ലാൻഡിങ്ങൊക്കെ ഓക്കെ; എന്താ ചന്ദ്രചൂഡന്‍റെ ഫ്യൂച്ചർ പ്ലാൻ?

ഇന്ദുകലയെ മുടിയിൽ ചൂടിയവനാണ് ഇന്ദുചൂഡനായ ശിവൻ. പക്ഷേ, ചന്ദ്രനിപ്പോൾ ചൂടിയിരിക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാനെയാണ്.
പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ.
പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ.സാങ്കൽപ്പിക ചിത്രം.

ന്യൂഡൽഹി: ഇന്ദുകലയെ മുടിയിൽ ചൂടിയവനാണ് ഇന്ദുചൂഡനായ ശിവൻ. പക്ഷേ, ചന്ദ്രനിപ്പോൾ ചൂടിയിരിക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാനെയാണ്. ലാൻഡിങ്ങെല്ലാം ഓക്കെയായായി. എന്താണ് ചന്ദ്രയാന്‍റെ ഫ്യൂച്ചർ പ്ലാൻ?

വിക്രം ( Vikram ) ലാൻഡർ ചന്ദ്രോപരിതലത്തിൽ 'കാലുകൾ' ഉറപ്പിച്ചു കഴിഞ്ഞു. ഉള്ളിലുള്ള പര്യവേക്ഷണ വാഹനം പ്രജ്ഞാൻ ( Pragyan ) പുറത്തുവരുന്നതാണ് അടുത്ത ഘട്ടം. അത്രയുമാകുമ്പോഴേ ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കപ്പെടൂ. എന്നാൽ, സോഫ്റ്റ് ലാൻഡിങ്ങിനോളം സങ്കീർണമായിരിക്കില്ല ആ പ്രക്രിയ.

പ്രജ്ഞാൻ പുറത്തുവരുമ്പോൾ ഈ ദൗത്യം അവസാനിക്കുമോ? ഇല്ല, അതു കഴിഞ്ഞും ദൗത്യം ബാക്കിയാണ്.

ചന്ദ്രനിലെ ഒരു ദിവസം (ഭൂമിയിലെ 14 ദിവസം) ആയിരിക്കും പ്രജ്ഞാൻ റോവറിന്‍റെ നിർണായക ഓപ്പറേഷൻ. ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുകയാണ് ഇതിന്‍റെ ജോലി.

ചന്ദ്രയാൻ-3 ദൗത്യത്തിൽ അഞ്ച് ശാസ്ത്രീ‍യ ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിൽ മൂന്നെണ്ണം വിക്രം ലാൻഡറിലും രണ്ടെണ്ണം പ്രജ്ഞാർ റോവറിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇനി വിക്രമിന്‍റെ സൈഡ് പാനലുകളിലൊന്ന് നിവർത്തി റോവറിനു പുറത്തേക്കിറങ്ങാൻ പാതയൊരുക്കും. ആറു ചക്രങ്ങളിൽ ഉരുളുന്ന റോവറിനു മേൽ ഇന്ത്യൻ ദേശീയ പാതകയുടെ നിറങ്ങളും ഐഎസ്ആർഒയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.

ലാൻഡ് ചെയ്ത ശേഷം നാലു മണിക്കൂറെടുക്കും റോവറിനു പുറത്തിറങ്ങാൻ. ചന്ദ്രോപരിതലത്തിൽ, സെക്കൻഡിൽ ഒരു സെന്‍റീമീറ്റർ ആയിരിക്കും ഇതിന്‍റെ വേഗം. ഉരുളുന്ന സ്ഥലത്തെല്ലാം ഇത് ത്രിവർണത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും അടയാളങ്ങൾ പതിപ്പിച്ചായിരിക്കും നീങ്ങുക.

ചന്ദ്രോപരിതലം നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ചന്ദ്ര മണ്ഡലത്തിലെ മൂലകങ്ങളുടെ ഘടന അടക്കമുള്ള വിവരങ്ങൾ പ്രജ്ഞാൻ ശേഖരിക്കും. ഇത് ലാൻഡറിലേക്കയച്ച് അവിടെനിന്നാകും ഐഎസ്ആർഒയുടെ ബംഗളൂരു കേന്ദ്രത്തിലെത്തിക്കുക. ലാൻഡ് ചെയ്താലും ലാൻഡറിന്‍റെ ജോലിയും അവസാനിക്കുന്നില്ലെന്നർഥം. സർഫസ് പ്ലാസ്മ ഡെൻസിറ്റി, താപ സ്വഭാവം തുടങ്ങിയവയെല്ലാം പഠിക്കുന്നത് ലാൻഡറിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ വഴിയാണ്.

സൗരോർജം ഉപയോഗിച്ചായിരിക്കും ലാൻഡറിന്‍റെയും റോവറിന്‍റെയും പ്രവർത്തനം. ഇത് 14 ദിവസം നീളും. ചന്ദ്രനിലെ ഒരു ദിവസം കഴിയുന്നതോടെ ഇതു രണ്ടിന്‍റെയും ആയുസ് അവസാനിക്കാനാണ് സാധ്യത. അതിനപ്പുറത്തേക്ക് നീളണമെങ്കിൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ രാത്രിയിൽ മൈനസ് 238 ഡിഗ്രി സെൽഷ്യസ് എന്ന മാരകമായ തണുപ്പിനെ അതിജീവിക്കണം. അത് പദ്ധതിയുടെ ലക്ഷ്യമല്ലെങ്കിൽ പോലും, ഒരു ചാന്ദ്ര ദിവസം കൂടി (ഭൂമിയിലെ 14 ദിവസം) ലാൻഡറിനും റോവറിനും അധികമായി പ്രവർത്തനം തുടരാൻ സാധിക്കുമെന്ന് ഐഎസ്ആർഒയ്ക്ക് പ്രതീക്ഷയുണ്ട്.

നേരത്തെ വിക്ഷേപിച്ച ചന്ദ്രയാൻ-2 ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആശയവിനിമയത്തിന് ഇതിന്‍റെ സേവനവും ഉപയോഗപ്പെടുത്തും. അതിനുള്ള ആദ്യ പടിയായാണ് ചന്ദ്രയാൻ-2 വിക്രം ലാൻഡറിന് സ്വാഗതം സന്ദേശം അയച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com