എഐ കാരണം തൊഴിൽ നഷ്ടം ഇനിയും കൂടും | Video
ന്യൂഡൽഹി: നിർമിത ബുദ്ധി ഇനിയും ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ ആമസോണിന്‍റെ സിഇഒ ആന്‍ഡി ജാസ്സി. ജനറേറ്റീവ് എഐ കൂടുതല്‍ പ്രചാരത്തിലാകുമ്പോള്‍, അത് ജോലി ചെയ്യുന്ന രീതിയെ തന്നെ മാറ്റും. ചില ജോലികള്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുകയും മറ്റ് തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആമസോണ്‍ ഏകദേശം 27,000 ജോലികള്‍ വെട്ടിക്കുറച്ചു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ആമസോണിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഇനിയും കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറേറ്റീവ് എഐ പോലുള്ള സാങ്കേതികവിദ്യകള്‍ അപൂര്‍വമാണ്. അവ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. ഇന്‍റര്‍നെറ്റിനു ശേഷമുള്ള ഏറ്റവും പരിവര്‍ത്തനാത്മകമായ സാങ്കേതികവിദ്യയാണ് ജനറേറ്റീവ് എഐ. ആമസോണ്‍ വളരെ വിപുലമായ നിക്ഷേപമാണ് എഐയില്‍ നടത്തുന്നതെന്നും ജാസ്സി പറഞ്ഞു. നമ്മള്‍ സ്വപ്നം കണ്ടിരുന്ന പുതിയ അനുഭവങ്ങള്‍ ഇപ്പോള്‍ യാഥാർഥ്യമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.