക്രം ലാൻഡറിൽ ഒരു കംപ്യൂട്ടറാണുണ്ടായിരുന്നത്. ഇപ്പോഴത്തേത്തിൽ രണ്ടെണ്ണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.