രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവ്: പുതുപാത തെളിച്ച് കേരളം

ഇന്ത്യയിലെ മുന്‍നിര എഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുന്ന കേരളം ഈ മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്
international gen ai conclave kerala
രാജ്യാന്തര ജെന്‍ എഐ കോണ്‍ക്ലേവ്

പി. രാജീവ്, വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി

ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് സ്ഥാപിച്ച് വിവര സാങ്കേതികവിദ്യയില്‍ രാജ്യത്തിന് പുതുപാത തെളിച്ച കേരളം വീണ്ടും പുതിയൊരു ചരിത്ര ദൗത്യം ഏറ്റെടുക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍റെ യാത്രയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന ചുവടുവയ്പ്പായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകളും നൂതന വ്യവസായങ്ങളില്‍ അതിന്‍റെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന സമ്മേളനം കേരളത്തിലും രാജ്യത്തും നിര്‍മ്മിതബുദ്ധി വ്യവസായങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി മാറും.

ലോകം മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വ്യവസായങ്ങള്‍ വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന് ഏറെ പ്രസക്തിയുണ്ട്. നിര്‍മ്മിതബുദ്ധി വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യത്തെ ജെന്‍ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത്. നൂതന സാങ്കേതികവിദ്യാ സംരംഭങ്ങളില്‍ നിര്‍മ്മിത ബുദ്ധിയെക്കൂടി ഉപയോഗിക്കുന്നതിനും ആധുനീകരണത്തിനൊപ്പം നവീന സാങ്കേതിക വിദ്യകളെക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധത ഈ സമ്മേളനം ഊട്ടിയുറപ്പിക്കും.

വ്യവസായ പ്രമുഖര്‍, നയരൂപീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇന്നൊവേറ്റര്‍മാര്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാര്‍, അക്കാദമീഷ്യന്‍മാര്‍ തുടങ്ങിയവരുടെ ഒത്തുചേരലിന് സമ്മേളനം സാക്ഷ്യം വഹിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിസിനസ് സാങ്കേതിക വിദ്യയില്‍ നൈപുണ്യം, നെറ്റ് വര്‍ക്കിങ്ങ് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റം കൈവരിക്കുന്നതിനുള്ള വേദിയായി ഇത് മാറും. ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമായി കേരളത്തെ തെരഞ്ഞെടുത്ത വന്‍കിട കമ്പനികള്‍ക്കൊപ്പം സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍ എന്നിവയും കോണ്‍ക്ലേവിന്‍റെ ഭാഗമാകും.

ഇന്ത്യയിലെ മുന്‍നിര എഐ ഡെസ്റ്റിനേഷനായി അതിവേഗം മാറുന്ന കേരളം ഈ മേഖലയിലെ നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥയാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നൈപുണ്യമുള്ള മാനവ വിഭവവും കേരളത്തിന്‍റെ അനുകൂല ഘടകങ്ങളാണ്. 2023ലെ വ്യാവസായ നയത്തില്‍ എഐയെ പ്രത്യേക പ്രാധാന്യം നല്‍കേണ്ട മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാന ബജറ്റില്‍ അതിന് മുന്‍ഗണന നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, ബയോ ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്‍റസ്ട്രി 4.0 ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് കേരളത്തിന്‍റെ പുതിയ വ്യവസായ നയം ലക്ഷ്യമിടുന്നത്.

എഐ അധിഷ്ഠിത സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സംസ്ഥാനത്ത് മികച്ച സാഹചര്യമാണുള്ളത്. നിക്ഷേപ സബ്സിഡി, സംസ്ഥാന ജി എസ് ടി റീ ഇംബേഴ്സ്മെന്‍റ്, എം എസ് എം ഇകള്‍ക്കുള്ള അപ്രന്‍റീസ്ഷിപ്പ് പദ്ധതി, പ്രത്യേക ഗ്രാന്‍റുകള്‍, കുറഞ്ഞ പലിശനിരക്കുള്ള വായ്പകള്‍, നികുതിയിളവുകള്‍ എന്നിവയടക്കം 18 ഇന്‍സന്‍റീവുകളാണ് ഇതിനായി വാഗ്ദാനം ചെയ്യുന്നത്. സാഫ്രാന്‍, അത്താച്ചി, ഐവിഎം, ഡി സ്പേസ്, കോങ്സ്ബെര്‍ഗ്, വെന്‍ഷ്വര്‍ പോലുള്ള ആഗോള പ്രമുഖര്‍ സംസ്ഥാനത്ത് നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.

മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിന്‍റേത്. 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് 2023 അവസാനം വരെ 18 മാസത്തിനുള്ളില്‍ 1.7 ബില്യണ്‍ ഡോളര്‍ മൂല്യമാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത്. ഈ കാലയളവിലെ ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്. എഐ മേഖലയില്‍ 200ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് പ്രാഗത്ഭ്യം തെളിയിക്കാനും ആഗോള തലത്തിലെ മുന്നേറ്റങ്ങളും മാറ്റങ്ങളും അടുത്തറിയാനും ഉപദേശകരെയും നിക്ഷേപകരെയും കണ്ടെത്താനും മികച്ച അവസരമായിരിക്കും ഈ കോണ്‍ക്ലേവ്.

വിദ്യാഭ്യാസ മേഖലയില്‍ എഐ അധിഷ്ഠിത കോഴ്സുകളും ഗവേഷണങ്ങളും നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എഐ, റോബോട്ടിക്സ്, മെഷീന്‍ ലേണിങ്ങ് കോഴ്സുകളുള്ള ഇരുപതോളം കോളേജുകള്‍ കേരളത്തിലുണ്ട്. എഐ, കോഡിങ്ങ് എന്നിവ ചെറിയ പ്രായത്തില്‍ തന്നെ പഠിപ്പിക്കുന്നതിലും സംസ്ഥാനം മുന്നിലാണ്. ഒന്നാം ക്ലാസ് മുതല്‍ പാഠ്യപദ്ധതിയില്‍ ഐടി കോഡിങ്ങ് പരിചയപ്പെടുത്തിയ ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്. ക്ലാസ് മുറികളില്‍ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായി 80,000 സെക്കന്‍ററി സ്കൂള്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുള്ള വിപുലമായ പരിപാടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എം എസ് എം ഇ മേഖല വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എഐ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് എം എസ് എം ഇ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപണി വിപുലീകരിക്കുന്നതിനും സഹായിക്കും. കാര്‍ഷിക മേഖലയില്‍ എഐ സേവനങ്ങള്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമാണ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ തെരഞ്ഞെടുക്കുന്നതിനും കീടങ്ങളില്‍ നിന്ന് വിളകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനുമെല്ലാം എഐ സാധ്യതകള്‍ കേരളത്തില്‍ ഉപയോഗിച്ചുവരുന്നു.

ലോകത്തിലെ മികച്ച എഐ പ്രതിഭകളുള്ള മൂന്നാമത്തെ ടാലന്‍റ് പൂളാകാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്ന് ഗ്ലോബര്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏത് സാങ്കേതിക വിദ്യയേയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. ബിസിനസ് സേവനങ്ങളും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് എഐ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനു പുറമെ കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യ വെല്ലുവിളികള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയ വലിയ ആശങ്കകള്‍ പരിഹരിക്കാനും എഐ പ്രയോജനപ്പെടുത്താം. കേരളത്തെ രാജ്യത്തെ എഐ ഹബ്ബ് ആക്കിമാറ്റുന്നതിന് ജെന്‍ എഐ കോണ്‍ക്ലേവ് തുടക്കം കുറിക്കും.

Trending

No stories found.

Latest News

No stories found.