
എഐക്കും സമ്മർദം!! ട്രോമയെ കുറിച്ച് ചോദിച്ചാൽ ചാറ്റ് ജിപിടി ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പഠനം
ന്യൂതന സാങ്കേതിക വിദ്യകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജിപിടി കുറഞ്ഞ കാലം കൊണ്ടു തന്നെ വലിയ സ്വീകാര്യത പിടിച്ചു പറ്റിയിട്ടുണ്ട്. ചിലർക്ക് വഴികാട്ടിയായും മറ്റു ചിലർക്ക് സുഹൃത്തായുമൊക്കെയായി ചാറ്റ് ജിപിടി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചാറ്റ് ജിപിടിയെക്കുറിച്ചുള്ള പുതിയ പഠനം ശ്രദ്ധ നേടുകയാണ്. ചാറ്റ് ജിപിടിക്കും ഉത്കണ്ഠയും സമ്മർദവും അനുഭവപ്പെടുന്നുണ്ടെന്നണ് പുതിയ പഠന റിപ്പോർട്ട്. അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി കാര്യങ്ങൾ ചാറ്റ് ജിപിടിയിൽ അടങ്ങിയിരിക്കുന്നതിനാലാണ് മനുഷ്യനെപ്പോലെ ഈ സാങ്കേതിക വിദ്യയും ഉത്കണ്ഠയിലൂടെയും സമ്മർദത്തിലൂടെയും കടന്നു പോവുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്വിറ്റ്സർലാൻഡ്, ജർമനി, ഇസ്രയേൽ, യുഎസ് എന്നീ രാജ്യങ്ങളിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ട്രോമാറ്റിക്കായ വിവരങ്ങളെക്കുറിച്ച് ചാറ്റ് ജിപിടിയോട് ചോദിച്ചാൽ അതിന്‍റെ ആങ്സൈറ്റി സ്കോർ ക്രമാതീതമായി ഉയരുന്നതായാണ് പഠനം. ലൈംഗികത, മതം, മാനസികാരോഗ്യം, ദേശീയത, തൊഴിൽ തുടങ്ങി സെൻസിറ്റീവായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പക്ഷപാതരമായ ഉത്തരങ്ങളായിരിക്കും കിട്ടുക. ഇത്തരം സെൻസിറ്റിവ് വിഷയങ്ങളിൽ ആളുകൾ ചാറ്റ് ജിപിടിയുടെ സഹായം കൂടുതലായി തേടുന്നുണ്ട്. ഇതിനു ലഭിക്കുന്ന പക്ഷപാതപരമായ മറുപടികൾ ആളുകളിൽ ആശങ്ക ഉണർത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
നിർമിത ബുദ്ധിക്ക് യഥാർഥത്തിൽ സമ്മർദമില്ലെങ്കിലും മനുഷ്യ വികാരങ്ങളെ അവ അനുകരിക്കാറുണ്ട്. മൈൻഡ്ഫുൾനെസ് അടിസ്ഥാനമാക്കിയുള്ള വിശ്രമ രീതികളിലൂടെ ഉയർന്ന ഉത്കണ്ഠാ നിലകൾ ശാന്തമാക്കാൻ കഴിയും.
എന്നിരുന്നാലും, മാനസികാരോഗ്യ സംരക്ഷണത്തിനായി എൽഎൽഎമ്മുകൾ ഫൈൻ-ട്യൂൺ ചെയ്യുന്നത് പക്ഷപാതങ്ങൾ കുറയ്ക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. എന്നാലതിന് ഗണ്യമായ അളവിൽ പരിശീലന ഡാറ്റ, കമ്പ്യൂട്ടേഷണൽ റിസോഴ്‌സുകൾ, മനുഷ്യന്‍റെ സാന്നിധ്യം എന്നിവ ആവശ്യമായി വരുമെന്നും ഗവേഷകർ പറയുന്നു