പരാജയത്തിൽനിന്നു പയറ്റിത്തെളിഞ്ഞ ദൗത്യം

ചന്ദ്രയാന്‍റെ മൂന്നാം ദൗത്യത്തിന്‍റെ വിജയനിലാവിൽ നിറഞ്ഞു നിൽക്കുമ്പോൾ, മുൻഗാമിയായിരുന്ന രണ്ടു ദൗത്യങ്ങൾക്കും പ്രാധാന്യമേറെയാണ്
പരാജയത്തിൽനിന്നു പയറ്റിത്തെളിഞ്ഞ ദൗത്യം

ബംഗളൂരു: പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2008 ഒക്റ്റോബർ 22നായിരുന്നു ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1. മൂന്നാം ദൗത്യത്തിന്‍റെ വിജയനിലാവിൽ നിറഞ്ഞു നിൽക്കുമ്പോൾ, മുൻഗാമിയായിരുന്ന രണ്ടു ദൗത്യങ്ങൾക്കും പ്രാധാന്യമേറെയാണ്. പരാജയങ്ങളിൽ നിന്നു പയറ്റിത്തെളിയുന്നതും പാഠങ്ങൾ ഉൾക്കൊള്ളുന്നതുമൊക്കെ ചന്ദ്രയാൻ 3ന് ഏറെ ഗുണകരമായിട്ടുണ്ട്. ഇക്കുറി സോഫ്റ്റ്ലാൻഡിങ് ഉറപ്പാണെന്നു നേരത്തെ ഐഎസ്ആർഒ വ്യക്തമാക്കിയതും മുൻദൗത്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ പാഠങ്ങളുടെ കരുത്തിലാണ്. ഉയരങ്ങളിൽ ഉലയാതെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിഞ്ഞത് ഈ പൂർവാനുഭവങ്ങളിലൂടെയാണ്.

ഇന്ത്യയുടെ ബഹിരാകാശ മോഹ സാക്ഷാത്കാരത്തിലെ നാഴികക്കല്ല് തന്നെയായിരുന്നു ചന്ദ്രയാൻ 1. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച നിരവധി വിവരങ്ങൾ ആദ്യദൗത്യത്തിലൂടെ സാധ്യമായി. 386 കോടിയോളം രൂപയായിരുന്നു ചെലവ്. വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയരും മുമ്പുള്ള 4 വർഷങ്ങൾ 200 ലേറെ ശാസ്ത്രജ്ഞർ ആ ദൗത്യത്തിനായി പ്രവർത്തിച്ചു. ആദ്യ ദൗത്യത്തിൽ ത്രിവർണ പതാക പതിപ്പിച്ച മൂൺ ഇംപാക്റ്റ് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറക്കിയിരുന്നു. ഓർബിറ്ററിൽ നിന്നു വേർപെട്ട മൂൺ ഇംപാക്റ്റ് പ്രോബ് നിരവധി ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചു. ചന്ദ്രനിലെ രാസസാന്നിധ്യം, ജലസാന്നിധ്യം എന്നിവയറിയാൻ ഏറെ പ്രയോജനകരമായിരുന്നു ചന്ദ്രയാൻ 1. പത്തു മാസമായിരുന്നു ആദ്യ ചന്ദ്രയാന്‍റെ സജീവ പ്രവർത്തന കാലാവധി. ഇക്കാലയളവിൽ വിലപ്പെട്ട പല വിവരങ്ങളും കണ്ടെത്താനായി. ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിവരങ്ങളാണിവയെന്ന് അന്നേ ശാസ്ത്രജ്ഞർ വിലയിരുത്തി.

2019 ജൂലൈ 22. ചന്ദ്രയാൻ 2 അമ്പിളിയിലെ അത്ഭുതങ്ങൾ തേടിയുള്ള യാത്ര ആരംഭിച്ച ദിവസം. ആഗസ്റ്റ് അവസാനത്തോടെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. സെപ്റ്റംബർ ആദ്യവാരം ഓർബിറ്ററിൽ നിന്നു വേർപെട്ടു. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിക്കുകയായിരുന്നു ഐഎസ്ആർഒയുടെ ലക്ഷ്യം. എന്നാൽ ആകാംക്ഷയുടെ അവസാന നിമിഷങ്ങളിൽ ലാന്‍റർ ഇടിച്ചിറങ്ങുകയായിരുന്നു. സോഫ്റ്റ് ലാൻഡിങ് സാധ്യമായില്ല. ഏകദേശം 978 കോടി രൂപയായിരുന്നു ചന്ദ്രയാൻ 2 വിന്‍റെ ചെലവ്. ചന്ദ്രയാൻ-2വിന്‍റെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ വിജയകരമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നതു തുടർന്നു. ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2വിലെ ഓർബിറ്ററായ പ്രധാൻ സേവനം തുടർന്നത്. അതും ചന്ദ്രയാൻ 3ന് ഉപകാരപ്രദമായി. മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുമ്പോൾ ലാൻഡർ മൊഡ്യൂളിലേക്ക് സ്വാഗത സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ‌

മുൻദൗത്യങ്ങൾ പകർന്ന പാഠങ്ങളിൽ നിന്നാണു ചന്ദ്രയാൻ 3 അറിയാത്ത അത്ഭതങ്ങളുടെ കഥ പറയാനായി ചന്ദ്രനിൽ എത്തിയിരിക്കുന്നത്. അകലെയൊരു ഗ്രഹത്തിന്‍റെ ഉപരിതലത്തിലേക്കുള്ള പഴുതകളടച്ചുള്ള യാത്രയുടെ പൂർണത കുറിക്കുകയാണു ചന്ദ്രയാൻ 3 യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com