തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മാതാപിതാക്കളെ മാധ്യമ പ്രവർത്തകർ വളയുന്നു എന്നു തോന്നിക്കും വിധം തയാറാക്കപ്പെട്ട വ്യാജ ഫോട്ടോ.
തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മാതാപിതാക്കളെ മാധ്യമ പ്രവർത്തകർ വളയുന്നു എന്നു തോന്നിക്കും വിധം തയാറാക്കപ്പെട്ട വ്യാജ ഫോട്ടോ.

സൂക്ഷിക്കുക, എഐ വ്യാജൻമാർ നമുക്കിടയിൽ പ്രചരിക്കുന്നു

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങൾ കേരള സമൂഹത്തിൽ നേരിട്ട് ഇടപെട്ട് തുടങ്ങിയതിന്‍റെ രണ്ട് ഉദാഹരണങ്ങൾ സമീപ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കണ്ടു

നീതു ചന്ദ്രൻ

ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. അത്ര ശക്തമാണ് ഒരു ചിത്രത്തിന്‍റെ പ്രഭാവം എന്നതിൽ സംശയമില്ല. ഇനിയിപ്പോൾ ചിത്രം വ്യാജമാണെങ്കിലും ഒരു യഥാർഥ ചിത്രം ഉണ്ടാക്കുന്ന അതേ പ്രഭാവം തന്നെ ഉണ്ടാകുമെന്നതാണ് അതിന്‍റെ മറുവശം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻ‌സിന്‍റെ വിസ്മയ കാലം ഭയപ്പെടുത്തുന്ന കാലമായി മാറുന്നതിനു കാരണവും മറ്റൊന്നല്ല. നൊടിനേരം കൊണ്ടുണ്ടാക്കി പ്രചരിപ്പിക്കുന്ന പല ചിത്രങ്ങളും സമൂഹത്തെ തെറ്റായ ധാരണകളിലേക്കു നയിക്കുന്നുണ്ട്.

മാധ്യമ വേട്ടയുടെ ചിത്രം യഥാർഥമോ?

മേൽ പറഞ്ഞ ചിത്രവും, അതു വ്യാജമാണെന്നു വ്യക്തമാക്കുന്ന തെളിവുകളും.
മേൽ പറഞ്ഞ ചിത്രവും, അതു വ്യാജമാണെന്നു വ്യക്തമാക്കുന്ന തെളിവുകളും.

കൊല്ലത്തെ ഓവൂരിൽ നിന്ന് ആറു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയത് കേരളത്തിന്‍റെ മുഴുവൻ ഉറക്കം കെടുത്തിയ സംഭവമായിരുന്നു. കുട്ടിയെ തിരിച്ചു കിട്ടിയതിന്‍റെ ആശ്വാസത്തിലാണിപ്പോൾ കേരളം. സംഭവത്തിൽ മാധ്യമങ്ങൾ നിയന്ത്രണം ലംഘിച്ചുവെന്നും കുടുംബാംഗങ്ങളോട് ഔചിത്യമില്ലാതെ സംസാരിച്ചുവെന്നുമുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. അതിനൊപ്പം മാധ്യമങ്ങളെ വില്ലന്മാരായി ചിത്രീകരിച്ചു കൊണ്ടുള്ള ഒരു എഐ ചിത്രവും പ്രചരിക്കുന്നുണ്ട്. ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാൽ എഐ ചിത്രമാണെന്ന് വ്യക്തമാകും. പക്ഷേ, സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായിക്കൊണ്ടിരിക്കേ യാഥാർഥ്യമെന്നു തോന്നും വിധത്തിലുള്ള ഫേക് ചിത്രം പ്രചരിപ്പിക്കുന്നത് സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കിയേക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുറന്നു വിട്ട അപാരമായ സാധ്യതകൾ ദുരുപയോഗത്തിന്‍റെ കറുത്ത ഏടുകളിലേക്ക് അനായാസമായി ചേക്കേറുന്നതിന്‍റെ തികഞ്ഞ ഉദാഹരണമായി ഈ ചിത്രത്തെ കണക്കാക്കാം. സമൂഹമാധ്യമങ്ങളിൽ ഇതേ ചിത്രം യഥാർഥമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നവർ ധാരാളമാണെന്നതാണ് മറ്റൊരു യാഥാർഥ്യം. നിർണായക ഘട്ടങ്ങളിൽ ഇത്തരം യാഥാർഥ്യമെന്ന് വിശ്വസിച്ചോ അല്ലാതെയോ ഇത്തരം ഫേക് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പല സാഹചര്യങ്ങളെയും കൂടുതൽ കലുഷിതമാക്കുമെന്നതിൽ സംശയമില്ല.

കമ്യൂണിസ്റ്റ് പാർട്ടിയുടെ കംപ്യൂട്ടർ പ്രതിഷേധം

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ വ്യാജ ചിത്രം.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ വ്യാജ ചിത്രം.

നിമിഷംപ്രതിയെന്നോണം സാങ്കേതിക വിദ്യ വികസിക്കുന്നതിനാൽ ദുരുപയോഗവും അതു പോലെ തന്നെ പരിധികൾ ലംഘിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകർ കംപ്യൂട്ടർവത്കരണത്തിനെതിരേ പ്രചരണം നടത്തിയിരുന്ന കാലത്ത് കംപ്യൂട്ടറുകൾ തല്ലിത്തകർക്കുന്നു എന്ന രീതിയിൽ വ്യാജമായി നിർമിച്ചെടുത്ത മറ്റൊരു ചിത്രവും ഇതേ രീതിയിൽ വൻ തോതിൽ പ്രചരിക്കപ്പെടുന്നുണ്ട്.

ദുരുപയോഗം കൊണ്ട് കുപ്രസിദ്ധിയാർജിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്. കുടത്തിൽ നിന്ന് തുറന്നു വിട്ട ഭൂതത്തെപ്പോലെ പിടിച്ചു കെട്ടാൻ കഴിയാത്ത വിധം പല മേഖലകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും അതിന്‍റെ ദുരുപയോഗവും പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. യാഥാർഥ്യമെന്ന മട്ടിൽ പ്രചരിക്കപ്പെടുന്ന ഡീപ് ഫേക് വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രശ്നത്തിന്‍റെ ആഴം വർധിപ്പിക്കുന്നുണ്ട്. ജനാധിപത്യം നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളി എന്നാണ് ഡീപ് ഫേക്കിനെ കേന്ദ്ര ഐടി മന്ത്രി വിശേഷിപ്പിച്ചത്. അതു കൊണ്ടു തന്നെ ഡീപ് ഫേക്കിന് തടയിടുന്നതിനായുള്ള നിയമനിർമാണത്തിലേക്ക് രാജ്യം പ്രവേശിച്ചിട്ടുമുണ്ട്.

സൂക്ഷിച്ചു നോക്കിയാൽ കണ്ടുപിടിക്കാം

  1. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ദുരുപയോഗം ചെയ്തു നിർമിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷ്മ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ഏതെങ്കിലും ടൂളുകൾ ഉപയോഗിച്ച് ഇവയെല്ലാം കണ്ടെത്താൻ കഴിയുമെന്ന് ധരിക്കരുത്. മിക്കവാറും എഐ ചിത്രങ്ങളിൽ കണ്ടെത്താറുള്ള ക്രമരാഹിത്യങ്ങളെക്കുറിച്ച് പറയാം.

  2. ചിത്രത്തിന്‍റെ അല്ലെങ്കിൽ വീഡിയോയുടെ ഗുണ നിലവാരം (ക്വാളിറ്റി) വളരെ കുറവായിരിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

  3. മറ്റൊന്ന്, പരിമിതമായ മാതൃകകളിൽ അല്ലെങ്കിൽ ലേ ഔട്ടുകളിൽ ആയിരിക്കും ഇവ പുറത്തിറങ്ങുക. ഒരു ചിത്രം യഥാർഥമാണോയെന്ന് പരിശോധിക്കുന്നതിനായി ചിത്രത്തിന്‍റെ ഏതെങ്കിലും ഒരു ഫ്രെയിം സൂം ചെയ്ത് സ്ക്രീൻ ഷോട്ടോ അതേ രീതിയിൽ ഉള്ള മറ്റേതെങ്കിലും ടെക്നോളജിയോ ഉപയോഗിച്ച് കോപ്പി ചെയ്ത് റിവേഴ്സ് എൻ‌ജിൻ ഇമേജ് തെരയുക. അത്തരത്തിലുള്ള മറ്റ് ഇമേജുകൾ കണ്ടെത്താൻ ഇതു സഹായകമാകും.

  4. ചിത്രം അല്ലെങ്കിൽ വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം. ഫ്രെയിം ബൈ ഫ്രെയിം ആയി നോക്കുക

  5. ചിത്രത്തിന്‍റെ അരികുകൾ വ്യക്തമല്ലാത്ത (Blur) ആയ നിലയിലായിരിക്കും. അല്ലെങ്കിൽ ചിത്രം മൊത്തത്തിൽ വ്യക്തതയില്ലാത്തതായിരിക്കും

  6. ക്രമരഹിതമായ (Irregular) വിധത്തിലായിരിക്കും കണ്ണുകൾ. വീഡിയോ ആണെങ്കിൽ ലിപ് സിങ്കിൽ വ്യതിയാനം ഉണ്ടായിരിക്കും.

  7. ചിത്രത്തിലെ അല്ലെങ്കിൽ വീഡിയോയിലെ ലൈറ്റിങ്ങിൽ സ്ഥിരത ഉണ്ടായിരിക്കില്ല. അല്ലെങ്കിൽ നിഴലുകൾ സ്ഥിരതയില്ലാത്ത (Inconsistant) രീതിയിലോ തെറ്റായ രീതിയിലോ ആയിരിക്കും.

  8. വീഡിയോ ആണെങ്കിൽ അതിനൊപ്പമുള്ള ഓഡിയോ സൂക്ഷ്മമായി ശ്രദ്ധിക്കുക. ടോൺ, പിച്ച്, ബിജിഎം എന്നിവയിൽ ക്രമക്കേട് ഉണ്ടായിരിക്കും.

  9. മുഖഭാവം, ശരീരഭാവം എന്നിവ ശ്രദ്ധിക്കുക.കണ്ണുകൾ ചിമ്മുന്നതിലും , ശ്വാസോച്ഛ്വാസത്തിലും ക്രമമില്ലായ്മ കണ്ടെത്താൻ സാധിക്കും.

  10. സ്കിൻടോണിൽ സ്ഥിരതയുണ്ടാകില്ല.

  11. ‌അസാധാരണമാം വിധം വ്യക്തതയില്ലാത്ത ചിത്രമായിരിക്കും.

  12. ഒരു പുരികത്തിനു മുകളിൽ മറ്റൊരു പുരികം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

  13. ഒരേയാൾക്ക് രണ്ട് താടിയോ മൂന്നു കൈയോ കണ്ടേക്കാം.

  14. പല്ലുകളിൽ ക്രമരാഹിത്യവും അവ്യക്തതയും ഉണ്ടായേക്കാം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com