ട്വിറ്റർ സ്വന്തമാക്കി, അടുത്തത് എഐ! ഓപ്പൺ എ ഐയ്ക്ക് 97 ബില്യൺ വിലയിട്ട് ഇലോൺ മസ്ക്

മസ്കിന്‍റെ എക്സിന് 9.74 ബില്യൺ വിലയിട്ട് ആൾട്ട്മാന്‍റെ പരിഹാസം
Elon Musk
ഇലോൺ മസ്ക്
Updated on

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ഓപ്പൺ എഐയ്ക്ക് 97 ബില്യൺ ഡോളർ വാഗ്ദാനവുമായി ഇലോൺ മസ്ക്. വാൾസ്ട്രീറ്റ് ജേർണലാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മസ്കും കുറച്ചു നിക്ഷേപകരും ഓപ്പൺ എഐ സിഇഒയായ സാം ആൾട്ട് മാനെ സമീപിച്ചതായാണ് വാൾസ്ട്രീറ്റ് ജേർണൽ എഴുതുന്നത്.

എന്നാൽ ആൾട്ട് മാൻ ഈ വാഗ്ദാനം നിരസിച്ചു. കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ലാഭേച്ഛയില്ലാത്ത മാർഗത്തിലേയ്ക്കു തിരികെ കൊണ്ടു വരാനും മസ്കും അദ്ദേഹത്തിന്‍റെ നിക്ഷേപക സംഘവും ഓപ്പൺ എഐയുടെ ബോർഡിനോട് ഔദ്യോഗികമായി നിർദേശിച്ചതായാണ് റിപ്പോർട്ട്.

മസ്കിന്‍റെ ഓഫർ നിരസിച്ച ആൾട്ട്മാൻ എക്സിൽ മസ്കിനെ പരിഹസിച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു:

"നന്ദി, ഇല്ല. എന്നാൽ നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ 9.74 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ‌ ഞങ്ങൾ തയാറാണ്.' ഇതിന് മസ്ക് "വഞ്ചകൻ" എന്നാണ് മറുപടി നൽകിയത്. 2022 ൽ 44 ബില്യൺ ഡോളറിനാണ് ട്വിറ്റർ ഇലോൺ മസ്ക് വാങ്ങിയതും അതിനെ എക്സ് എന്നു പേരു മാറ്റിയതും.

ആദ്യ കാലത്ത് സാം ആൾട്ട് മാനോടൊപ്പം നിന്ന് എഐയെ പ്രോത്സാഹിപ്പിച്ച മസ്ക് പിന്നീട് അതിൽ നിന്നു പിന്മാറി. 2024ൽ ഓപ്പൺ എഐയ്ക്കെതിരെ രണ്ടു തവണ ഇലോൺ മസ്ക് കേസ് നൽകിയിട്ടുണ്ട്. ആദ്യം ജൂലൈയിലും പിന്നീട് ഓഗസ്റ്റിലും ആയിരുന്നു അത്.

ഓപ്പൺ എഐ കമ്പനി അതിന്‍റെ സ്ഥാപക തത്വങ്ങളിൽ നിന്നു വ്യതിചലിച്ച് ലാഭാധിഷ്ഠിത ഘടനയിലേയ്ക്കു മാറുന്നു എന്നാണ് ആദ്യം മസ്ക് പരാതിപ്പെട്ടതെങ്കിൽ പിന്നീട് ലാഭം വർധിപ്പിക്കാൻ ശക്തമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണെന്നായിരുന്നു പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com