ദുബായ് നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ

ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള പോഡുകളിൽ പരമാവധി ആറു പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗം
Driverless Pod Dubai

ഇലക്‌ട്രിക് പോഡ് മാതൃക.

Updated on

ദുബായ്: ദുബായ് നിരത്തുകളിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ അവതരിപ്പിച്ച് ദുബായ് ആർടിഎ. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ഇതിന്‍റെ ആദ്യ മാതൃക പുറത്തുവിട്ടത്. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചിത ട്രാക്കുകളിലൂടെ പ്രവർത്തിപ്പിക്കാവുന്ന ചെറുവാഹനമാണ് ഇലക്ട്രിക് പോഡുകൾ.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള പോഡുകളിൽ പരമാവധി ആറു പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പോഡുകൾക്ക് ഇരു ദിശകളിലേക്കും മണിക്കൂറിൽ 10,000ത്തിലധികം യാത്രക്കാരെ വഹിക്കാൻ കഴിയും.

ബ്ലൂവാട്ടർ ഐലൻഡ്, ഉമ്മുസുഖെം, അൽ ഖൂസ്, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നീ പ്രധാനപ്പെട്ട നാല് മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സർവീസ്.

നാഷനൽ പെയിന്‍റ്സ് മെട്രോ സ്റ്റേഷനിൽനിന്ന് ബ്ലൂ വാട്ടർ ഐലൻഡുവരെ 2.8 കിലോമീറ്റർ നീളമുള്ളതാണ് ബ്ലൂവാട്ടർ റൂട്ട്. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനും മദീനത്ത് ജുമൈറക്കും ഇടയിൽ 1.9 കിലോമീറ്റർ നീളമുള്ളതായിരിക്കും ഉമ്മു സുഖെം റൂട്ട്. ഓൺ പാസിവ് മെട്രോ സ്റ്റേഷൻ മുതൽ അൽസർക്കൽ അവന്യൂ, ടൈംസ് സ്ക്വയർ സെന്‍റർ വരെ 2.6 കിലോമീറ്റർ നീളത്തിലാണ് അൽ ഖൂസ് റൂട്ട്.

ദുബായ് ഫെസ്റ്റിവൽ സിറ്റി മേഖലക്ക് സേവനം ലഭിക്കുന്നതാണ് ഏറ്റവും വലിയ റൂട്ട്. ഏഴ് കിലോമീറ്ററാണ് ഇതിന്‍റെ നീളം. പണി പൂർത്തിയായി വരുന്ന ദുബായ് മെട്രോ ബ്ലൂ ലൈനുമായി ബന്ധിപ്പിച്ചായിരിക്കും ഇതു പ്രവർത്തിപ്പിക്കുക. യാത്രക്കാർക്ക് ടിക്കറ്റുകൾ സ്കാൻ ചെയ്ത് യാത്ര ചെയ്യാം.

യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലൈഡ്വേഴ്സ് ആണ് ഇലക്ട്രിക് പോഡുകളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ബൈക്കുകൾക്ക് പോകാവുന്നത്ര വലുപ്പത്തിലുള്ള ലൈനുകളിലായിരിക്കും പോഡുകൾ സഞ്ചരിക്കുക.

ഇലക്ട്രിക് പോഡുകൾ പൂർണ രീതിയിൽ എപ്പോൾ സർവീസ് ആരംഭിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ ആർടിഎയും ഗ്ലൈഡ്വേഴ്സും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com