പരീക്ഷയായാലും പ്രതിഷേധമായാലും ഇന്‍റർനെറ്റ് ഷട്ട്ഡൗണിൽ ഇന്ത്യ തന്നെ മുന്നിൽ

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതു പോലും അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നാണ്; അതും അനിശ്ചിതകാലത്തേക്കു പാടില്ല, മുൻകൂർ അറിയിപ്പു നൽകുകയും വേണം
പരീക്ഷയായാലും പ്രതിഷേധമായാലും ഇന്‍റർനെറ്റ് ഷട്ട്ഡൗണിൽ ഇന്ത്യ തന്നെ മുന്നിൽ
Image by Freepik

വി.കെ. സഞ്‌ജു

കഴിഞ്ഞ വർഷം ലോകത്താകെ 35 രാജ്യങ്ങളിലായി 187 തവണയാണ് സർക്കാർ ഉത്തരവ് പ്രകാരം ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ എൺപത്തിനാലും ഇന്ത്യയിലായിരുന്നു! രണ്ടാം സ്ഥാനത്തുള്ള യുക്രെയ്നും മൂന്നാമതുള്ള ഇറാനുമെല്ലാം ബഹുദൂരം പിന്നിൽ. പരീക്ഷയിൽ കോപ്പിയടി തടയാൻ മുതൽ സംഘർഷമേഖലകളിൽ ക്രമസമാധാന പാലനത്തിനു വരെ ഇന്ത്യയിൽ ഇന്‍റർനെറ്റ് സേവനം മരവിപ്പിച്ചു. 84 തവണ ഷട്ട്ഡൗൺ ചെയ്തതിൽ 49 തവണയും ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായാണ്. രാജസ്ഥാനിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പർ ചോർന്ന് പ്രചരിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.

2019ൽ ജമ്മു കശ്മീരിൽ ആരംഭിച്ച ഇന്‍റർനെറ്റ് ഷട്ട്ഡൗൺ 552 ദിവസം ദീർഘിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. എന്നാൽ, കശ്മീർ പോലെ സ്ഫോടനാത്മക സാഹചര്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ മാത്രമല്ല ഇത് ഉപയോഗിപ്പെടുന്നതെന്ന് തുടർന്നുള്ള വർഷങ്ങളിൽ കണ്ടു. 2020, 2020, 2021 വർഷങ്ങളിലായി പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെയും കർഷക പ്രക്ഷോഭത്തെയുമെല്ലാം നേരിടാൻ ഇതേ മാർഗം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഈ വർഷമാദ്യം ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കുന്നതു തടയാൻ വരെ ഇന്‍റർനെറ്റ് കട്ട് ചെയ്യുക എന്ന വഴിയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഇപ്പോഴും തുടരുന്ന സംഘർഷം നേരിടാനും ഇന്‍റർനെറ്റ് കട്ട് ചെയ്യുന്നുണ്ട്. മേയിലാണ് ഇത് ഏറ്റവും കൂടുതലുണ്ടായത്.

സാമ്പത്തിക വശം

ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച്, രാജ്യത്ത് 76 കോടി ആളുകളാണ് 2022ൽ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരായുണ്ടായിരുന്നത്. രാജ്യത്തെ ജനസംഖ്യയുടെ പകുതി മാത്രമാണിതെങ്കിൽപ്പോലും (52 ശതമാനം), ഇന്‍റർനെറ്റ് നേരിട്ട് ഉപയോഗിക്കാത്തവരെയും ഷട്ട്ഡൗണുകൾ നേരിട്ടു ബാധിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഭക്ഷ്യ റേഷനും സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള പെൻഷനും മറ്റും വൈകാൻ ഇതു കാരണമാകും. ഫോൺ ഉപയോഗിച്ചുള്ള പണം കൈമാറ്റം രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞ സാഹചര്യത്തിൽ, ഇന്‍റർനെറ്റ് സേവനം നിലയ്ക്കുന്നത് വ്യാപാരികളിൽ ചെറുകിടക്കാരെയും വൻകിടക്കാരെയും ഒരുപോലെ ബാധിക്കും.

ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ 96 ശതമാനം പേരും മൊബൈൽ ഇന്‍റർനെറ്റിനെയാണ് ആശ്രയിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കുകളിൽ വ്യക്തമാണ്. അതിനാൽ തന്നെ ഇന്‍റർനെറ്റ് ഷട്ട്ഡൗണുകൾ പലരുടെയും ജീവനോപാധികളെ തന്നെ ബാധിക്കുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ വർഷത്തെ ഇന്‍റർനെറ്റ് ഷട്ട്ഡൗണുകൾ കാരണം ഇന്ത്യയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം 23,000 കോടി ഡോളറാണെന്ന് ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ കണക്കാക്കുന്നു.

മാധ്യമ സ്വാതന്ത്ര്യം

പ്രായോഗികതലത്തിൽനിന്ന് ധാർമികതലങ്ങളിലേക്കു പോയാൽ, ഇന്‍റർനെറ്റ് ഷട്ട്ഡൗണുകൾ രാജ്യത്തിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുണ്ടെന്നു കാണാം. ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയ്ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ 161ാം സ്ഥാനമാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് നൽകിയിട്ടുള്ളത്. ആകെ 180 രാജ്യങ്ങൾ മാത്രം ഉൾപ്പെടുന്ന റാങ്ക് പട്ടികയിലാണിതെന്നോർക്കണം.

മാധ്യമ സ്വാതന്ത്ര്യത്തിലെ കൈകടത്താലായും, വിവരാവകാശത്തിലെ വിലക്കായും, അഭിപ്രായ സ്വാതന്ത്ര്യത്തിലെ പ്രതിബന്ധമായുമെല്ലാമാണ് ഇന്‍റർനെറ്റ് ഷട്ട്ഡൗണുകളും വിലയിരുത്തപ്പെടുന്നത്. 2015 മുതലിങ്ങോട്ട് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളുടെ എണ്ണം 55,000 കടന്നു. കഴിഞ്ഞ വർഷം മാത്രം ഡിലീറ്റ് ചെയ്യിച്ച സമൂഹ മാധ്യമ പോസ്റ്റുകൾ ആറായിരത്തിനു മുകളിലാണ്.

ഫലപ്രാപ്തി

വ്യാജ വാർത്തകൾ പ്രചരിക്കാതിരിക്കാനെന്ന പേരിലാണ് പല സംഘർഷ മേഖലകളിലും ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചുവരുന്നത്. എന്നാൽ, ആളുകൾക്ക് യഥാർഥ വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവസരം നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും, ഊഹാപോഹങ്ങൾ കൂടുതലായി പ്രചരിക്കാനേ ഇതുപകരിക്കൂ എന്ന വാദവും നിലനിൽക്കുന്നു.

ക്രമസമാധാനം ഉറപ്പാക്കാൻ ഇന്‍റർനെറ്റ് ഷട്ട്ഡൗൺ സഹായിക്കുമെന്ന് ഒരു പഠനത്തിലും ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, വിപരീത ഫലം മാത്രമേ സൃഷ്ടിക്കൂ എന്ന് സ്റ്റാൻഫഡ് സെന്‍റർ ഫോർ ഡിജിറ്റൽ പോളിസി മുൻ അസോസിയേറ്റ് ഡയറക്റ്റർ യാൻ റൈജാക്ക് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടുതാനും.

2020ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതു പോലും അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നാണ്; അതും അനിശ്ചിതകാലത്തേക്കു പാടില്ല, മുൻകൂർ അറിയിപ്പു നൽകുകയും വേണം. പക്ഷേ, ഇതൊന്നും പാലിക്കപ്പെടാതെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന ലാഘവത്തോടെ സർക്കാരുകൾ ഇന്‍റർനെറ്റ് ഷട്ട്ഡൗണുകളുമായി മുന്നോട്ടുപൊയ്ക്കൊണ്ടേയിരിക്കുന്നു....

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com