Heart Little Brain Intrinsic Nervous System

'ഹൃദയം പറയുന്നതു കേൾക്കൂ' എന്ന് കവികൾ എത്രയോ കാലമായി പറഞ്ഞുവയ്ക്കുന്നതു സത്യമാണെന്ന് ഇതാ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

Freepik.com

ശാസ്ത്രം പ്രണയത്തോട് ചേർന്നുനിൽക്കുമ്പോൾ: ഹൃദയത്തിന് സ്വന്തമായൊരു മസ്തിഷ്കം

ഹൃദയത്തിന് സ്വന്തമായൊരു 'കുഞ്ഞു മസ്തിഷ്കം'; 40,000 ന്യൂറോണുകൾ സ്വയം ചിന്തിച്ച് തീരുമാനമെടുക്കുന്നതായി Yale University പഠനം

പ്രണയത്തിന്‍റെ ഭാഷ ഹൃദയത്തിന്‍റേതാണെന്ന് പ്രണയിതാക്കൾക്കു തോന്നും. തലച്ചോറ് ന്യായം പറയുമ്പോൾ ഹൃദയം സത്യം മന്ത്രിക്കുമെന്നു കാവ്യഭാവന. ഇപ്പോൾ ശാസ്ത്രത്തിന്‍റെ ലാബുകളിൽ അപ്രതീക്ഷിതമായ ഒരു സാക്ഷ്യം കണ്ടെത്തിയിരിക്കുന്നു. 'ഹൃദയം പറയുന്നതു കേൾക്കൂ' എന്ന് കവികൾ എത്രയോ കാലമായി പറഞ്ഞുവയ്ക്കുന്നതു സത്യമാണെന്ന് ഇതാ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാം. പക്ഷേ, 'സെൽ' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച യേൽ സർവകലാശാലയിലെ ഗവേഷകരുടെ പഠനം, ഈ കാവ്യഭാവനയ്ക്ക് ജൈവശാസ്ത്രപരമായ ഒരു അടിത്തറ നൽകിയിരിക്കുകയാണ്.

ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ് കലകൾക്കുള്ളിൽ, ഏകദേശം 40,000 ന്യൂറോണുകൾ ചേർന്ന ഒരു ചെറു നാഡീശൃംഖല ഒളിഞ്ഞിരിപ്പുണ്ട്-'ഇൻട്രിൻസിക് കാർഡിയാക് നെർവസ് സിസ്റ്റം' എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ ശൃംഖലയെ, ഗവേഷകർ ലാളിത്യത്തോടെ 'ഹൃദയത്തിന്‍റെ കുഞ്ഞു മസ്തിഷ്കം' എന്നു വിശേഷിപ്പിക്കുന്നു.

തലച്ചോറിൽനിന്ന് വരുന്ന സന്ദേശങ്ങൾ വെറുതേ കൈമാറുന്ന ഒരു 'റിലേ സ്റ്റേഷൻ' മാത്രമാണ് ഈ നാഡീശൃംഖല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഈ ന്യൂറോണുകൾ പരസ്പരം സംസാരിക്കുകയും, സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു എന്നാണ് യേൽ സർവകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റ് റൂയി ചാങ്ങിന്‍റെ നേതൃത്വത്തിലുള്ള പഠനം തെളിയിക്കുന്നത്. ഹൃദയത്തിന്‍റെ താളം ക്രമീകരിക്കുന്നതിലും, സമ്മർദ ഘട്ടങ്ങളിൽ ഹൃദയത്തെ സംരക്ഷിക്കുന്നതിലും ഈ കുഞ്ഞു മസ്തിഷ്കത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാൻ ശേഷിയുണ്ടത്രെ.

രണ്ടു തരം ന്യൂറോണുകൾ, രണ്ടു ധർമങ്ങൾ

Heart Little Brain Intrinsic Nervous System

ജീവൻ നിലനിർത്താൻ ഈ കുഞ്ഞു മസ്തിഷ്കം അത്രത്തോളം അനിവാര്യമാണ്.

എൻപിവൈ+ (Npy+), ഡിഡിഎഎച്ച്1+ (Ddah1+) എന്നീ രണ്ടു തരം ന്യൂറോണുകളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്-ഓരോന്നിനും വ്യത്യസ്ത ധർമങ്ങൾ. സമ്മർദത്തിന്‍റെ കാലത്ത് നാഡീവ്യൂഹത്തിന്‍റെ അമിത പ്രവർത്തനത്തിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ ഡിഡിഎഎച്ച്1+ ന്യൂറോണുകൾക്ക് കഴിയുമെന്ന്, എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചു. ഈ ന്യൂറോണുകൾ നീക്കം ചെയ്തപ്പോൾ, ഹൃദയത്തിന്‍റെ പ്രവർത്തനം തന്നെ പൂർണമായും നിലച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ-ജീവൻ നിലനിർത്താൻ ഈ കുഞ്ഞു മസ്തിഷ്കം എത്രത്തോളം അനിവാര്യമാണെന്നതിന്‍റെ തെളിവ്.

കുടലിലുമുണ്ടൊരു 'രണ്ടാം മസ്തിഷ്കം'

Heart Little Brain Intrinsic Nervous System

കുടലിലെ 'എന്‍ററിക് നെർവസ് സിസ്റ്റം' എന്ന 'രണ്ടാം മസ്തിഷ്കം' പണ്ടേ ഗവേഷകർ തിരിച്ചറിഞ്ഞതാണ്.

ഹൃദയം മാത്രമല്ല സ്വന്തം നാഡീവ്യൂഹം സൂക്ഷിക്കുന്ന അവയവം. ദഹനപ്രക്രിയയെ നിയന്ത്രിക്കുന്ന, കുടലിലെ 'എന്‍ററിക് നെർവസ് സിസ്റ്റം' എന്ന 'രണ്ടാം മസ്തിഷ്കം' പണ്ടേ ഗവേഷകർ തിരിച്ചറിഞ്ഞതാണ്. ആ കുടുംബത്തിലെ മറ്റൊരംഗമാണ് ഹൃദയത്തിലെ കുഞ്ഞു മസ്തിഷ്കം എന്നു വേണമെങ്കിൽ പറയാം. ശരീരത്തിലെ ഓരോ സുപ്രധാന അവയവത്തിനും സ്വന്തമായൊരു 'ചിന്താശക്തി' ഉണ്ടെന്ന തിരിച്ചറിവിലേക്കാണ് ഗവേഷകർ നീങ്ങുന്നത്.

പക്ഷേ, ഇവിടെ ഒരു കൗതുകമുണ്ട്. ഈ ന്യൂറോണുകൾ ഹൃദയത്തിലെ മൊത്തം കോശങ്ങളുടെ വെറും 0.01 ശതമാനം മാത്രമാണ്-അത്രയും അപൂർവമായ ഈ കോശങ്ങളാണ്, ജീവന്‍റെ അടിസ്ഥാന താളമായ ഹൃദയമിടിപ്പിനെ സ്വാധീനിക്കുന്നത്. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും കൊളംബിയ സർവകലാശാലയും ചേർന്ന് സീബ്രാഫിഷിൽ നടത്തിയ മറ്റൊരു പഠനത്തിൽ, ഈ ന്യൂറോണുകളിൽ ചിലതിന് 'പേസ്മേക്കർ' സ്വഭാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്-തലച്ചോറിലെ താള ജനറേറ്റർ ന്യൂറോണുകളുടേതിനു സമാനമായ ഒരു സ്വഭാവം.

ചിന്തിക്കുന്ന ഹൃദയം

Heart Little Brain Intrinsic Nervous System

തലച്ചോറിൽനിന്ന് വരുന്ന സന്ദേശങ്ങൾക്കായി കാത്തുനിൽക്കാതെ, സ്വന്തം ന്യൂറോണുകൾ തമ്മിൽ സംവദിച്ച്, നിമിഷങ്ങൾക്കകം തീരുമാനങ്ങൾ എടുക്കാൻ ഹൃദയത്തിനു കഴിയുന്നു.

Freepik.com

'ഹൃദയത്തിനുള്ളിലെ നാഡീവ്യൂഹം ഇത്രയും സങ്കീർണമാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ അമ്പരന്നുപോയി,' കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ കോൺസ്റ്റന്‍റിനോസ് ആംപാറ്റ്സിസ് പറയുന്നു.

തലച്ചോറിൽനിന്ന് വരുന്ന സന്ദേശങ്ങൾക്കായി കാത്തുനിൽക്കാതെ, സ്വന്തം ന്യൂറോണുകൾ തമ്മിൽ സംവദിച്ച്, നിമിഷങ്ങൾക്കകം തീരുമാനങ്ങൾ എടുക്കാൻ ഹൃദയത്തിനു കഴിയുന്നു എന്നതാണ് ഈ കുഞ്ഞു മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. തലച്ചോറിൽനിന്ന് ഹൃദയത്തിലേക്കുള്ള സന്ദേശ പ്രവാഹത്തെക്കാൾ വേഗത്തിൽ ഹൃദയം സ്വയം പ്രതികരിക്കുന്നു.

കാവ്യഭാവനയുടെ സാക്ഷാത്കാരം

Heart Little Brain Intrinsic Nervous System

കാവ്യഭാഷയ്ക്കു പിന്നിൽ, ഇപ്പോൾ ശാസ്ത്രം സ്ഥിരീകരിച്ച ഒരു ജൈവശാസ്ത്ര യാഥാർഥ്യം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.

Pepino_de_mar

ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രണയത്തെക്കുറിച്ചും ഹൃദയത്തിന്‍റെ മന്ത്രണങ്ങളെക്കുറിച്ചുമെല്ലാം എത്രയോ നൂറ്റാണ്ടുകളായി കവികൾ എഴുതിവയ്ക്കുന്നത് വെറും ഭാവന മാത്രമായിരുന്നോ? ഒരുപക്ഷേ, അല്ല. ആ കാവ്യഭാഷയ്ക്കു പിന്നിൽ, ഇപ്പോൾ ശാസ്ത്രം സ്ഥിരീകരിച്ച ഒരു ജൈവശാസ്ത്ര യാഥാർഥ്യം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. ഹൃദയത്തിന് സ്വന്തമായി 'ചിന്തിക്കാനും' 'തീരുമാനം' എടുക്കാനുമുള്ള ഒരു ചെറു ലോകം, എന്നേ ഉണ്ടായിരുന്നു. ഹൃദയമിടിപ്പ് മാറുമ്പോൾ, സ്നേഹത്തിന്‍റെ സ്പർശമേൽക്കുമ്പോൾ, ഒരുപക്ഷേ അത് വെറും ഹോർമോണുകളുടെ കളിയല്ല-ഹൃദയത്തിനുള്ളിലെ ആ കുഞ്ഞു മസ്തിഷ്കവും അതിന്‍റേതായ ഭാഷയിൽ എന്തോ ഒന്ന് മന്ത്രിക്കുന്നുണ്ടാകാം....

logo
Metro Vaartha
www.metrovaartha.com