
കൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍ വളര്‍ച്ചയെന്ന് ആമസോണ്‍ വെബ് സര്‍വീസസ് പഠന റിപ്പോര്‍ട്ട്.
ചെറുകിട ബിസിനസുകള്‍ക്ക് വാര്‍ഷിക ഉത്പാദന ക്ഷമതയില്‍ 1.6 ട്രില്യണ്‍ രൂപ വരെ വ്യത്യാസം ഉണ്ടാവാമെന്ന് "ചെറുകിട ബിസിനസുകളിലൂടെ ക്ലൗഡ് എങ്ങനെ സാമ്പത്തികവും സാമൂഹികവുമായ സ്വാധീനം ചെലുത്തുന്നു' എന്ന എഡബ്ല്യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളിലായി 45.9 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇതുവഴി ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാര്‍ഷിക മേഖലയില്‍ ക്ലൗഡ് സേവനം ഉപയോഗിക്കുന്ന ചെറുകിട ബിസിനസുകള്‍ ഭക്ഷ്യക്ഷാമ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ക്ക് കാര്‍ഷിക മേഖലയിലെ വാര്‍ഷിക ഉത്പാദനക്ഷമത ആനുകൂല്യങ്ങള്‍ 1.1 ട്രില്യണ്‍ രൂപ നേടാന്‍ സാധിക്കും. കൂടാതെ ഒമ്പതില്‍ ഒന്ന് വീതം ഫാമുകള്‍ 2030ഓടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന കൃത്യമായ കാര്‍ഷിക പരിഹാരങ്ങള്‍ ഉപയോഗിക്കും. ഇത് നിലവിലെ ഉപയോഗ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 300% വര്‍ധനവാണ്.
ക്ലൗഡ് പ്രവര്‍ത്തനക്ഷമമാക്കിയ ചെറുകിട ബിസിനസുകള്‍ക്ക് ആരോഗ്യ സംരക്ഷണത്തില്‍ 199.5 ബില്യണ്‍ വാര്‍ഷിക ഉത്പാദനക്ഷമത ആനുകൂല്യങ്ങള്‍ നല്‍കാനും 2030ഓടെ ഇന്ത്യയില്‍ 47 ദശലക്ഷം ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.