
ജപ്പാനിലെ ടോക്കിയോയിൽ നടന്ന 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും.
image released on Aug. 29, 2025 during the 15th India-Japan Annual Summit, in Tokyo, Japan.
X/@narendramodi
ടോക്കിയോ: ചാന്ദ്രയാൻ- 5 ദൗത്യത്തിൽ ഇന്ത്യയും ജപ്പാനും കൈ കോർക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്കിയോ സന്ദർശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. സാങ്കേതിക വിദ്യയുടെ മേഖലയിലും ബഹിരാകാശ പര്യവേഷണത്തിലും ഒന്നിച്ചു ചേർന്ന് പുരോഗതി കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും സന്നദ്ധത അടയാളപ്പെടുത്തുന്നതാണ് ചാന്ദ്രയാൻ-5 ലെ പങ്കാളിത്തമെന്ന് വിലയിരുത്തപ്പെടുന്നു. ചാന്ദ്രയാൻ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാൻ-5.
ചന്ദ്രോപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ദൗത്യം. അത്യാധുനിക സാങ്കേതിക വിദ്യയും ഗവേഷണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ ജപ്പാനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടും. ചാന്ദ്രയാൻ- 5 ദൗത്യത്തിൽ ഇന്ത്യ നിർമിച്ച ലാൻഡറും ജപ്പാൻ നിർമിച്ച റോവറും ആയിരിക്കും ഉണ്ടാകുക. ഇതു വരെ ചന്ദ്രോപരിതലത്തിൽ വിന്യസിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ റോവർ ഇതായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ജപ്പാനിൽ നിന്നായിരിക്കും വിക്ഷേപണം.
ചന്ദ്രനിൽ നിന്നു പാറകളും മണ്ണും തിരികെ കൊണ്ടു വരാനായി ഇന്ത്യ വികസിപ്പിക്കുന്ന ചാന്ദ്രയാൻ-4 നു ശേഷമായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക. വിശാലമായ ഇന്തോ-ജാപ്പനീസ് സഖ്യത്തിന്‍റെ പ്രതീകം കൂടിയാണ് ഈ സംയുക്ത ദൗത്യം. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും തന്ത്രപരമായ സഹകരണത്തിനുമുള്ള ഒരു മേഖലയെന്ന നിലയിൽ ബഹിരാകാശ മേഖലയുടെ വർധിച്ചു വരുന്ന പ്രാധാന്യം ഇരു രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്.
2023ൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. വിക്രം ലാൻഡർ പ്രഗ്യാൻ റോവറുമായി ശിവശക്തി പോയിന്‍റിൽ ഇറങ്ങുകയും ഒരു ചാന്ദ്ര ദിനം(14 ഭൗമദിനങ്ങൾ) പ്രവർത്തിക്കുകയും ചെയ്തിരുന്നു. പല സുപ്രധാന കണ്ടെത്തലുകളിലും ഈ പേടകം നിർണായക പങ്കു വഹിച്ചു.
വരും വർഷങ്ങളിൽ ഗഗൻയാൻ ദൗത്യം അടക്കമുള്ളവയ്ക്കാണ് ഇന്ത്യ തയാറെടുപ്പ് നടത്തുന്നത്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. ഇതിന്‍റെ ആദ്യ ഘടകം 2028ൽ വിക്ഷേപിക്കുമെന്നാണ് സൂചനകൾ.