അന്യഗ്രഹജീവികൾ വരുന്നു? ചെറു നഗരത്തോളം വലിപ്പമുള്ളതെന്തോ സൗരയൂഥത്തിൽ!
വിചിത്രവും അത്യപൂർവവുമായൊരു വസ്തുവിനെ സൗരയൂഥത്തിൽ കണ്ടെത്തിയതിന്‍റെ ത്രില്ലിലാണ് ശാസ്ത്രജ്ഞർ. ഒരു ചെറു നഗരത്തോളം വലിപ്പമുള്ള വസ്തുവാണ്; സൗരയൂഥത്തിനു പുറത്തുള്ള ഏതോ നക്ഷത്രസമൂഹത്തിൽ നിന്നാണ് പാഞ്ഞു വരുന്നത്; പക്ഷേ, ഉൽക്കയാണെന്ന് ഉറപ്പിച്ചു പറയാനും കഴിയുന്നില്ല. ഇനിയിപ്പോൾ വരുന്നത് അന്യഗ്രഹ ജീവികളുടെ പേടകമാണോ എന്നു പോലും ചിലർ സംശയിക്കുന്നുണ്ട്.
നിലവിൽ 31/അറ്റ്ലസ് എന്നാണ് വസ്തുവിന് നൽകിയിരിക്കുന്ന പേര്. മുൻപ് ഇതിന് എ11പിഎൽ3 സെഡ് എന്നായിരുന്നു പേര്. ജൂലൈ ഒന്നിന് ചിലിയിലെ ഗവേഷകരാണ് ആദ്യമായി അറ്റ്ലസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളിൽ തന്നെ ഇത് സൗരയൂഥത്തിനു പുറത്തു നിന്നെത്തിയതാണെന്ന് ഗവേഷകർക്കു വ്യക്തമായി. അങ്ങനെയെങ്കിൽ സൗരയൂഥത്തിന് പുറത്തു നിന്ന് എത്തുന്ന മൂന്നാമത്തെ അതിഥിയാണ് അറ്റ്ലസ്.
10 മുതൽ 20 കിലോമീറ്റർ വരെയാണ് ഇതിന്‍റെ വീതി. മാൻഹാട്ടൻ നഗരത്തെക്കാൾ കൂടുതൽ വലുപ്പം. ബഹിരാകാശത്തു കൂടി മണിക്കൂറിൽ 1,30,000 മൈൽ വേഗത്തിൽ, അതായത് സെക്കൻഡിൽ 60 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. അടുത്ത കുറച്ചു മാസങ്ങൾക്കിടയിൽ വ്യാഴം, ചൊവ്വ, ശുക്രൻ എന്നിവയെക്കടന്ന് സൂര്യനു പുറകിൽ മറയും.
പാഞ്ഞു വരുന്നത് വെറുമൊരു പാറക്കഷ്ണം അല്ലെന്ന് സമർഥിക്കുന്നൊരു പ്രബന്ധം ജൂലൈ 16ന് പുറത്തു വന്നിരുന്നു. ഹാർവാർഡ് അസ്ട്രോ ഫിസിസിസ്റ്റ് ആവി ലോയ്ബിന്‍റേതാണ് ഈ പഠനം. അന്യഗ്രഹജീവികളുടെ ബഹിരാകാശ പേടകം ആയിരിക്കാം എന്നാണിവർ സംശയിക്കുന്നത്. എന്നാൽ, അന്യഗ്രഹ ജീവികളാണെന്ന് ഇവർ ഉറപ്പിച്ചു പറയുന്നുമില്ല. സാധ്യത മാത്രമാണ് മുന്നോട്ടു വയ്ക്കുന്നത്.
ഇത്തരമൊരു സംശയത്തിന്‍റെ കാരണവും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപ് സൗരയൂഥത്തിന് പുറത്തു നിന്നെത്തിയ ഔമുവാമുവ എന്ന വസ്തുവിനെക്കാൾ വേഗത്തിലാണ് അറ്റ്ലസിന്‍റെ സഞ്ചാരം. അതു മാത്രമല്ല, സൗരയൂഥത്തിലേക്ക് വ്യത്യസ്തമായ ഒരു കോണിലൂടെയാണ് അറ്റ്ലസ് പ്രവേശിച്ചിരിക്കുന്നത്. ഇതൊരു പക്ഷേ അന്യഗ്രഹജീവികളുടെ ബുദ്ധിപരമായ നീക്കമായിരിക്കാം എന്ന് ലോയ്ബ് പറയുന്നു.
അറ്റ്ലസിന്‍റെ സഞ്ചാരപാതയും അൽപ്പം വ്യത്യസ്തമാണ്. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ പ്രധാന ഗ്രഹങ്ങളെ കടന്നാണ് അറ്റ്ലസ് പോകുന്നത്. ഇത്തരമൊരു പാത മുൻകൂട്ടി ആസൂത്രണം ചെയ്യാതെ സംഭവിക്കാൻ വളരെ സാധ്യത കുറവാണെന്ന് ലോയ്ബ് പറയുന്നു. ഇവയിൽ നിന്നെല്ലാം മനസിലാകുന്നത് സൗരയൂഥത്തിന്‍റെ ഉള്ളറകളെ ലക്ഷ്യമാക്കിയുള്ള നീക്കമാണെന്നാണ്.
നവംബറിൽ ഇതു സൂര്യനു പുറകിൽ മറഞ്ഞേക്കും. എന്നു വച്ചാൽ, ഭൂമിയിൽ നിന്ന് പിന്നെ അറ്റ്ലസിനെ കാണാൻ സാധിക്കില്ല. കടന്നു പോകുന്നതിനിടെ അറ്റ്ലസിൽ നിന്നെന്തെങ്കിലും വസ്തുക്കൾ ഭൂമി അടക്കമുള്ള ഗ്രഹങ്ങളിൽ നിക്ഷേപിക്കാനുള്ള സാധ്യതകളും ലോയ്ബ് ചൂണ്ടിക്കാണിക്കുന്നു. ഇനിയിപ്പോൾ അറ്റ്ലസിനെ പിന്തുടർന്നു പോകാമെന്ന് കരുതിയാൽ, നാം നിർമിച്ചിരിക്കുന്ന ഏറ്റവും വേഗമേറിയ റോക്കറ്റുകൾക്ക് പോലും അറ്റ്ലസിന്‍റെ വേഗത്തിന്‍റെ പാതി വേഗത്തിൽ പോലും സഞ്ചരിക്കാൻ സാധിക്കില്ലെന്നും ലോയ്ബ് പറയുന്നു.
ലോയ്ബിന്‍റെ സാധ്യതകൾ ഇന്‍റർനെറ്റിൽ ചർച്ചയായെങ്കിലും മറ്റു ഗവേഷകർ അത്ര തൃപ്തരല്ല. നിലവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പ്രകൃത്യാലുള്ള ഒരു ഉൽക്കയാണ് അറ്റ്ലസ് എന്നാണ് ക്യാനഡയിലെ റെജീന യൂണിവേഴ്സിറ്റിയിലെ ഗവേഷക സാമന്ത ലോലർ പറയുന്നത്. മറ്റു നക്ഷത്ര സമൂഹങ്ങളിൽ നിന്ന് ഇത്തരത്തിൽ ലക്ഷക്കണക്കിന് വസ്തുക്കൾ പുറന്തള്ളപ്പെടാറുണ്ട്. അതിൽ ഒന്നായിരിക്കാം ഇതുമെന്ന് സാമന്ത. അറ്റ്ലസിനെ കണ്ടെത്തിയ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ക്രിസ് ലിന്‍ററ്റ് ലോയ്ബിന്‍റെ സിദ്ധാന്തത്തെ 'തനി വിഡ്ഢിത്തം' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതാദ്യമായല്ല ലോയ്ബ് അന്യഗ്രഹജീവികളും പേടകങ്ങളുമായി ബന്ധപ്പെട്ട വിചിത്രമായ തത്വങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. 2017ൽ സൗരയൂഥത്തിലെത്തിയ ഔമുവാമുവയെ സംബന്ധിച്ചും ലോയ്ബ് ഇത്തരത്തിലൊരു സിദ്ധാന്തം മുന്നോട്ടു വച്ചിരുന്നു. അന്യഗ്രജീവികൾ ആസൂത്രിതമായി പറഞ്ഞു വിട്ട ബഹിരാകാശ പേടകമാണതെന്നായിരുന്നു കണ്ടെത്തൽ. എന്തു തന്നെയായാലും അറ്റ്ലസിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകർ.