
ന്യൂഡൽഹി: രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലെ നിർണായക ഘടകമായ സിഇ20 ക്രയോജനിക് എൻജിന്‍റെ സമുദ്ര തല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇസ്രൊ. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഇസ്രൊ പ്രൊപ്പൽഷൻ കേന്ദ്രത്തിലായിരുന്നു സുപ്രധാന പരീക്ഷണം.
ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന എൽവിഎം3 വിക്ഷേപണ വാഹനത്തിന്‍റെ ഉയർന്ന ഘട്ടത്തിൽ ഉപയോഗിക്കാനുള്ള എൻജിനാണിത്. ഇസ്രൊയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സെന്‍റർ വികസിപ്പിച്ച എൻജിൻ എൽവിഎം 3ന്‍റെ ആറ് ദൗത്യങ്ങളിൽ മികവ് തെളിയിച്ചിരുന്നു. എന്നാൽ, ഗഗൻയാൻ ദൗത്യം പരിഗണിച്ച് കൂടുതൽ ഭാരവാഹകശേഷിക്കുവേണ്ടിയുള്ളതുൾപ്പെടെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്.
തുടക്കത്തിൽ 19 ടണ്ണായിരുന്നു ശേഷി. ഇത് 20ലേക്കാണ് ഉയർത്തിയത്. ഗഗൻയാനിൽ 22 ടൺ ഭാരവാഹകശേഷി വേണം. പറക്കലിന്‍റെ പാതിവഴിയിൽ എൻജിൻ റീ സ്റ്റാർട്ട് ചെയ്യാനുള്ള ശേഷിയും പരീക്ഷിച്ചു.