ബഹിരാകാശത്തേക്ക് ടൂർ പോകാൻ ചെലവെത്ര?

സുനിത വില്യംസിനെപ്പോലെ മാസങ്ങളോളം ബഹിരാകാശത്തു കുടുങ്ങിപ്പോകുമെന്ന പേടിയൊന്നും വേണ്ട. വെറും 11 മിനിറ്റേയുള്ളൂ ഈ യാത്ര

സ്പേസ് ടൂറിസം ഇന്നൊരു യാഥാർഥ്യമാണ്. ഏറ്റവുമൊടുവിൽ പോപ് താരം കാറ്റി പെറി അടക്കം ആറ് സ്ത്രീകൾ മാത്രമുള്ള സംഘവും പോയി വന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എന്ന കമ്പനി വഴിയായിരുന്നു യാത്ര. ബ്ലൂ ഒറിജിൻ കൂടാതെ വിർജിൻ ഗാലക്റ്റിക് എന്ന കമ്പനിയും ഗവേഷകരല്ലാത്തവർക്കു വേണ്ടി സ്പേസ് ടൂറിസം പരിപാടി നടത്തിവരുന്നു.

ആർക്കു വേണമെങ്കിലും ഇത്തരം റോക്കറ്റുകളിൽ കയറി ബഹിരാകാശത്തു പോയിവരാം എന്നതാണ് യാഥാർഥ്യം. പ്രായം 18 തികഞ്ഞിരിക്കണം, പിന്നെ തീർച്ചയായും കൈയിൽ ഇഷ്ടം പോലെ കാശും വേണം.

സുനിത വില്യംസിനെപ്പോലെ മാസങ്ങളോളം ബഹിരാകാശത്തു കുടുങ്ങിപ്പോകുമെന്ന പേടിയൊന്നും വേണ്ട. വെറും 11 മിനിറ്റേയുള്ളൂ ഈ യാത്ര. ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലേക്കാണ് പോകുന്നത്. ബഹിരാകാശത്തിന്‍റെ അതിർത്തിയായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കാർമൻ ലൈൻ എന്ന സാങ്കൽപ്പിക രേഖ മറികടക്കാൻ ഇത്രയും ദൂരം ധാരാളം. 2021ൽ ആരംഭിച്ച സിവിലിയൻ പ്രോഗ്രാമിൽ ഇതുവരെ 58 പേർ പോയിവന്നിട്ടുമുണ്ട്.

ബ്ലൂ ഒറിജിന്‍റെ വെബ്സൈറ്റിൽ കയറി യാത്രയ്ക്ക് റിസർവേഷൻ എടുക്കുന്നതാണ് ആദ്യത്തെ പടി. ചെലവ് എത്രയെന്ന് ഇതിൽ വ്യക്തമായി പറയുന്നില്ല. എന്നാൽ, റിസർവേഷൻ നടപടി തുടങ്ങാൻ ഒന്നര ലക്ഷം ഡോളർ ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്നു പറയുന്നുണ്ട്; ഇത് പൂർണമായി റീഫണ്ട് ചെയ്യുമെന്നും!

2021ലെ ആദ്യ യാത്രയിൽ ബ്ലൂ ഒറിജിൻ ഒരു സീറ്റ് ലേലത്തിലാണ് കൊടുത്തത്, 2.8 കോടി ഡോളറിന്. വിർജിൻ ഗാലക്റ്റിക് രണ്ട് ലക്ഷം ഡോളർ മുതൽ നാലര ലക്ഷം ഡോളർ വരെ ഈടാക്കുന്നുണ്ട്. സെലിബ്രിറ്റികളെ ഗസ്റ്റ് എന്ന നിലയിൽ ഫ്രീയായി കൊണ്ടുപോയി പബ്ലിസിറ്റിയുണ്ടാക്കുന്ന രീതിയും നിലവിലുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com