

ഫോട്ടോഷോപ്പ് എന്നു കേട്ടിട്ടില്ലാത്തവർ കുറയും. ഫോട്ടോ എഡിറ്റിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച അഡോബിയുടെ ഈ പ്ലാറ്റ്‌ഫോം ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കാലത്തിനൊത്ത് മാറുകയാണ്. ഡാലി (DALL-E) പോലുള്ള എഐ പ്ലാറ്റ്‌ഫോമുകൾ സംസാരഭാഷയിൽ നൽകുന്ന കമാൻഡുകൾ ഉപയോഗിച്ച് ഇഷ്ടാനുസരണം ചിത്രങ്ങൾ വരച്ചു നൽകുന്ന കാലത്ത്, ഡിജിറ്റൽ ഫോട്ടോ പ്രോസസിങ്ങിലെ കുലപതികളായ അഡോബിക്കു മാറിനിൽക്കാൻ സാധിക്കുന്നതെങ്ങനെ!
ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാൻ സഹായിക്കുന്ന അഡോബിയുടെ ഫയർഫ്ലൈ എഐ മോഡൽ ഇനി മലയാള ഭാഷയും സപ്പോർട്ട് ചെയ്യും എന്നതാണ് ഏറ്റവും പുതിയ വാർത്ത. മലയാളം കൂടാതെ, ഹിന്ദി, ഗുജറാത്തി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നിവ അടക്കം പുതിയതായി 100 ഭാഷകൾക്കുള്ള സപ്പോർട്ടാണ് അഡോബി ഉൾപ്പെടുത്തിയിരിക്കുന്നത്.
അഡോബിയുടെ കോർ ആപ്ലിക്കേഷനുകളുടെ ഭാഗമാണ് ഫയർഫ്ലൈ; അതായത്, ഫോട്ടോഷോപ്പ്, എക്സ്പ്രസ്, ഇല്ലസ്ട്രേറ്റർ തുടങ്ങിയവക്കൊപ്പം ഫയർഫ്ലൈയും വരും. പ്രത്യേകം വെബ് സർവീസായും ഇതു ലഭ്യമാണ്. പരീക്ഷിച്ചു നോക്കാൻ താത്പര്യമുള്ളവർ https://firefly.adobe.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ജിമെയിൽ ഐഡി ഉപയോഗിച്ച് സൗജന്യമായി ലോഗിൻ ചെയ്യാൻ സാധിക്കും.
ഉപയോക്താക്കൾക്ക് പ്രാദേശിക ഭാഷകളിൽ നൽകുന്ന കമാൻഡുകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്‍റെ മെച്ചം. ഫയർഫ്ലൈ സ്യൂട്ട് ലോഞ്ച് ചെയ്തിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ഇതിനകം 100 കോടി ചിത്രങ്ങൾ ഇതുപയോഗിച്ച് ഉപയോക്താക്കൾ വരച്ചുകഴിഞ്ഞെന്നാണ് കമ്പനി അവകാശപ്പെടുന്നത്.