ഡോ. ജിതേന്ദ്ര സിങ്, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സഹമന്ത്രി.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2035ൽ
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അഭിലാഷപൂര്‍ണമായ ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണായക നിമിഷമാകാന്‍ ഒരുങ്ങുകയാണ് ഗഗന്‍യാന്‍. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള രാജ്യത്തിന്‍റെ ശേഷി ഊട്ടിയുറപ്പിക്കുകയും ഭൂമിക്ക് ഗുണപ്രദമാം വിധം ശാസ്ത്ര ജ്ഞാനം പ്രയോഗികതയിലേക്ക് വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ദൗത്യമെന്ന് ഡോ. ജിതേന്ദ്ര സിങ്.
ഇന്ത്യയുടെ ബഹിരാകാശ ഭാവിയില്‍ ഗഗന്‍യാന്‍ വഹിക്കുന്ന ഏറ്റവും വലിയ പങ്ക് എന്തായിരിക്കും?
ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ ഈ വസ്തുത അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നാം ഇനി ആരുടെയും താഴെയല്ല, മറിച്ച് അന്താരാഷ്ട്ര സഹകരണത്തില്‍ തുല്യ പങ്കാളിത്തമുള്ള രാജ്യമാണ്. ഗഗന്‍യാന്‍ ദൗത്യം മറ്റൊരു നിര്‍ണായക മുഹൂര്‍ത്തത്തെ അടയാളപ്പെടുത്തും. മനുഷ്യന്‍റെ ബഹിരാകാശ യാത്രയില്‍ ഇന്ത്യയുടെ ശേഷി ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നതിനോടൊപ്പം നമ്മുടെ ശാസ്ത്ര ജ്ഞാനം വികസിപ്പിക്കുകയും ചെയ്യും. മൈക്രോഗ്രാവിറ്റി, കൃഷി, ജീവശാസ്ത്രം എന്നീ മേഖലകളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ല നടത്തിയ പരീക്ഷണങ്ങള്‍ക്കൊപ്പം, ഭൂമിയിലെ പ്രയോഗികതയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ദൗത്യം നല്‍കും. അടിസ്ഥാന സൗകര്യങ്ങള്‍, വികസനം, ജീവിത സൗകര്യങ്ങള്‍ എന്നിവയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുന്നതിനോടൊപ്പം, ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ത്തും.
ശുക്ലയെപ്പോലുള്ള യുവ ബഹിരാകാശയാത്രികരുടെ ആഗമനത്തോടെ, മനുഷ്യ ബഹിരാകാശ യാത്രയെ രൂപപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക് എത്രത്തോളം നിര്‍ണായകമാകും?
ബഹിരാകാശം ഉള്‍പ്പെടെ സമസ്ത മേഖലകളിലെയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് യുവാക്കളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. നമ്മുടെ ജനസംഖ്യയുടെ 70 ശതമാനത്തിലധികവും 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതിനാല്‍ സ്വാഭാവികമായും, അവര്‍ വികസിത ഭാരതത്തിന്‍റെ ദീപശിഖാ വാഹകരാണ്. ബഹിരാകാശ യാത്രയില്‍, ശാരീരികവും മാനസികവുമായ തയ്യാറെടുപ്പും പൊരുത്തപ്പെടുത്തലും ആവശ്യമായതിനാലാണ് യുവാക്കള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. ഉദാഹരണത്തിന്, ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനം സിദ്ധിച്ച നാല് ബഹിരാകാശയാത്രികരില്‍, ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ശുഭാംശു. അതൊരു നേട്ടമായിരുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ദ്രുതഗതിയില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നത് പ്രധാനമാണ്. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഇത് കൈകാര്യം ചെയ്യാന്‍ കഴിയും.
ശാസ്ത്രജ്ഞര്‍ക്കും എൻജിനീയര്‍മാര്‍ക്കും വനിതാ ബഹിരാകാശയാത്രികര്‍ക്കുമായി ഗഗന്‍യാന്‍റെ വാതിലുകള്‍ തുറക്കപ്പെടുമെന്ന് അങ്ങ് കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ബഹിരാകാശ മേഖലയില്‍ പുരുഷന്മാരും വനിതകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. 2018 ഓഗസ്റ്റ് 15 ന് ഇദംപ്രഥമമായി ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചു കൊണ്ട്, ഭാരതത്തിന്‍റെ പുത്രീപുത്രന്മാരില്‍ ഒരാള്‍ (ഭാരത് കാ ഏക് ബേട്ടാ യാ ബേട്ടി) ബഹിരാകാശത്തേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിലവില്‍, തിരഞ്ഞെടുത്ത നാല് ബഹിരാകാശയാത്രികരും വ്യോമസേനയില്‍ നിന്നുള്ള പുരുഷന്മാരാണ്. കാരണം അവര്‍ക്ക് ഉയര്‍ന്ന പരിശീലനം സിദ്ധിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍, വനിതകള്‍ ഉള്‍പ്പെടെ സേനയ്ക്ക് പുറത്തുള്ള ബഹിരാകാശയാത്രികരെയും നമുക്ക് കാണാന്‍ കഴിയും. ആഗോളതലത്തില്‍, ബഹിരാകാശ പര്യവേഷണത്തില്‍ വനിതകള്‍ മുന്‍പന്തിയിലാണ്. ഇന്ത്യയില്‍ പോലും, ചന്ദ്രയാന്‍, ആദിത്യ അടക്കമുള്ള, ഒട്ടേറെ ഐഎസ്ആര്‍ഒ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയത് വനിതാ ശാസ്ത്രജ്ഞരാണ്.
ഗഗന്‍യാന്‍ അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങളില്‍ പങ്ക് ചേരാന്‍ ഇന്ത്യയ്ക്ക് വഴിയൊരുക്കുമെന്നാണോ അതോ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നാണോ?
2035 ഓടെ ഇന്ത്യ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ദേശസുരക്ഷയില്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ സുപ്രധാന പങ്ക് വെളിവാക്കുന്ന "സുദര്‍ശന്‍ സുരക്ഷാ ചക്ര"ത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. അതിനാല്‍, 2035 ഒരു നാഴികക്കല്ലായിരിക്കും.... അത് കഴിഞ്ഞാല്‍ കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷം, മനുഷ്യരെ ഉള്‍പ്പെടുത്തി ചന്ദ്രോപരിതലത്തിലേക്ക് ദൗത്യങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
സെമികണ്ടക്റ്റര്‍, എഐ സാങ്കേതികവിദ്യകളില്‍ ഇന്ത്യ മുന്നേറുന്നതോടെ, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ പോലുള്ള പദ്ധതികള്‍ക്ക് വേണ്ടി വരുന്ന ബഹിരാകാശ-യുക്ത ആവശ്യങ്ങളുമായി സര്‍ക്കാര്‍ സെമികണ്ടക്റ്റര്‍ ദൗത്യത്തെ എങ്ങനെയാണ് ബന്ധിപ്പിക്കുന്നത്?
ബഹിരാകാശ ദൗത്യങ്ങള്‍ ഉള്‍പ്പെടെ, അര്‍ദ്ധചാലകങ്ങള്‍ക്ക് വിപുലമായ ഉപയോഗങ്ങള്‍ ഉണ്ടാകും. അതുപോലെ, ഭൂമിയിലെ നിബിഡവും അപ്രാപ്യവുമായ പ്രദേശങ്ങളില്‍ മാത്രമല്ല, ദീര്‍ഘകാല ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍ അത്യന്താപേക്ഷിതമായിരിക്കും. ബഹിരാകാശ നിലയം പോലുള്ള ഭാവി പദ്ധതികള്‍ നിലനിര്‍ത്തുന്നതിലും ഈ സാങ്കേതികവിദ്യകള്‍ നിര്‍ണായകമാകും.
ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഉള്ള ദൗത്യങ്ങളില്‍ ഇന്ത്യന്‍ ബഹിരാകാശയാത്രികര്‍ എത്തരത്തിലുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് കാണാനാണ് അങ്ങ് ആഗ്രഹിക്കുന്നത്?
സമീപകാല ദൗത്യത്തില്‍, പരീക്ഷണങ്ങളെ ഏഴ് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഇതില്‍ ജീവശാസ്ത്ര ശാഖ വിശിഷ്യാ പ്രാധാന്യം നല്‍കി. ഉദാഹരണത്തിന്, മൈക്രോഗ്രാവിറ്റിയിലെ പേശി ക്ഷയം, പുനരുജ്ജീവനം എന്നിവയെക്കുറിച്ചുള്ള പഠനമായ മയോജെനെസിസ്, കാന്‍സര്‍, പ്രമേഹം, ഭൂമിയില്‍ വെച്ചുണ്ടാകുന്ന ഒടിവുകളില്‍ നിന്നുള്ള മുക്തി അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രസക്തമാണ്. ദീര്‍ഘകാലീന സ്ക്രീന്‍ എക്സ്പോഷറിന്‍റെ വൈജ്ഞാനിക ഫലങ്ങളെക്കുറിച്ചുള്ള പഠനവും പ്രാധാന്യമര്‍ഹിക്കുന്നു. ഇത് സമകാലിക ഡിജിറ്റല്‍ യുഗത്തില്‍ വളരെ പ്രസക്തമാണ്. പുനരുജ്ജീവന ജീവശാസ്ത്രത്തിലും ജനിതക ആപ്ലിക്കഷനുകളിലും ഗവേഷണത്തിന് സഹായകമാകും വിധം, ഉലുവ പോലുള്ള ചെടികള്‍ മൈക്രോഗ്രാവിറ്റിയില്‍ വളര്‍ത്തുന്നത് സംബന്ധിച്ചും പരീക്ഷണം നടത്തി.
പ്രധാന കാര്യം, ബഹിരാകാശ പരീക്ഷണങ്ങള്‍ ഭ്രമണപഥത്തിലെത്തുന്ന ബഹിരാകാശയാത്രികര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നതാണ്. അവ ഭൂമിയിലെ ആളുകള്‍ക്കും ഗുണം ചെയ്യുന്നു. കൂടാതെ 'വിശ്വഗുരു ഭാരതം' എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു.
സ്പേഡ് എക്സിനു ശേഷം, ആഗോള ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സ്പേസ് ഡോക്കിംഗും സാറ്റലൈറ്റ് സര്‍വീസിംഗും മുഖേന ഇന്ത്യ ധനസമ്പാദനം ആരംഭിക്കുന്നത് എപ്പോഴാണ്?
സ്പേഡ് എക്സ് വഴി ഡോക്കിങ്ങിലും അണ്‍ഡോക്കിങ്ങിലും ഉള്ള അനുഭവങ്ങള്‍ നാം ഇതിനോടകം സ്വാംശീകരിക്കാന്‍ തുടങ്ങി. 2028 ഓടെ പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍-4 ദൗത്യത്തില്‍ സങ്കീര്‍ണമായ ഡോക്കിങ്, അണ്‍ഡോക്കിങ് പ്രക്രിയകള്‍ നടത്തുന്ന ഒന്നിലധികം മൊഡ്യൂളുകള്‍ ഉള്‍പ്പെടും. ബഹിരാകാശ നിലയം പോലുള്ള വലിയ പദ്ധതികള്‍ക്ക് ആവശ്യമായ വൈദഗ്ദ്ധ്യം ഇത് നമുക്ക് പ്രദാനം ചെയ്യും. ബഹിരാകാശ വിനോദസഞ്ചാരം പ്രായോഗികമാകുമ്പോള്‍, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഡോക്കിങ് സാങ്കേതികവിദ്യയും നിര്‍ണായകമാകും. കാലക്രമേണ, ആഗോള ഉപയോക്താക്കള്‍ക്കായി ഇന്ത്യ ഡോക്കിങ്, സര്‍വീസിങ്, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ധനസമ്പാദനം തീര്‍ച്ചയായും സാധ്യമാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. അത്തരം സഹകരണങ്ങളില്‍ ദേശസുരക്ഷ എങ്ങനെ ഉറപ്പാക്കും?
സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ബഹിരാകാശത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തെ നിയന്ത്രിക്കുന്ന കചടജഅഇഋ (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍റര്‍) നാം രുപീകരിച്ചിട്ടുണ്ട്. ഇത് സഹകരണത്തിന്‍റെ വ്യാപ്തിയും സ്വഭാവവും നിര്‍ണയിക്കുന്നു. സുരക്ഷാ പരിഗണനകള്‍ പൂര്‍ണമായും പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഒപ്പം, നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് നാം ഈ മേഖലയെ ഉദാരവത്ക്കരിച്ചു. നിയന്ത്രണത്തിന്‍റെയും സുതാര്യതയുടെയും ഈ സന്തുലിതാവസ്ഥ ദേശീയ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
1,000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് അനുവദിച്ചു, പക്ഷേ കഴിഞ്ഞ വര്‍ഷം ബഹിരാകാശ സാങ്കേതിക ധനസഹായം കുറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ ഈ ഫണ്ട് എങ്ങനെ പിന്തുണയ്ക്കും?
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ബഹിരാകാശത്തെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ഇന്ന് അവയുടെ എണ്ണം ഏകദേശം 400 കടന്നിരിക്കുന്നു. ചിലതെല്ലാം ഇതൊനോടകം വിജയകരമായ സംരംഭകരായി മാറിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുക മാത്രമല്ല, മാപ്പിംഗ്, സ്മാര്‍ട്ട് സിറ്റികള്‍, കൃഷി, ടെലിമെഡിസിന്‍, വാര്‍ത്താ വിനിമയം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നു.
അവര്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാനാണ് ഈ ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹിരാകാശ മേഖല ലാഭകരമായ ഒരു കരിയര്‍ ഓപ്ഷനായി വളരെപ്പെട്ടെന്ന് മാറിയിരിക്കുന്നു. ഒരുകാലത്ത് ഒരു സവിശേഷ മേഖലയായിരുന്ന എയ്റോസ്പേസ് എൻജിനീയറിംഗ് ഇപ്പോള്‍ ഐഐടികളില്‍ ഏറ്റവും കൂടുതല്‍ പേര് ആവശ്യപ്പെടുന്ന ശാഖകളില്‍ ഒന്നാണ്. ആ മാറ്റം തന്നെ ഈ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ വെളിവാക്കുന്നു.
2033 ഓടെ ആഗോള ബഹിരാകാശ വിപണിയുടെ 8 ശതമാനം ഇന്ത്യ ലക്ഷ്യമിടുന്നു. ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കപ്പുറം, സ്പേസ് എക്സുമായും ചൈനയുമായും മത്സരിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ എന്തൊക്കെയാണ്?
റോക്കറ്റുകളിലും വിക്ഷേപണങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ബഹിരാകാശ പരീക്ഷണങ്ങളിലെ പകുതിയോളം പ്രായോഗിക ആപ്ലിക്കേഷനുകള്‍ ഭൂമിയിലാണ്. കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, യുദ്ധം എന്നിവയില്‍ പോലും ബഹിരാകാശ സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി എടുക്കുക; സമയം, പണം, കടലാസ് ജോലികള്‍ എന്നിവ ലാഭിക്കാന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് നേരിട്ട് സംഭാവന നല്‍കുന്നു. അതുപോലെ, വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനുമുള്ള സമയം തീരുമാനിക്കാന്‍ വരെ ബഹിരാകാശ സാങ്കേതിക വിദ്യ കര്‍ഷകരെ സഹായിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ലാഭം സമ്പത്ത് ഉത്പാദനം പോലെ വിലപ്പെട്ടതാണ്. അതുകൊണ്ടാണ് നിലവില്‍ 8 ബില്യണ്‍ ഡോളറിനടുത്തുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ അടുത്ത ദശകത്തില്‍ അഞ്ച് മടങ്ങ് വളര്‍ന്ന് 4045 ബില്യണ്‍ ഡോളറിലെത്തുമെന്ന് നാം പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയെ ആഗോള റാങ്കിംഗില്‍ മുന്നേറാന്‍ സഹായിക്കും.
വ്യോമസേന പൈലറ്റുമാരെ മാത്രമല്ല, സാധാരണക്കാരെയും ഇന്ത്യയുടെ ബഹിരാകാശ യാത്രാ സംഘത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുമോ?
തീര്‍ച്ചയായും. ഉയരത്തില്‍ പറക്കുന്ന ജെറ്റുകളിലെ പരിശീലനം മൂലം ഇപ്പോള്‍ വ്യോമസേന പൈലറ്റുമാര്‍ കൂടുതല്‍ സജ്ജരാണ്. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണ്. ഭാവി ദൗത്യങ്ങളില്‍ സാധാരണ പൗരന്മാര്‍, വനിതകള്‍, ജൈവ സാങ്കേതിക വിദഗ്ദ്ധര്‍, ബഹിരാകാശ ഡോക്ടര്‍മാര്‍, മാധ്യമ പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബഹിരാകാശ യാത്രാ സംഘം വിപുലീകരിക്കും. ബഹിരാകാശ ആവാസവ്യവസ്ഥ വളരുന്നതിനനുസരിച്ച്, ഇന്ത്യയുടെ അഭിലാഷ പദ്ധതികള്‍ നിറവേറ്റുന്നതിന് വലുതും വൈവിധ്യപൂര്‍ണവുമായ ഒരു ബഹിരാകാശ യാത്രാ സംഘം ആവശ്യമായി വരും.