

തന്‍റെ ഓഫിസിൽ ഡാഷ്‌ബോർഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഡേറ്റ അധിഷ്ഠിത ഭരണം ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കൊച്ചി / ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനിയായ സൈബർ ഷെൽട്ടറിന്‍റെ പുതിയ ഗ്ലോബൽ ഡെലിവറി സെന്‍ററും സൈബർ സെക്യൂരിറ്റി സെന്‍റർ ഒഫ് എക്സലൻസും കൊച്ചി കാക്കനാട് സ്മാർട്ട്സിറ്റിയിലെ ലുലു ഐടി ട്വിൻ ടവേഴ്സിൽ പ്രവർത്തനമാരംഭിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഡേറ്റ അധിഷ്ഠിത ഭരണനിർവഹണത്തിലേക്ക് കേരളം മാറുന്ന ഈ ഘട്ടത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം വളരെ വലുതാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു. തന്‍റെ ഓഫിസിൽ ഡാഷ്‌ബോർഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഡേറ്റ അധിഷ്ഠിത ഭരണം ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സൈബർ സുരക്ഷാ സാങ്കേതികവിദ്യ, ഗവേഷണം, ഉൽപ്പന്ന വികസനം, ആഗോള സേവന കൈമാറ്റം എന്നിവയിൽ കമ്പനി നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങളിലെ പ്രധാന നാഴികക്കല്ലാണിത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർഷെൽട്ടർ, ഇന്ത്യ-ജിസിസി മേഖലയിലെയും ആഗോള വിപണിയിലെയും നൂറിലധികം വൻകിട കോർപ്പറേറ്റ് ഉപയോക്താക്കൾക്കും നിരവധി പരോക്ഷ ഉപയോക്താക്കൾക്കും സമഗ്രമായ സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. സർക്കാർ, ബാങ്കിങ്, സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവയിൽ ഏഴുന്നൂറിലധികം മികച്ച പദ്ധതികൾ കമ്പനി ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്.
അത്യാധുനിക സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ്, എ ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ, ഗവേഷണ വികസന പ്രവർത്തനങ്ങൾ, പ്രോഡക്റ്റ് എഞ്ചിനീയറിങ്, വിദഗ്ധ സൈബർ സുരക്ഷാ സംഘം എന്നിവയെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് കൊച്ചിയിലെ കേന്ദ്രം.