കൊച്ചി: ബദാം കഴിക്കുന്നത് മാനസിക സമ്മര്‍ദവും ക്ഷീണവും അകറ്റുന്നതിനു പുറമെ, കാല്, നട്ടെല്ല് എന്നിവയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും പേശികളുടെ കോട്ടം കുറയ്ക്കുമെന്നും പുതിയ പഠനം. കാലിഫോര്‍ണിയയിലെ ആല്‍മണ്ട് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനത്തിന് അപലേച്ചിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹ്യൂമന്‍ പെര്‍ഫോമന്‍സ് ലബോറട്ടറി പ്രിന്‍സിപ്പൽ ഇന്‍വെസ്റ്റിഗേറ്ററും പ്രൊഫസറുമായ ഡേവിഡ് സി. നെയ്മാനാണ് നേതൃത്വം നല്‍കിയിയത്.
ഉയര്‍ന്ന കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ധാന്യങ്ങളേക്കാള്‍ ഒന്നര മണിക്കൂര്‍ വ്യായാമം ചെയ്ത മുതിര്‍ന്നവരില്‍ നീര്‍വീക്കവും വീണ്ടെടുപ്പും ബദാം ഉപയോഗം വഴി മെച്ചപ്പെടുമോയെന്ന് പരിശോധിക്കാനാണ് പഠനസംഘം ശ്രമിച്ചത്. ശരാശരി 46 വയസുള്ള ആരോഗ്യവാന്മാരായ 64 പേരെയാണ് നാലാഴ്ചയിലേറെ നീണ്ട പഠനത്തിനായി തെരഞ്ഞെടുത്തത്.
വ്യായാമത്തിന്റെ അനന്തരഫലങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ബദാം കായിക ഭക്ഷണ ക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണെന്ന് ഡോ. നെയ്മാന് വ്യക്തമാക്കി. കായിക ക്ഷമതയ്ക്കുള്ള ആഹാരമാണ് ബദാം. 28 ഗ്രാം ബദാം ഭക്ഷിക്കുന്നതിലൂടെ 13 ഗ്രാം ആരോഗ്യകരമായ അപൂരിത കൊഴുപ്പ് ലഭിക്കുമ്പോള്‍ പൂരിത കൊഴുപ്പ് ഒരു ഗ്രാം മാത്രമാണുള്ളത്. നാരുകള്‍ കൂടാതെ മെഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി ആവശ്യമായ 15 പോഷകങ്ങളും ബദാം കഴിക്കുമ്പോള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.