പുരി: മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയുടെയും കുറ്റവാളികളെ പെരുമാറ്റത്തിൽ നിന്നു തിരിച്ചറിയാനാകുന്ന വിദഗ്ധരുടെയും സഹായത്തോടെ ഇത്തവണ പുരി രഥയാത്രയ്ക്കിടയിൽ നിന്ന് ഒഡീഷ പൊലീസ് പിടികൂടിയത് 90 മോഷ്ടാക്കളെ. മോഷ്ടിച്ച 60 മൊബൈൽ ഫോണുകൾ ഉടമകൾക്കു തിരികെ നൽകാനുമായി.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ഉത്സവമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കുറ്റമറ്റതാക്കിയത്. വലിയ ജനക്കൂട്ടമുണ്ടാകുന്ന പരിപാടികളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ഒഡീഷ പൊലീസ്.
ഇതാദ്യമാണു രഥയാത്രയുടെ സുരക്ഷയ്ക്ക് മുഖം തിരിച്ചറിയാനുള്ള ക്യാമറ (എഫ്ആർസി) ഉപയോഗിക്കുന്നത്. രഥയാത്ര കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളിൽ നേരത്തേ തന്നെ എഫ്ആർസി സ്ഥാപിച്ചു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് സ്ഥിരം കുറ്റവാളികളായ 300 പേരുടെ ഫോട്ടൊയുൾപ്പെടെ വിവരങ്ങൾ അപ്ലോഡ് ചെയ്തു. രഥയാത്രാ സമയത്ത് ഭക്തരുടെ ശ്രദ്ധ ജഗന്നാഥ, ബലഭദ്ര, സുഭദ്രാ വിഗ്രഹ ദർശനത്തിലേക്കു മാറുമ്പോഴോ രഥം വലിക്കുമ്പോഴോ ആണ് പോക്കറ്റടിക്കാർ മാലയും മൊബൈൽ ഫോണും പഴ്സുമടക്കം മോഷ്ടിക്കുന്നത്.
പോക്കറ്റടി തടയാൻ ഒഡീഷ പൊലീസ് ഇത്തവണ 11 അംഗ പ്രത്യേക സംഘം (ടിഎസിടി) രൂപീകരിച്ചിരുന്നു. ഇതിനു കീഴിൽ നാലു മുതൽ ആറു വരെ സായുധ റിസർവ് പൊലീസ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചു. പെരുമാറ്റം കൊണ്ട് കുറ്റവാളികളെ വേഗം തിരിച്ചറിയാനുള്ള പരിശീലനം ഇവർക്കു നൽകി. ടിഎസിടി അംഗങ്ങൾ സാധാരണ വേഷത്തിലാണെത്തിയത്. പ്രായമായവരെയും സ്ത്രീകളെയുമാണ് മാല മോഷ്ടാക്കൾ കൂടുതലായി ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ മാസം 30 വരെ 92 മാല മോഷ്ടാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ 41 പേർ ഒഡീഷ സ്വദേശികൾ തന്നെയാണ്. 23 പേർ പശ്ചിമ ബംഗാളിൽ നിന്ന്. ആന്ധ്രപ്രദേശ്-9, ബിഹാര്ഡ- 8, യുപി-5, ഛത്തിസ്ഗഡ്-4, ഝാർഖണ്ഡ്, മധ്യപ്രദേശ്- 1 വീതം എന്നിങ്ങനെയാണു മറ്റു പ്രതികളുടെ വിവരം.
17 സിസിടിവി ക്യാമറകൾ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം അഞ്ചു പേരെ പ്രത്യേകം നിരീക്ഷിച്ചു. ഇതിലൊരാളെ അറസ്റ്റ് ചെയ്തപ്പോൾ ബിഹാറിൽ നിന്ന് 12 അംഗ മോഷണ സംഘം എത്തിയെന്നു വെളിപ്പെടുത്തിയതായും പൊലീസ്.