ഐഫോൺ 17 സീരീസ് സെപ്റ്റംബർ 9ന് ലോഞ്ച് ചെയ്യും.
കാലിഫോര്‍ണിയ: കുപെര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയെറ്ററില്‍ 'ഓവ് ഡ്രോപ്പിങ് ' എന്ന പേരില്‍ സെപ്റ്റംബര്‍ 9ന് നടക്കുന്ന പരിപാടിയില്‍ ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് ഉള്‍പ്പെടെ പുതിയ ആപ്പിള്‍ വാച്ച് മോഡലുകളും അപ്‌ഡേറ്റ് ചെയ്ത എയര്‍പോഡുകളും അവതരിപ്പിക്കും.
5.5 എംഎം മാത്രമായിരിക്കും ഈ മോഡലിന്‍റെ കനം.
ഇതാദ്യമായി ആപ്പിള്‍ ഇനി മുതലുള്ള മൂന്ന് വര്‍ഷങ്ങളിലായി (2025, 26, 27) ഐഫോണ്‍ റീഡിസൈന്‍ ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 9ന് ആപ്പിള്‍ പുതുനിര ഐഫോണ്‍ 17 ലോഞ്ച് ചെയ്യുമ്പോള്‍ ഐഫോണ്‍ എയര്‍ എന്ന മോഡലും അവതരിപ്പിക്കുന്നുണ്ട്. ഐഫോണ്‍ എയര്‍ സ്‌കിന്നി മോഡലാണ് അഥവാ മെലിഞ്ഞ രൂപത്തിലുള്ളതാണ്. വെറും 5.5 എംഎം മാത്രമായിരിക്കും ഈ മോഡലിന്‍റെ കനം. ഈ വര്‍ഷം കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ആപ്പിള്‍ സമ്മാനിക്കുന്ന ഒരു വ്യത്യസ്ത മോഡലാണിത്.
ഐഫോണ്‍ 16 പ്രോ മോഡലിലേതു പോലെ ടൈറ്റാനിയം ഫ്രെയിം ആയിരിക്കും ഐഫോണ്‍ എയറിനുണ്ടാവുക. ബാറ്ററി 2900എംഎഎച്ച്. 48 എംപിയുള്ള ഒരു റെയര്‍ (പിന്‍ഭാഗത്തുള്ള) ക്യാമറ മാത്രമേ ഉണ്ടാകൂ. അതിനാല്‍ ഇത് അള്‍ട്രാവൈഡ് ടെലിഫോട്ടോ ശേഷികളെ പരിമിതപ്പെടുത്തിയേക്കാം. ഫിസിക്കല്‍ സിം കാര്‍ഡിനുള്ള സ്ലോട്ട് ഉണ്ടാകില്ല. എന്നാല്‍ ആദ്യമായി ആപ്പിളിന്‍റെ ഇന്‍-ഹൗസ് മോഡം ചിപ്പ് ഐ ഫോണ്‍ എയര്‍ മോഡലിലായിരിക്കും അവതരിപ്പിക്കുക. 6.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ മോഡലിന്‍റെ ഇന്ത്യയിലെ വില ഏകദേശം 89,900 രൂപയായിരിക്കും.
ഇന്ത്യയില്‍ ഐഫോണ്‍ 17ന്‍റെ വില ഏകദേശം 86,000 രൂപ ആയിരിക്കും.
ഐഫോണ്‍ എയറിനു പുറമെ ഇത്തവണ ഐഫോണ്‍ 17, 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവയാണ് ആപ്പിള്‍ ലോഞ്ച് ചെയ്യുന്നത്. പ്രോ മോഡലുകള്‍ക്ക് പുതിയ ക്യാമറ സംവിധാനവും ഫോണിന്‍റെ പിന്‍ഭാഗത്ത് പുതിയ ഇന്‍ഡസ്ട്രിയല്‍ ഡിസൈനുമുണ്ടായിരിക്കും. പ്രോ മോഡലുകള്‍ ഓറഞ്ച് നിറത്തിലും ലഭ്യമായിരിക്കും. ഐഫോണ്‍ 17 പ്രോ, ഗ്ലാസ് നിര്‍മിത അലൂമിനിയം ഫ്രെയിമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയില്‍ ഐഫോണ്‍ 17ന്‍റെ വില ഏകദേശം 86,000 രൂപ ആയിരിക്കും. ഐഫോണ്‍ 17 പ്രോ മോഡലിന് 1,30,000 രൂപയും പ്രോ മാക്‌സിന് 1,44,900 രൂപയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സാങ്കൽപ്പിക ചിത്രം.
2026ല്‍ ആണ് ആപ്പിളിന്‍റെ ഗെയിം ചേഞ്ചര്‍ ഫോണ്‍ എത്തുന്നത്. അത് ആപ്പിളിന്‍റെ ആദ്യത്തെ മടക്കാവുന്ന (ഫോള്‍ഡബിള്‍) ഐഫോണ്‍ ആണ്. വി68 എന്ന കോഡ് നാമത്തിലുള്ള ഈ ഫോണ്‍ സാംസങിന്‍റെ ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ പോലെ കാണപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാല് ക്യാമറകള്‍ ഉണ്ടായിരിക്കും. ഒന്ന് മുന്‍വശത്തും ഒന്ന് ഉള്‍വശത്തും, ബാക്കി രണ്ടെണ്ണം പിന്‍വശത്തുമായിരിക്കും ഉണ്ടാവുക. കൂടാതെ ഐഫോണ്‍ എയര്‍ മോഡലിനെ പോലെ ഫിസിക്കല്‍ സിം കാര്‍ഡ് സ്ലോട്ട് ഉണ്ടായിരിക്കില്ല. ഫേസ് ഐഡിക്കു പകരം ടച്ച് ഐഡിയായിരിക്കും ഉപയോഗിക്കുക.
സാങ്കൽപ്പിക ചിത്രം.
2027 വര്‍ഷമെന്നത് ഐഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതിന്‍റെ 20ാം വര്‍ഷം കൂടിയാണ്. അതുകൊണ്ടു തന്നെ 2027ല്‍ വാര്‍ഷിക ദിനം ആചരിക്കുമ്പോള്‍ ഐഫോണ്‍ 20 കര്‍വ്ഡ് ഗ്ലാസ് എഡ്ജ് മോഡലായിരിക്കും. നിലവില്‍ ചതുരാകൃതിയിലുള്ള രൂപകല്‍പ്പനയോടു കൂടിയാണ് ഐഫോണ്‍ പുറത്തിറങ്ങുന്നത്.
ചുരുക്കത്തില്‍ 2025 വര്‍ഷം ഐഫോണിനെ സംബന്ധിച്ച് ഒരു വിപ്ലവകരമായ വര്‍ഷമായിരിക്കില്ല. എന്നാല്‍ 2026, 2027 വര്‍ഷങ്ങളിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയാകുന്നത് 2025 വര്‍ഷമായിരിക്കും.