കൂമ്പാരമേഘങ്ങൾ കാരണം കേരളത്തിൽ മൂന്ന് വലിയ ഭീഷണികൾ

മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, ഇടിമിന്നൽ
മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, ഇടിമിന്നൽ | cumulus clouds kerala climate danger

കൂമ്പാര മേഘങ്ങൾ കാരണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള അപകട സാധ്യതകൾ.

freepik.com

Updated on

കേരളത്തിലെ പ്രീ–മൺസൂൺ പോസ്റ്റ്–മൺസൂൺ കാലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ കോൺവെക്റ്റീവ് സ്റ്റോം (തണ്ടർസ്റ്റോം) സംഭവിക്കുന്നത് സാധാരണമാണ്. മിന്നൽ, അടിക്കാറ്റ് (പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്), കനത്ത മഴ എന്നിവ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ നാശനഷ്ടം വരുത്തും. പ്രീ–മൺസൂൺ സീസണിൽ ഇത്തരം സ്റ്റോം വർധിച്ച് കാണപ്പെടുന്നതായും സംസ്ഥാനത്തിന്‍റെ നിരവധി ഭാഗങ്ങളിൽ ഇതുവഴിയുള്ള ബഹുമുഖ അപകടസാധ്യത കൂടുന്നതായും കുസാറ്റ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

വേഗത്തിൽ രൂപപ്പെടുന്ന ഈ കൊടുങ്കാറ്റുകൾ പ്രധാനമായും മിന്നൽ, അടിക്കാറ്റ്, അപ്രതീക്ഷിതമായ കനത്ത മഴ എന്നീ അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരം മിന്നൽ മേഘങ്ങൾ ഏറ്റവുമധികം ഉണ്ടാകുന്ന പ്രദേശങ്ങളും അവയുടെ തീവ്രതയും പരിശോധിച്ച്, കേരളത്തിലെ പ്രധാന അപകട–ഹോട്ട്‌സ്‌പോട്ടുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശത്തു തന്നെ കാറ്റും മഴയും കൂടുതൽ ഉണ്ടാകണമെന്നില്ല.

പഠനത്തിന്‍റെ കണ്ടെത്തലുകൾ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നൽ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളിൽ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോള്‍, പശിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിൽലും ഇടിമിന്നൽ മേഘങ്ങളും മഴയും പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും തീവ്രതയുള്ള മഴ എറണാകുളം മുതൽ വടക്കൻ കേരളം വരെയുള്ള തീരപ്രദേശത്തു ലഭിക്കുമ്പോൾ, തെക്കൻ കേരളത്തിലാണ് ഇവ ഏറ്റവുമധികമായി സംഭവിക്കുന്നത് — ഇതുമൂലം ഇവിടെ ഉരുൾപൊട്ടലുകൾക്കും മിന്നൽ പ്രളയങ്ങൾക്കും സാധ്യത കൂടുതലാണ്.

മൊത്തത്തിൽ, കേരളത്തിലെ ഓരോ പ്രദേശങ്ങളിലും കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന ഏതു തരത്തിലുള്ള കാലാവസ്ഥാ അപകടങ്ങൾക്കാണ് കൂടുതൽ സാധ്യതയുള്ളതെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ വിവരങ്ങൾ അപകടസാധ്യത കുറയ്ക്കുന്നതിനും സമൂഹങ്ങളും ഭരണകൂടവും ശക്തമായ തയാറെടുപ്പുകളും പ്രതിരോധ സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും സഹായമാകും.

കേരളത്തിലെ പ്രീ–മൺസൂൺ സീസണിൽ കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന സംയുക്തഭീഷണികളെ ആദ്യമായാണ് ഒരു പഠനം വിശദമായി ചൂണ്ടിക്കാണിക്കുന്നത് — പ്രത്യേകിച്ച് ആഴത്തിലുള്ള ഉയർന്ന മേഘങ്ങൾ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകൾ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ച്. ഉപഗ്രഹ ചിത്രങ്ങൾ, ഐഎംഡിയുടെ മഴമാപിനി വിവരങ്ങൾ, കൂടാതെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) ഡേറ്റ എന്നിവ ഉപയോഗിച്ച് കേരളത്തിലെ ഏത് പ്രദേശങ്ങൾക്കാണ് കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വിവിധ തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത് എന്നത് ഗവേഷകർ വ്യക്തമായി രേഖപ്പെടുത്തി.

വിവിധ പ്രദേശങ്ങളിൽ ഇത്തരം മേഘങ്ങളുടെ രൂപീകരണവും അതിന്‍റെ തീവ്രതയും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നത് പഠനം വ്യക്തമാക്കുന്നു. ഇതുവഴി, ഇത്തരം കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ എവിടെയാണ് കൂടുതൽ ശക്തമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതെന്ന് മനസിലാക്കാൻ സഹായിക്കുന്നു.

കുസാറ്റിലെ അഡ്വാൻസ്ഡ് സെന്‍റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്റ്റർ പ്രൊഫ. അഭിലാഷ്, ഇ.കെ. കൃഷ്ണകുമാർ, സി.എസ്. അഭിരാം നിർമൽ, പ്രഭാത് എച്ച്. കുറുപ്പ് എന്നിവർ ഗവേഷണത്തിൽ പങ്കെടുത്തു. പഠനത്തിന്‍റെ കണ്ടെത്തലുകൾ Geomatics, Natural Hazards and Risk എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com