
ആൻഡ്രോയ്ഡ് XR ഗ്ലാസ് അടുത്ത വർഷം; ഗൂഗിളും സാംസങ്ങും കൈകോർക്കുന്നു
ആഗോള ടെക്നോളജി രംഗത്തെ ഭീമൻമാരായ ഗൂഗിളും സാംസങ്ങും കൈകോർക്കുന്നു. ആൻഡ്രോയ്ഡ് XR സ്മാർട്ട് ഗ്ലാസുകൾ 2026ൽ വിപണിയിലിറക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ഈ സ്മാർട്ട് ഗ്ലാസിന്‍റെ പ്രോട്ടോടൈപ്പ് കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നെങ്കിലും, ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടില്ല. ഓഗ്മെന്‍റഡ് റിയാലിറ്റി, എക്സ്റ്റന്‍റഡ് റിയാലിറ്റി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ XR ഗ്ലാസുകൾക്കു സാധിക്കുമെന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.
സോഫ്റ്റ്വെയർ രംഗത്തെ ഗൂഗിളിന്‍റെ വൈദഗ്ധ്യവും ഹാർഡ്വെയർ രംഗത്തെ സാംസങ്ങിന്‍റെ പരിചയസമ്പത്തും ഒരുമിക്കുമ്പോൾ വിപണിയിൽ ട്രെൻഡ് സെറ്ററായി മാറാൻ ഇതിനു സാധിച്ചേക്കും.
ആൻഡ്രോയ്ഡ് ആപ്പുകളും ഗൂഗിൾ സർവീസുകളും കണ്ണടയിലൂടെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്‍റെ രൂപകൽപ്പന. ഇതര ഭാഷകളിലുള്ള ഫോൺകോളുകൾ തത്സമയം സ്വന്തം ഭാഷയിൽ കേൾക്കാനും ഗൂഗിൾ മാപ്പ് നാവിഗേറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും.