പൊതു ചാർജിങ് പോയിന്‍റുകളിലൂടെയും ഡേറ്റ മോഷണം

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു
Data theft through public phone charging stations
Data theft through public phone charging stations
Updated on

കൊച്ചി: പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്‍റുകൾ വഴി ഹാക്കർ ഡേറ്റ ചോർത്തുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം പൊതുചാർജിംഗ് പോയിന്‍റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡേറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്‍റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡേറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡ് ചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു യുഎസ്‍ബി കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻ കേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു.

ഇതിന് ഇരയാകുന്നവർ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്‍റെ ചാർജിങ്ങിനും ഡേറ്റാ കൈമാറ്റത്തിനു ഒരേ കേബിൾ തന്നെ ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്.

ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡേറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡേറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പ്രവർത്തനരീതി.

പൊതു ചാർജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക. ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കരുത്. പൊതു യുഎസ്‍ബി ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം എ സി പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക. യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ യുഎസ്ബി ഡേറ്റ ബ്ലോക്കർ ഉപയോഗിക്കാം. ഓർക്കുക, നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ കഴിയൂ.

Trending

No stories found.

Latest News

No stories found.