
ജാഹ്നവി ദങ്കേട്ടി
ഗോദാവരി: നാല് വർഷം കഴിയുമ്പോൾ ബഹിരാകാശത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് 23കാരിയായ ജാഹ്നവി ദങ്കേട്ടി. ആന്ധ്ര പ്രദേശിലെ ഗോദാവരി ജില്ലയിലെ പലകൊല്ലുവിൽ നിന്നുള്ള ജാഹ്വിയെ 2025 ടൈറ്റാൻസ് സ്പേസ് ആസ്ട്രോനോട്ട് ക്ലാസ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ദൗത്യത്തിന്‍റെ ഭാഗമായി മൂന്നു വർഷം യുഎസിൽ പരിശീലന പരിപാടിയുണ്ട്. ദൗത്യത്തിന്‍റെ ഭാഗമായി 5 മണിക്കൂറാണ് ജാഹ്നവിക്ക് ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കുക. ബഹിരാകാശ യാത്രികൻ ബിൽ മാക് ആർതർ ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ടൈറ്റാൻ സ്പേസിന്‍റെ കീഴിലുള്ള ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരിക്കും ജാഹ്നവി. അതു മാത്രമല്ല നാസയുടെ അന്താരാഷ്ട്ര എയർ ആൻഡ് സ്പേസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയും ജാഹ്നവിയാണ്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിഗ്രി നേടിയതിനു ശേഷം ബഹിരാകാശ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ജാഹ്നവി. കുവൈറ്റിൽ ജോലി ചെയ്യുന്ന ശ്രീനിവാസന്‍റെയും പദ്മശ്രീയുടെയും മകളാണ് ജാഹ്നവി.
ഗ്രാമീണ വിദ്യാർഥികൾക്ക് പ്രചോദനം നൽകാനാണ് തനിക്ക് താത്പര്യമെന്ന് ജാഹ്നവി പറയുന്നു. ഞാനും ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. ഗ്രാമീണർക്ക് ബഹിരാകാശത്ത് പോകാൻ സാധിക്കില്ലെനെന് വിശ്വസിക്കുന്ന നിരവധി വിദ്യാർഥികളുണ്ട്. പക്ഷേ അവർ ഗൗരവത്തോടെ ശ്രമിച്ചാൽ അതു സാധ്യമാകും, ജാഹ്നവി പറയുന്നു. നാസയുടെ പീപ്പിൾസ് ചോയ്ത് പുരസ്കാരവും ഇസ്രൊയുടെ വേൾ സ്പേസ് വീക്ക് യങ് അച്ചീവർ പുരസ്കാരവും ജാഹ്നവി സ്വന്തമാക്കിയിട്ടുണ്ട്.