അവിടെ രത്നങ്ങൾ മഴ പോലെ പെയ്യും...

കാർബൺ മേഘങ്ങളിൽ നിന്ന് രത്നങ്ങളുടെ വർഷമാണ് ഇവിടെ ഉണ്ടാകുന്നത് എന്ന ഗവേഷകർ അനുമാനിക്കുന്നു
An exo planet where diamonds rains from sky

അന്തരീക്ഷത്തിൽ ഹീലിയവും കാർബണും നിറഞ്ഞിരിക്കുന്നതാണ് രത്ന മഴയ്ക്ക് കാരണം.

Representative graphics

Updated on

രത്നങ്ങൾ മഴ പോലെ പെയ്യുന്നത് പതിവായ ഒരിടമുണ്ട്. ഇവിടെ അടുത്തൊന്നുമല്ല, ഈ ഭൂമിയിൽ പോലുമില്ല. ബഹിരാകാശത്ത്, സൗരയൂഥത്തിനും പുറത്ത് വിചിത്ര രൂപത്തിലുള്ള ഒരു ഗ്രഹത്തിലാണ്. നാരങ്ങയുടെ ആകൃതിയാണത്രെ ഈ ഗ്രഹത്തിന്. പിഎസ്ആർ ജെ2322-2650ബി (PSR J2322-2650b) എന്നാണ് പേരിട്ടിരിക്കുന്നത്!

കാർബൺ മേഘങ്ങളിൽ നിന്ന് രത്നങ്ങളുടെ വർഷമാണ് ഇവിടെ ഉണ്ടാകുന്നത് എന്ന ഗവേഷകർ അനുമാനിക്കുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST) ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വിചിത്രമായ ഈ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ദ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സ് എന്ന ജേണലിൽ ഇതു സംബന്ധിച്ച പഠന റിപ്പോർട്ടും പ്രസിദ്ധീകരിച്ചു.

നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ അത്രയാണ് ഇതിന്‍റെ വലുപ്പം. അന്തരീക്ഷം പ്രധാനമായും ഹീലിയവും കാർബണും ചേർന്നതാണ്. ഇവിടെയുള്ള കാർബൺ മേഘങ്ങളാണ് രത്ന മഴയ്ക്കു കാരണം.

ഒരു നക്ഷത്രത്തിന്‍റെ ശക്തമായ ഗുരുത്വാകർഷണ വലയത്തിൽ പെട്ടിരിക്കുകയാണ് ഈ ഗ്രഹം. സൂര്യനും ബുധനും ഇടയിലുള്ള ദൂരത്തേക്കാൾ മുപ്പത് മടങ്ങ് അടുത്ത്, അതായത് വെറും പത്ത് ലക്ഷം മൈൽ അകലെയാണ് ഈ ഗ്രഹം തന്‍റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത്. നമ്മുടെ എട്ട് മണിക്കൂർ കൊണ്ട് അവിടെ ഒരു വർഷം പൂർത്തിയാകും!

സെക്കൻഡിൽ 700 തവണ കറങ്ങുന്ന 'പൾസർ' എന്ന അതിവിചിത്ര നക്ഷത്രത്തെയാണ് ഈ ഗ്രഹം ചുറ്റുന്നത്. സ്വന്തം ഇണയെ തിന്നുതീർക്കുന്ന ചിലന്തിയുടെ പേരിൽ അറിയപ്പെടുന്ന 'ബ്ലാക്ക് വിഡോ' വിഭാഗത്തിൽപ്പെട്ടതാണ് ഈ നക്ഷത്ര വ്യൂഹം. ഒടുവിൽ ഈ നക്ഷത്രം ഗ്രഹത്തെ പൂർണമായി വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

പൾസറിന്‍റെ അതിശക്തമായ വികിരണങ്ങൾ കാരണം ഗ്രഹത്തിന്‍റെ ഒരു ഭാഗം എപ്പോഴും നക്ഷത്രത്തെ നോക്കിനിൽക്കുന്ന രീതിയിലാണ് (Tidally locked). ഇതിന്‍റെ ഒരു വശത്ത് താപനില 3,700 ഡിഗ്രി ഫാരൻഹൈറ്റ് വരെ ഉയരുമ്പോൾ, മറുഭാഗം 1,200 ഡിഗ്രി ഫാരൻഹൈറ്റായിരിക്കും. ഈ ഗ്രഹം എങ്ങനെ രൂപപ്പെട്ടു എന്നത് ഇപ്പഴും ശാസ്ത്രജ്ഞർക്ക് ഒരു വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com