

ഗതാഗതക്കുരുക്കിന് നൂതന പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമം.
ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് പ്രമുഖരായ മിസ്ട്രൽ എഐ, കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് എന്നിവയുമായി ചേർന്ന് 'സ്മാർട്ട് മൊബിലിറ്റി ഇന്നൊവേഷൻ ചലഞ്ച്' സംഘടിപ്പിച്ചു.
ആർടിഎയുടെ ആസ്ഥാനത്തെ ഗതാഗതത്തിനായുള്ള നാലാം വ്യാവസായിക വിപ്ലവ ലബോറട്ടറിയിലാണ് ഈ മത്സരം അരങ്ങേറിയത്. ദുബായിലെ ഗതാഗത മാനെജ്മെന്‍റ് കൂടുതൽ കാര്യക്ഷമമാക്കാനും ഗതാഗതക്കുരുക്കിന് നൂതന പരിഹാരങ്ങൾ കണ്ടെത്താനുമാണ് ഈ സംരംഭം നടത്തിയത്.
ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അഞ്ച് വിവിധ വിഭാഗങ്ങളിലെ വിദ്യാർഥി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ട്രാഫിക് സിഗ്നൽ പ്രകടനം മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണുക, ട്രാഫിക് ഫ്ലോ വിശകലനം ചെയ്യുക, സ്മാർട്ട് കവലകൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഞ്ച് സ്മാർട്ട് സൊല്യൂഷൻ പദ്ധതികൾക്ക് രൂപം നൽകി.
വിദ്യാർഥികൾക്ക് ആവശ്യമായ പ്ലാറ്റ്‌ഫോമുകളും ടൂളുകളും മിസ്ട്രൽ എഐ നൽകികൊണ്ട് സർവകലാശാല വിദ്യാർഥികളുടെ പങ്കാളിത്തത്തിന് പൂർണ പിന്തുണയേകി.