

2026 ഏപ്രിൽ 16, 17 തീയതികളിൽ ജർമനിയിലെ ഡ്യൂസൽഡോർഫിൽ.
ദുബായ്: വയർ, ട്യൂബ് മേഖലകളിലെ ലോകത്തിലെ മുൻനിര പ്രദർശനമായ 'വയർ ആൻഡ് ട്യൂബ്' 2026 ഏപ്രിൽ 16, 17 തീയതികളിൽ ജർമനിയിലെ ഡ്യൂസൽഡോർഫിൽ നടത്തും. മെസ് ഡ്യൂസൽഡോർഫ് പ്രോജക്ടാണ് പ്രദർശനത്തിന്‍റെ സംഘാടകർ. യുഎഇ, സൗദി തുടങ്ങിയ മധ്യപൂർവദേശ രാജ്യങ്ങളിൽ നിന്ന് ദുകാബ്, കൊനാരസ്, ബഹ്‌റ ഇലക്ട്രിക്, എൽസ്വെഡി സ്റ്റീൽ എന്നിവയടക്കം ലോകോത്തര സ്ഥാപനങ്ങൾ പങ്കെടുക്കും. യുഎഇയിൽ നിന്ന് 16 കമ്പനികളാണ് സാന്നിധ്യമറിയിക്കുന്നത്.
വയർ, കേബിൾ വിപണി 2030ഓടെ 281.64 ബില്യൺ ഡോളറായി വളരുമെന്ന് ഗ്രാൻഡ് വ്യൂ റിസേർച്ചിന്‍റെ റിപോർട്ട് . നഗരവൽക്കരണവും ലോകമെങ്ങുമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും വളരുന്നത് മൂലം സമഗ്ര വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 4.1% ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഎംഎആർസി ഗ്രൂപ്പിന്‍റെ റിപ്പോർട്ട് പ്രകാരം ജിസിസിയിലെ നിർമാണ വ്യവസായമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നിൽ നിൽക്കുന്നത്. 147.1 ബില്യൻ യുഎസ് ഡോളറിന്‍റെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നതെന്നും മെസ് ഡ്യൂസൽഡോർഫ് പ്രോജക്ട് ഡയറക്ടർ ഡാനിയേൽ റൈഫിഷ് പറഞ്ഞു. 'വയർ ആൻഡ് ട്യൂബ്' പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിർമാണം, പുനരുപയോഗ ഊർജം, ഇ മൊബിലിറ്റി, റെയിൽവേ മുതലായ മേഖലകളിൽ മുന്നേറ്റ നിരയിലുള്ള യുഎഇ, സൗദി എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനും സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്താനും വയർ, ട്യൂബ് പ്രദർശനം മികച്ച വേദിയാകും. ഇന്ത്യയിൽ നിന്ന് 56 വൻകിട കമ്പനികൾ ഇതിനകം പങ്കാളിത്തം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡ്യൂസൽഡോർഫിൽ 120,000 ചതുരശ്ര മീറ്റർ സ്ഥലത്ത് നടക്കുന്ന പ്രദർശനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 2,500ലധികം സ്ഥാപനങ്ങൾ ആണ് ആകെ പങ്കെടുക്കുക. വെരിഫയർ മാനേജിങ് ഡയറക്ടർ ജീൻ ജോഷ്വയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.