ട്വിറ്റർ മുതൽ എക്സ് വരെ; ഇലോൺ മസ്കിന്‍റെ ഒരു വർഷം

എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു എവരിതിങ് ആപ്പ് എന്ന ആശയത്തിലേക്കാണ് മസ്ക് ട്വിറ്ററിനെ നയിച്ചത്. പക്ഷേ അതിപ്പോഴും, ഒരു വർഷത്തിനു ശേഷം വ്യക്തതയില്ലാതെ അവശേഷിക്കുന്നുവെന്നു മാത്രം.
ഇലോൺ മസ്ക്
ഇലോൺ മസ്ക്

സാൻ ഫ്രാൻസിസ്കോ: ഒരു വർഷം മുൻപ് സാൻ ഫ്രാൻസിസ്കോയിലുള്ള ട്വിറ്ററിന്‍റെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈയിൽ ഒരു വെളുത്ത വാഷ് ബേസിനും ചുണ്ടിൽ പരിഹാസച്ചിരിയുമായി ശതകോടീശ്വരനായ ഇലോൺ മസ്ക് കയറി വന്നത്. എത്തിയതിനു പുറകേ ട്വിറ്ററിന്‍റെ സിഇഒയെയും മറ്റു എക്സിക്യൂട്ടീവ് ഓഫിസർമാരെയും പിരിച്ചു വിട്ടു. സമൂഹമാധ്യമ മേഖലയെ അടക്കി വാണിരുന്ന ട്വിറ്ററിന്‍റെ എക്സിലേക്കുള്ള മാറ്റം അവിടം മുതലാണ് തുടങ്ങിയത്.

എക്സ് ഇപ്പോഴും ഏറെക്കുറെ ട്വിറ്ററിന് സമാനമാണ്. പക്ഷേ കുറച്ചധികം സമയം എക്സിൽ ചിലവഴിച്ചവർക്കറിയാം പഴയ ട്വിറ്ററിന്‍റെ നിഴൽ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളൂ എന്ന്. പേരും, പേരിനൊപ്പമുള്ള നീലക്കിളിയും വേരിഫിക്കേഷൻ സിസ്റ്റവും അടക്കം ട്വിറ്ററിന്‍റെ സ്വന്തം ഫീച്ചറുകളെല്ലാം തന്നെ മസ്ക് നിഷ്കരുണം എടുത്തു മാറ്റിക്കളഞ്ഞു. അതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുറവുമുണ്ടായി.

2022ലെ ഒക്റ്റോബർ 27ന് 44 ബില്യൺ ഡോളർ നൽകിയാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ട്വിറ്റർ ഏറ്റെടുത്തതിനു പുറകേ നിരവധി പേരെയാണ് മസ്ക് പിരിച്ചു വിട്ടത്. മൈക്രോബ്ലോഗിങ് സൈറ്റിലെത്തുന്ന ആശയങ്ങളെ നിയന്ത്രിക്കുന്നതിനും വെറുപ്പു നിറഞ്ഞ ആശയങ്ങളും പരാമർശങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനുമായി ഉണ്ടായിരുന്ന ജീവനക്കാരാണ് പിരിച്ചു വിട്ടവരിൽ ഭൂരിപക്ഷവും.

ലോകത്തെന്തു നടക്കുന്നുവെന്നുള്ളത് മനസിലാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ് ഫോം എന്ന ട്വിറ്ററിന്‍റെ റോൾ അതോടെ അവസാനിച്ചു. എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു എവരിതിങ് ആപ്പ് എന്ന ആശയത്തിലേക്കാണ് മസ്ക് ട്വിറ്ററിനെ നയിച്ചത്. പക്ഷേ അതിപ്പോഴും, ഒരു വർഷത്തിനു ശേഷം വ്യക്തതയില്ലാതെ അവശേഷിക്കുന്നുവെന്നു മാത്രം. ഏറ്റെടുത്തതിനു ശേഷം ഈ പ്ലാറ്റ്ഫോമിൽ എന്തെങ്കിലും അർഥവത്തായ പുരോഗതി ഉണ്ടാക്കാൻ മസ്കിനു കഴിഞ്ഞിട്ടില്ലെന്ന് ഇൻസൈഡർ ഇന്‍റലിജൻസ് അനലിസ്റ്റ് ജാസ്മിൻ എൻബെർഗ് പറയുന്നു. അതു മാത്രമല്ല ഉപയോക്താക്കളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നുമെല്ലാം പ്ലാറ്റ്ഫോം അകലുകയും ചെയ്തു. ഇപ്പോൾ വാർത്തകളുടെ ഒരു കേന്ദ്രം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ട്വിറ്ററിനുണ്ടായ പ്രഥമസ്ഥാനവും ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്.

നീല വേരിഫിക്കേഷൻ അടയാളം പണം നൽകി സ്വന്തമാക്കാമെന്ന അവസ്ഥ വന്നതോടെ തെറ്റായ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ കുമിഞ്ഞു കൂടുകയാണ്. മാസം എട്ട് ഡോളർ വീതമാണ് നീല അടയാളത്തിനായി മസ്ക് ഈടാക്കുന്നത്.

ഇത്രയൊക്കെ ചെയ്തിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും മസ്ക് പറയുന്നു. പരസ്യവരുമാനത്തോളം അമ്പതു ശതമാനത്തോളം ഇടിവും അതിനൊപ്പം വൻ കടബാധ്യതയുമുണ്ടെന്നാണ് കഴിഞ്ഞ ജൂലൈ 14ന് മസ്ക് കുറിച്ചത്. അതിനു പുറകേ മേയിൽ എൻബിസിയുടെ മുൻ എക്സിക്യൂട്ടീവ് ലിൻഡ യക്കാറിനോയെ മസ്ക് ട്വിറ്ററിൽ നിയമിച്ചു. കൈവിട്ടു പോയ പരസ്യദാതാക്കളിൽ പലരും മടങ്ങി വന്നെങ്കിലും പഴയതു പോലെ പണം നൽകാൻ ആരും തയാറല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com