

പ്രതീകാത്മക ചിത്രം
ചെന്നൈ: 2029ഓടെ ഇന്ത്യയിൽ നാല് വിക്ഷേപണത്തറകൾ പ്രവർത്തനസജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. രാജ്യത്തിന്റെ ബഹിരാകാശ പ്രവർത്തനങ്ങൾ ഗണ്യമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ സർവകലാശാലയിൽ നടന്ന ബിരുദദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ ഉപഗ്രഹ വിക്ഷേപണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് 2,000 ഏക്കറിൽ പ്രത്യേക ചെറു ഉപഗ്രഹ വിക്ഷേപണ വാഹന (എസ്എസ്എൽവി) സമുച്ചയം സ്ഥാപിക്കും. ഉപഗ്രഹ വിക്ഷേപണ രംഗത്തെ ആഗോള ആവശ്യങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യം.
ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയ നാരായണൻ, എന്നാൽ ആഗോളതലത്തിലും ആഭ്യന്തരതലത്തിലും ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ആവശ്യമായി വരുന്ന സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. സ്വകാര്യ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക പിന്തുണ നൽകുകയും വൈദഗ്ധ്യം കൈമാറുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്കും ആയിരക്കണക്കിന് ഉയർന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഐഎസ്ആർഒ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുലശേഖരപട്ടണത്തെ പുതിയ ബഹിരാകാശ കേന്ദ്രത്തിൽ ഉപഗ്രഹങ്ങളുടെ സംയോജനത്തിനുള്ള കെട്ടിടങ്ങൾ, വിക്ഷേപണത്തറകൾ, റെയ്ൽപാതാ സംവിധാനങ്ങൾ, ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടാകും.
ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണം അടുത്ത രണ്ട് മാസത്തിനുള്ളിൽ നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതിയെന്ന് നാരായണൻ പറഞ്ഞു. മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ദൗത്യത്തിന് മുൻപ് രണ്ട് ആളില്ലാ പരീക്ഷണങ്ങൾ കൂടി നടത്തും. പരിസ്ഥിതി നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, യാത്രികരെ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങൾ, വിവിധ മർദം, താപനില, ഈർപ്പം എന്നിവയിലുള്ള മൊഡ്യൂളിന്റെ പ്രവർത്തനം തുടങ്ങിയവ പരീക്ഷണങ്ങളിലൂടെ വിലയിരുത്തും. ഗഗൻയാൻ ദൗത്യത്തിനായി ഭൂമിയിൽ ഏകദേശം 8,000 പരീക്ഷണങ്ങൾ വിജയകരമായി നടത്തിയതായും നാല് നിയുക്ത ബഹിരാകാശ യാത്രികർ പ്രത്യേക പരിശീലനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്റെ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് ചന്ദ്രയാൻ-5 ദൗത്യം നടപ്പാക്കാനും പദ്ധതിയുണ്ടെന്ന് നാരായണൻ വെളിപ്പെടുത്തി. 350 കിലോഗ്രാം ഭാരമുള്ള റോവർ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ 100 ദിവസം പരീക്ഷണങ്ങൾ നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.