'സിറി' സ്വകാര്യസംഭാഷണങ്ങൾ ചോർത്തി; കാശ് കൊടുത്ത് കേസ് ഒതുക്കാൻ ആപ്പിൾ

സെറ്റിൽമെന്‍റ് അംഗീകരിച്ചാൽ 2014 സെപ്റ്റംബർ 17 മുതൽ ഐഫോണോ ആപ്പിളിന്‍റെ മറ്റു ഡിവൈസുകളോ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി അവകാശവാദമുന്നയിക്കാം.

കാലിഫോർണിയ: ആപ്പിളിന്‍റെ വെർച്വൽ അസിസ്റ്റന്‍റ് സിറി ഉപയോക്താക്കളുടെ സംസാരം ഒളിഞ്ഞു കേട്ടുവെന്ന് ആരോപിക്കുന്ന കേസ്, 9.5 കോടി യുഎസ് ഡോളർ നൽകി ഒത്തുതീർപ്പാക്കാൻ ആപ്പിൾ. ആപ്പിളിന്‍റെ ഐഫോൺ അടക്കമുള്ള ഡിവൈസുകൾ വഴി സിറി സംഭാഷണങ്ങൾ ചോർത്തി എന്ന പരാതിയിൽ അഞ്ച് വർഷം മുൻപാണ് കേസ് ഫയൽ ചെയ്തത്. ഒരു ദശാബ്ദത്തോളമായി സിറി ഈ ചോർത്തൽ തുടരുകയാണെന്നും കേസിൽ ആരോപിക്കുന്നു. ''ഹേയ് സിറി'' എന്ന ട്രിഗർ വേർഡിലൂടെ വെർച്വൽ അസിസ്റ്റന്‍റിന്‍റെ സഹായം ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ഉപയോക്താക്കളുടെ സംഭാഷണം റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് ആരോപണം. പിന്നീട് ഇതു പല കമ്പനികൾക്കും ചോർത്തിക്കൊടുക്കുകയും ചെയ്തിരുന്നു. സംഭാഷണത്തിൽ നിന്ന് ഉപയോക്താക്കൾക്ക് താത്പര്യമുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും കമ്പനികൾ നേരിട്ട് ഉപയോക്താവിനെ സമീപിക്കുകയും ചെയ്യും.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തെ തകർത്തു കൊണ്ടാണ് ഈ ആരോപണങ്ങൾ ഉയർന്നു വന്നത്. ഒത്തുതീർപ്പിന് തയാറാണെന്ന് ചൊവ്വാഴ്ച കാലിഫോർണിയയിലെ ഫെഡറൽ കോടതിയെ ആപ്പിൾ അറിയിച്ചു. കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും. സെറ്റിൽമെന്‍റ് അംഗീകരിച്ചാൽ 2014 സെപ്റ്റംബർ 17 മുതൽ ഐഫോണോ ആപ്പിളിന്‍റെ മറ്റു ഡിവൈസുകളോ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി അവകാശവാദമുന്നയിക്കാം. സെറ്റിൽമെന്‍റ് പ്രകാരം സിറി ഉപയോഗിച്ചു വരുന്ന ഓരോ ഡിവൈസുകൾക്കും 20 യുഎസ് ഡോളർ വരെ ലഭിച്ചേക്കും. ഈ തുകയിൽ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.

5 ശതമാനം വരെ ഉപയോക്താക്കൾക്ക് അവകാശവാദം ഉന്നയിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പരമാവധി അഞ്ച് ഡിവൈസുകളിൽ മാത്രമേ ഒരു ഉപയോക്താവിന് അവകാശവാദം ഉന്നയിക്കാൻ സാധിക്കൂ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com