
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 (Chandrayaan 3) യുടെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഓരോ പരീക്ഷണങ്ങളും സൂക്ഷ്മതയോടെ പൂർത്തിയാക്കി വിജയം പുൽകാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). സിഇ-20 ക്രയോജനിക്ക് എൻജിന്‍റെ ഫ്ളൈറ്റ് അക്സപ്റ്റൻസ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ചാന്ദ്രയാൻ 3 മിഷനിൽ വിക്ഷേപണത്തിന്‍റെ അവസാനഘട്ടത്തിൽ ക്രയോജനിക്ക് എൻജിനു കരുത്തു പകരുന്ന പരീക്ഷണമാണു ഏറ്റവുമൊടുവിൽ പൂർത്തിയാക്കിയത്. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം.
ഇരുപത്തഞ്ച് സെക്കന്‍റ് നീണ്ടു നിന്ന പരീക്ഷണം വിജയകരമായിരുന്നു. പരീക്ഷണത്തിന്‍റെ എല്ലാ ഘടകങ്ങളും ഒത്തുവന്നുവെന്നും, കണക്കുകൂട്ടിയതു പോലെ ആയിരുന്നെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു. ഈ വർഷമാദ്യം യു ആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ വച്ച് ഇലക്‌ട്രോ മാഗ്നെറ്റിക് കോംപാക്റ്റബിലിറ്റി ടെസ്റ്റ് നടത്തിയിരുന്നു. ബഹിരാകാശത്തിന്‍റെ അന്തരീക്ഷത്തിൽ സാറ്റലൈറ്റിന്‍റെ പ്രവർത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ പരീക്ഷണം.
ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതും, ഭ്രമണം ചെയ്യുന്നതുമാണു ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്. കഴിഞ്ഞ മിഷന്‍റെ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പഴുതുകൾ അടച്ചുള്ള പരീക്ഷണങ്ങളാണു മുന്നേറുന്നത്. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചാൽ ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നും ഈ വർഷം തന്നെ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനു തുടക്കമാകും.